ജനകീയ പ്രതിരോധ ജാഥ ഇന്ന് തലസ്ഥാനത്ത്

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് തലസ്ഥാന ജില്ലയില്‍ പ്രവേശിക്കും. വൈകിട്ട് ജില്ലയില്‍ പ്രവേശിക്കുന്ന ജാഥയെ മുക്കടയില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി വി ജോയിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും.

ആഗോളവത്ക്കരക്കാലത്തെ ബദല്‍ മോഡലായ കേരള സര്‍ക്കാരിനെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കങ്ങള്‍, വികസനം അട്ടിമറിക്കാന്‍ ബിജെപിക്കൊപ്പം ചേരുന്ന പ്രതിപക്ഷം, തുടങ്ങിയവ തുറന്നുകാട്ടിയും ജനങ്ങളുമായി സംവദിച്ചുമാണ് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ മുന്നേറുന്നത്.

13 ജില്ലകളിലെ 126 മണ്ഡലങ്ങള്‍ കടന്ന് ജാഥ ഇന്ന് തലസ്ഥാന ജില്ലയിലേക്ക് പ്രവേശിക്കുകയാണ്. മുഴുവന്‍ സ്വീകരണ കേന്ദ്രങ്ങളിലും ജനകീയ കലാകാരന്‍മാരുടെ കലാപരിപാടികള്‍, ഒപ്പം പ്രദേശിക കലാരൂപങ്ങളും വേദിയില്‍ അരങ്ങേറും. ഇന്ന് വൈകിട്ട് വര്‍ക്കല മൈതാനത്തും, മംഗലപുരത്തുമാണ് സ്വീകരണം.

നാളെ വെഞ്ഞാറമൂട്, നെടുമങ്ങാട്, ആര്യനാട്, പേയാട് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. സമാപന ദിവസമായ പതിനെട്ടിന് പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം, വട്ടിയൂര്‍ക്കാവ് എന്നിവടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി പുത്തരിക്കണ്ടം മൈതാനിയിലാണ് സമാപന സമ്മേളനം. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here