
ടോക്യോയിലുടനീളം തന്‍റെ മകന്‍റെ ഫോട്ടോകൾ ഒട്ടിക്കാൻ 100 മില്യൺ യെൻ (ഏകദേശം 5.8 കോടി രൂപ) ചെലവഴിച്ച് വാർത്തകളിൽ ഇടം നേടി ജപ്പാനിലെ ഒരു പിതാവ്. യു കുൻ എന്ന് ഇപ്പോൾ നാട്ടുകാർ വിളിക്കുന്ന 16 കാരന്‍റെ കുട്ടിക്കാലത്തെ ‘ക്യൂട്ട്’ ആയ ചിത്രങ്ങളാണ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ പിതാവ് കോടികൾ ചെലവഴിച്ച് സിറ്റി മൊത്തം പതിച്ചത്.
ഇപ്പോൾ ടോക്യോയിലെ അഡാച്ചിയിൽ ‘ലാൻഡ് മാർക്ക് കിഡ്’ എന്നാണ് ഈ കൗമാരക്കാരൻ അറിയപ്പെടുന്നത്. കാരണം നടപ്പാതകളിൽ സ്ഥാപിച്ച ബാനറുകൾ മുതൽ സിറ്റി ബസുകളിൽ വരെ തന്റെ മകന്റെ കുട്ടിത്തം നിറഞ്ഞ ചിത്രങ്ങൾ ഉള്ള പരസ്യം പതിച്ചിരിക്കുകയാണ് അച്ഛൻ.
“എന്‍റെ മകൻ ചെറുതായിരുന്നപ്പോൾ വളരെ ക്യൂട്ടായിരുന്നു. ടോക്യോയിലെ എല്ലാവരും അവന്‍റെ സൗന്ദര്യം ആസ്വദിക്കട്ടെയെന്ന് ഞാൻ കരുതി” – സംഭവത്തിൽ കൗമാരക്കാരന്‍റെ പിതാവിന്‍റെ രസകരമായ മറുപടിയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ALSO READ; കേരള തീരത്തെ കപ്പലപകടം: പൗരന്മാരെ രക്ഷിച്ചതിന് ഇന്ത്യൻ നാവിക സേനക്ക് നന്ദി പറഞ്ഞ് ചൈന
ബിസിനസുമായി ബന്ധപ്പെട്ട പരസ്യ ക്യാമ്പയിനാണെങ്കിലും യു-കുനിന്‍റെ ഏറ്റവും രസകരമായ ബാല്യകാല ചിത്രങ്ങളാണ് പോസ്റ്ററുകളിൽ കൊടുത്തിരിക്കുന്നത്. കുട്ടിക്കാലത്ത് മകൻ ഒരു തെരുവ് കലാകാരനെ കണ്ട് പേടിച്ചു കണ്ണുതള്ളി നിൽക്കുന്ന ചിത്രം, നഗരത്തിലെ ട്രെയിൻ സ്റ്റേഷന്‍റെ മുന്നിൽ രണ്ട് മീറ്റർ ഉയരമുള്ള പരസ്യ ബോർഡാക്കി വച്ചതും വാർത്തയിൽ ഇടം നേടിയിട്ടുണ്ട്.
ഫോട്ടോകൾ വൈറലായതോടെ നാണക്കേട് കാരണം പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയായെന്നാണ് കൗമാരക്കാരന്‍റെ പ്രതികരണം. അച്ഛന്റെ ഈ പരിപാടി തനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല എന്നാണ് മകൻ പറയുന്നത്. ഞാൻ അത്രക്ക് ക്യൂട്ട് ആണെന്ന് അച്ഛൻ ശരിക്കും കരുതുന്നുവെങ്കിൽ, ആ 100 ദശലക്ഷം യെൻ എന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുകൂടെയെന്നാണ് മകന്‍റെ മറുചോദ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here