
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പേര് മാറ്റം എന്തിനാണെന്ന് സെൻസർ ബോർഡ് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ സെൻസറിങ്ങിനായി വ്യാഴാഴ്ച റിവ്യൂ കമ്മിറ്റി സിനിമ കാണും. സെൻസറിങ് വിഷയത്തിൽ അണിയറ പ്രവർത്തകർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
സെൻസറിങിനായി ജൂൺ18 നാണ് റീജിയണൽ സെൻസർ ബോർഡ് അംഗങ്ങൾ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമ കണ്ടത്. 13 വയസിനു മുകളിൽ പ്രായമുള്ളവർക്കുള്ള യു എ കാറ്റഗറിയിൽ ഉൾപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകാമെന്ന് സെൻസർ ബോർഡ് നിർമാതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. സെൻസർ സർട്ടിഫിക്കറ്റിനായി കാത്തിരിക്കുന്നതിനിടെയാണ് സിനിമയുടെ ജാനകി എന്ന ടൈറ്റിലും കഥാപാത്രത്തിൻ്റെ പേരും മാറ്റണമെന്ന് റീജണൽ സെൻസർ ഓഫീസർ നിർമ്മാതാവിനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടത്. പുരാണവുമായി യാതൊരു ബന്ധവും സിനിമക്കില്ലെന്നും എന്തുകൊണ്ടാണ് പേരുമാറ്റം ആവശ്യപ്പെടുന്നത് എന്ന് സെൻസർ ബോർഡ് വ്യക്തമാക്കിയിട്ടില്ലെന്നും സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു.
സെൻസർ സർട്ടിഫിക്കറ്റോ ഷോകോസ് നോട്ടീസോ നൽകാതെ സിനിമയുടെ റിലീസിങ് സെൻസർ ബോർഡ് വൈകിപ്പിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സിനിമാ നിർമ്മാതാക്കൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഹർജി ഹൈക്കോടതിയിൽ എത്തിയതോടെ സെൻസർ ബോർഡ് റിവ്യൂ കമ്മറ്റി വ്യാഴാഴ്ച മുംബൈയിൽ ചിത്രം കാണുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിൽ സിനിമയുടെ പേരുമാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും നിയമ പോരാട്ടം തുടരാനാണ് തീരുമാനമെന്നും സംവിധായകനും നിർമ്മാതാക്കളും വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here