
കോഴിക്കോട് ജയലക്ഷ്മി സിൽക്ക് സിൽ തീപിടിത്തം ഉണ്ടായത് മൂന്നാം നിലയിൽ നിന്നാണെന്ന് കണ്ടെത്തി. ഫയർഫോഴ്സ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തൽ. എന്നാൽ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. റിപ്പോർട്ട് ഇന്ന് ജില്ലാ കളക്ടർക്ക് സമർപ്പിക്കും. പൊലീസിന്റെ ഫോറൻസിക് വിഭാഗം പരിശോധന നടത്തി.
ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടുന്ന കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്നാണ് തീ പിടർന്നതെന്നാണ് ഫയർഫോഴ്സ് നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ മൂന്നാംനിലയിൽ തീ ഉയർന്നത് എവിടെ നിന്നാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. തീപിടിത്തത്തിന്റെ കാരണവും വ്യക്തമല്ല. കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമേ അപകടകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ. തീപിടിച്ച ഭാഗത്തെ വയറിങുകൾ പുർണമായും കത്തിനശിച്ചിട്ടുണ്ട്. തീ ഉയർന്നപ്പോൾ അലാറം മുഴങ്ങുകയും ഫയർ സ്പ്രിക്ലർ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
Also read:കേരള സ്റ്റോറി വൺ തള്ളിക്കളഞ്ഞത് പോലെ ഇതും തള്ളിക്കളയും ; കേരള സ്റ്റോറി 2 ട്രെയിലറിനെതിരെ സജി ചെറിയാൻ
വസ്ത്രങ്ങളുടെ വലിയ ശേഖരമായതിനാൽ തീ നിയന്ത്രിക്കാൻ സ്പ്രിക്ലർ ഉൾപ്പെടെയുള്ള സംവിധാനത്തിന് സാധിച്ചില്ല. അതിനാൽ തീ ആളിക്കത്തുകയുമായിരുന്നുവെന്ന് അഗ്നിശമന സേനാ വിഭാഗം കണ്ടെത്തി. ജില്ലാ ഫയർ ഓഫീസർ കെ.എം അഷ്‌റഫലിയുടെ നേതൃത്വത്തിലാണ് പ്രാഥമിക പരിശോധന നടത്തിയത്. സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് ജയലക്ഷ്‌മി സിൽക്സിന് തീ പിടിക്കുന്നത്. മൂന്ന് മണിക്കൂറിലധികം നിന്ന് കത്തിയ തീ വൻ നാശനഷ്ടമാണുണ്ടാക്കിയത്. 50 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. 30 കോടിയിലധികം രൂപയുടെ തുണിത്തരങ്ങൾ മാത്രം സ്റ്റോക്കിലുണ്ടായിരുന്നു. ഫർണിച്ചറുകളും മറ്റും നശിച്ചത് കൂടി കണക്കാക്കുമ്പോൾ നഷ്ടത്തിന്റെ കണക്ക് ഇനിയും ഉയർന്നേക്കുമെന്നാണ് സ്ഥാപന മാനേജ്‌മെന്റിന്റെ കണക്കുകൂട്ടൽ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

