
സുരേഷ് ഗോപി നായകനായ മലയാള സിനിമ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദർശനാനുമതി നൽകാത്ത സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ഫെഫ്‌കയുടെ നേതൃത്വത്തിൽ സിനിമ സംഘടനകളുടെ പ്രതിഷേധം തുടങ്ങി. ഭരണകൂടത്തെ പ്രീതിപ്പെടുത്താൻ വേണ്ടി ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥർ കാണിക്കുന്ന നിലപാടുകളെ അംഗീകരിക്കാൻ ആകില്ലെന്ന് നടൻ ജയൻ ചേർത്തല പറഞ്ഞു. ജാതിയും മതവും ചോദിച്ചല്ല സിനിമയിൽ പ്രവർത്തിക്കാൻ ആളുകളെ ക്ഷണിക്കുന്നത്. ചില ആളുകളുടെ വ്യക്തി താത്പര്യത്തിന് വഴങ്ങിക്കൊടുക്കാൻ ആകില്ല. ഇങ്ങനെയായാൽ സെൻസർ ബോർഡിന് ഇഷ്ടമുള്ള സിനിമകൾ മാത്രം പടച്ചുണ്ടാക്കേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു.
സിനിമയുടെ പ്രശ്നമായിട്ടല്ല, ജനങ്ങളെ തമ്മിലടിപ്പിച്ച് ഭിന്നിപ്പിക്കാനുള്ള ശ്രമമായിട്ടും സന്മനസ്സുള്ളവരെ വിഷം കുത്തിവച്ച് നശിപ്പിക്കാനുള്ള ശ്രമമായിട്ടാണ് കാണുന്നതെന്ന് നടൻ പി ശ്രീകുമാർ പറഞ്ഞു.
ALSO READ: കൊൽക്കത്ത കൂട്ട ബലാൽസംഗം കേസ്; കുറ്റകൃത്യം പുനരാവിഷ്കരിക്കാൻ പ്രത്യേക അന്വേഷണ സംഘം
അതേസമയം സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമ്മാതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് 1.45 ന് പരിഗണിക്കാൻ മാറ്റി. പ്രധാന കഥാപാത്രത്തിൻ്റെ പേര്, ദൈവത്തിൻ്റെ പേരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചത്. ജാനകി എന്ന പേര് മാറ്റിയാൽ മാത്രമേ സർട്ടിഫിക്കറ്റ് നൽകാനാവൂ എന്നാണ് സെൻസർ ബോർഡിൻ്റെ നിലപാട്. ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു. ജാനകി എന്നത് പൊതുവായി ഉപയോഗിക്കുന്ന പേരാണ്. നേരത്തെയും സമാന പേരുകളിൽ സിനിമകൾ ഇറങ്ങിയിട്ടുണ്ടല്ലോ എന്നും, അന്നൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോൾ എങ്ങനെ ഉണ്ടായി എന്നും കോടതി അന്ന് ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here