
നിലമ്പൂരിലെ അങ്കം അടുത്തുകൊണ്ടിരിക്കുന്നു. സ്വയമേ ജയിക്കുക എന്നതിനപ്പുറം ഇടതുപക്ഷത്തെ എങ്ങനെ തകര്‍ക്കാം എന്നതു മാത്രമാണ് ഓരോ പാര്‍ട്ടിയുടേയും തലപുകഞ്ഞ ആലോചന. ജനവികാരമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫിനെ അങ്ങനെ അങ്ങ് താഴ്ത്താന്‍ ജനങ്ങള്‍ അനുവദിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. അതെ, ചേരേണ്ടവരാണ് ചേര്‍ന്നിരിക്കുന്നത്. അവരുടെ പടപ്പുറപ്പാടുകളൊന്നും ഇടതുപക്ഷത്തെ, നമ്മുടെ സര്‍ക്കാരിനെ തളര്‍ത്താന്‍ പോകുന്നില്ല. അവരുടെ പ്രവര്‍ത്തനങ്ങളൊന്നും ഒരു തരത്തിലും എല്‍ഡിഎഫിനെ ബാധിക്കാന്‍ പോണില്ല.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ ഒന്നിനുപിന്നാലെ ഓരോ തന്ത്രവും കുതന്ത്രവുമായിട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ ഇറങ്ങുന്നുണ്ടെങ്കിലും അതെല്ലാം അവര്‍ക്ക് തന്നെ വിനയാകുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. ഇപ്പോഴിതാ, ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടിയും നിലമ്പൂരില്‍ യു ഡി എഫിനെ പിന്തുണക്കാന്‍ ഇറങ്ങിയിരിക്കുന്നു. യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ജമാഅത്തെ ഇസ്ലാമിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ ഇപ്പോള്‍, അതായത് തെരഞ്ഞെടുപ്പിന്റെ സമയത്ത് പ്രസക്തമല്ലെന്നാണ് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറയുന്നത്.
ALSO READ: നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടി
യു ഡി എഫില്‍ അസോസിയേറ്റ് അംഗമാക്കണമെന്ന വ്യവസ്ഥയിലാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന നിലപാടായിരുന്നു ജമാഅത്തെ ഇസ്ലാമിക്കുണ്ടായിരുന്നത്. അത് നടപ്പിലാകാതെ വന്നതോടെ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ഷൗക്കത്തിനെ, യുഡിഎഫിനെ പിന്തുണയ്ക്കുക എന്നതാണ് പുതിതായി കണ്ടെത്തിയിരിക്കുന്ന വഴി. ഇടതുപക്ഷ സര്‍ക്കാരിനോടുള്ള വിയോജിപ്പുമാത്രമാണ് വെല്‍ഫെയര്‍ പാര്‍ട്ടി യു ഡി എഫിനെ പിന്തുണയ്ക്കുന്നതിന് കാരണം. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദത്തെ ശക്തിയുക്തം എതിര്‍ക്കുന്ന മുന്നണിയാണ് എല്‍ ഡി എഫും സി പി ഐ എമ്മും.
പിന്തുണ നല്‍കുന്നതോടെ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയകക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് യുഡിഎഫില്‍ അസോസിയേറ്റ് അംഗത്വം നല്‍കും. പ്രത്യുപകാരമായിട്ടു തന്നെയാണ് അസോസിയേറ്റ് അംഗത്വം. പി വി അന്‍വര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും അംഗത്വം നിഷേധിച്ച വി ഡി സതീശനാണ് ജമാഅത്തെയുമായുള്ള ധാരണയ്ക്ക് മുന്‍കൈയെടുത്തതെന്നതാണ് മറ്റൊരുകാര്യം. സംഘപരിവാറിന്റെ ഇസ്ലാംപതിപ്പായി അറിയപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയുടെ ആശയാടിത്തറ മതമൗലികവാദവും വര്‍ഗീയതയും മാത്രമാണ്. ഇതേച്ചൊല്ലിയുള്ള ഭിന്നത നിലമ്പൂര്‍ ഫലത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കിയ വാഗ്ദാനം പരസ്യപ്പെടുത്താത്തതും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here