
മെക്സിക്കോയിലെ എസ്റ്റാഡിയോ മോണ്ടെറിയിൽ നടക്കുന്ന ലോകകപ്പ് മത്സരത്തിൽ ജപ്പാൻ തകർപ്പൻ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ടുണീഷ്യക്കെതിരെ ജപ്പാൻ മുന്നിട്ടുനിൽക്കുന്നു. കളി ആരംഭിച്ച് നാലാം മിനിറ്റിൽ തന്നെ ദായിച്ചി കമഡയിലൂടെ ജപ്പാൻ ആദ്യ ഗോൾ നേടി. കെയിറ്റോ നകാമുറയുടെ അസിസ്റ്റിൽ നിന്നാണ് ഈ ഗോൾ പിറന്നത്. ലോകകപ്പ് ചരിത്രത്തിൽ ജപ്പാൻ നേടുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്.
31-ാം മിനിറ്റിൽ ആയാസെ ഉവേദ ജപ്പാൻ്റെ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതിയിൽ കളി പൂർണ്ണമായും നിയന്ത്രിച്ചത് ജപ്പാനായിരുന്നു. പന്തിൻ്റെ വേഗതയിലും പാസിംഗിലും കൃത്യത പാലിച്ച ജപ്പാൻ പ്രതിരോധത്തിലും മികച്ച നിലവാരം പുലർത്തി. പുതിയ പരിശീലകൻ ഹെർവെ റെനാർഡിന് കീഴിൽ ഇറങ്ങിയ ടുണീഷ്യക്ക് ജപ്പാൻ്റെ വേഗതയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടേണ്ടി വന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മാത്രമാണ് അവർക്ക് ഗോൾ ലക്ഷ്യമാക്കി ആദ്യ ഷോട്ട് ഉതിർക്കാൻ കഴിഞ്ഞത്.
ALSO READ: കുറസാവോയുടെ കാവൽമാലാഖ, എല്ലാം ഈ കൈകളിൽ ഭദ്രം; 15 വിസ്മയ സേവുകളുമായി എലോയ് റൂം ചരിത്രത്തിലേക്ക്
ആദ്യ പകുതിയിലെ ഈ ആധിപത്യത്തോടെ ജപ്പാൻ വിജയത്തിലേക്കും നോക്കൗട്ട് ഘട്ടത്തിലേക്കും ഒരു പടി കൂടി അടുത്തിരിക്കുകയാണ്. അതേസമയം രണ്ടാം പകുതിയിൽ കളിയിലേക്ക് തിരിച്ചുവരാൻ ടുണീഷ്യക്ക് വലിയ പോരാട്ടം തന്നെ നടത്തേണ്ടി വരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

