അവസാനത്തെ വോട്ടവകാശം ; ജയചന്ദ്രൻ എ‍ഴുതിയ കവിത

വിടേക്കാണ്
എല്ലാവരും ഒഴുകിപ്പോകുന്നത്?

എന്താണ്
എല്ലാവരും ഒന്നിലേക്കുതന്നെ
എടുത്തു ചാടുന്നത്

ഒരേ വിശ്വാസത്തിൽ
ആകർഷിക്കപ്പെടുന്നത്.

ചിലരെങ്കിലും പറയുന്നതു കേൾക്കാതെ,
അപകടമാണ്
ഈ ഒഴുക്ക് ഉണ്ടാക്കുന്നതെന്ന്
ഗൗനിക്കാതെ
എടുത്തുചാടുകയാണ്.

ശരിയാണ്;
അപ്പുറത്തൊരാളുണ്ടത്രേ-

നിരവധി പേരുടെ രക്തത്താൽ
മഴപോലെ പെയ്‌ത
മരണനിലവിളിയിൽനിന്നും
പേരെടുത്ത ഒരാൾ!
ഭയമൊട്ടും വേണ്ടാത്ത
ഭരണസമുദ്രം സൃഷ്‌ടിച്ച ആൾ-

അതിലേക്കാണത്രേ
ഈ ആഹ്‌ളാദം
ചാടിവീണൊഴുകുന്നത്.

കർഷകർ നിലവിളിക്കുന്ന-
കതിരുകളുടെ സമുദ്രം
കത്തിയെരിയുന്നു.

വിത്തുകളും പൂവുകളും
കത്തിയെരിയുന്നു.

പണത്തിൻ്റെ ചാക്കുകൾ
അധികാരത്തിൻ്റെ വിത്തുകള്‍
പൊതിഞ്ഞുവരുന്നു-

അധിക മൂലധനത്തിൻ്റെ വേരുകൾ
പടരുകയാണ്
മണ്ണിലും
കർഷകൻ്റെ നെഞ്ചിലും.

മിടിപ്പുകൾ നിലച്ച്
ജീർണിച്ച ശവങ്ങൾ
ജൈവ വളമായി-

പുതിയ കൃഷിവ്യവസ്ഥയുമായി-
കോർപ്പറേറ്റ് ഭൂപടമുള്ള രാജ്യം,
വയലേലകളിൽ
പാറിപ്പറക്കുന്ന പുതിയ കൊടികൾ-

സമുദ്രത്തിലിറങ്ങിയവർ
കരകയറേണ്ടി വന്നപ്പോൾ
കാലം കുറേ മുന്നോട്ടു പോയിരുന്നു.

മരിച്ചവർക്കു മുകളിൽ വിളഞ്ഞ
വിളകൾ-
അധികാരം കൊയ്തെടുക്കുന്നത്
അവർ കണ്ടു.

ഉൾക്കിടിലത്തിൻ്റെ
പുത്തൻ അടിമകളായി ജീവിക്കാൻ –
ബാലറ്റുകൾ
വിധി പറയാനില്ലാത്ത
ഒരു രാജ്യത്തിൻ്റെ ഭൂപടത്തിൽ
വിതയ്ക്കാൻ നീളുന്ന
അടിമകളുടെ കൈകളായി
എടുത്തു ചാടിയവർ വിധിക്കപ്പെടുന്നു.

ജനവിധിയില്ലാത്ത
ലോകത്തിലേക്കായിരുന്നു
എടുത്തുചാട്ടത്തിൻ്റെ
പരിണതിയെന്നറിയാൻ
വളരെ വൈകിപ്പോയ
ഒരു ജനതയെ
പുത്തൻ അടിമകളായി
രൂപപ്പെടുത്താനുള്ള
മഹായജ്ഞം
വിജയിക്കുന്നതു കണ്ടില്ലേ-

സ്വരൂപപ്പെടാത്ത,
ആശയസമന്വയമില്ലാത്ത
ഒരു ജനത ഉള്ളിടത്തോളം
അധികാരം
ജയിച്ചുകൊണ്ടേയിരിക്കും.

അധികാരിയുടെ
പരിശ്രമങ്ങൾ വിജയിച്ച
ഒരു ജനാധിപത്യത്തിൻ്റെ
ചരിത്രമുഹൂർത്തത്തിൽ
എത്രയോ അസ്ഥികൂടങ്ങൾ
വീണ്ടും വീണ്ടും വിയർത്തൊഴുകുന്നു-

മണ്ണടരുകളിൽ മുളപൊട്ടുവാൻ
ഈ വിയർപ്പു വേണമത്രേ-

വിശക്കുന്നവൻ്റെ വിയർപ്പിൽ
അധികാരം
കൊയ്തെടുത്ത പാടത്ത്
വാഴ്‌ചയുടെ ചാട്ടകൾ
വായുവിലുയർത്തുന്ന ഗർവ്വം.

വരാനിരിക്കുന്ന
ഈ ഇന്ത്യൻ ഭൂപടത്തിൻ്റെ
അവസാനത്തെ വോട്ടവകാശം
ഞാൻ എൻ്റെ മരണത്തിനു
രേഖപ്പെടുത്തുന്നു.

നിരവധി
മഹാത്മാക്കളുടെ
സ്വപ്‌നങ്ങൾക്ക്
ഒരു മുളയെങ്കിലുമെടുക്കാനാവാത്ത
പാഴ്ഭൂമിയായ
എൻ്റെ മരണത്തെ
തല കുനിഞ്ഞു താഴ്ന്നുപോയ
എന്‍റെ അവമാനത്തെ
ഞാൻ തന്നെ അടക്കം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News