തിളക്കമാര്‍ന്ന വിജയങ്ങളുമായി ജെ ജെം: മണിപ്പൂരില്‍ നിന്ന് കേരളം അഭയം നല്‍കിയ കുട്ടിയുടെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി

വര്‍ഗീയ കലാപം കത്തി നില്‍ക്കുന്ന മണിപ്പൂരില്‍ നിന്ന് കേരളത്തിലേക്ക് അഭയം തേടി എത്തിയ കൊഹിനെ ജം വായ്പേയ് എന്ന ജെ ജെമ്മിനു തെറ്റിയില്ല. എത്തേണ്ടിടത്ത് തന്നെയാണ് ആ ബാലിക എത്തിയിരിക്കുന്നത് എന്ന് കാലം തെളിയിച്ചു കൊണ്ടേയിരിക്കുകയാണ്. കേരളം ജെ ജെമ്മിന് അഭയം നല്‍കിയെന്ന് മാത്രമല്ല, എല്ലാം സംരക്ഷണവും നല്‍കി ചേര്‍ത്തു പിടിച്ചു. പിന്നാലെ തൈക്കാട് മോഡൽ ഗവൺമെന്‍റ്  എൽ പി സ്കൂളിൽ പ്രവേശനം നേടി. ഇപ്പോ‍ഴിതാ കേരളത്തിന്‍റെ വളര്‍ത്തു മകളായ ബാലിക തന്‍റെ ക‍ഴിവു കൊണ്ട് മിന്നുന്ന വിജയങ്ങളാണ് കൊയ്യുന്നത്.

ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വച്ച് നടത്തിയ മത്സരങ്ങളിലാണ് മൂന്നാം ക്ലാസ് കാരിയായ ജെ ജെമ്മിന്‍റെ മിന്നും പ്രകടനങ്ങള്‍ കേരളം കണ്ടത്. പത്ത് വയസിന്‌ താഴെയുള്ള പെൺകുട്ടികളുടെ മത്സരത്തിൽ 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും 4x 50 മീറ്റർ റിലേയിൽ മൂന്നാം സ്ഥാനവും നേടിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. പിന്നാലെ ജെ ജെമ്മിനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ബാലികയെ അഭിനന്ദിച്ചത്. മത്സരിച്ച മറ്റ് കുട്ടികളെയും മന്ത്രി മറന്നില്ല.

ALSO READ: പ്രായപൂർത്തി ആകാത്ത കുട്ടിക്ക് നേരെ അശ്ശീല ആംഗ്യം; പ്രതിക്ക് രണ്ടു വർഷം തടവ്

മണിപ്പൂരിൽ നിന്ന് ബന്ധുവിനൊപ്പമാണ് ജെ ജെം കേരളത്തിലെത്തിയത്. ജെ ജെമ്മിന്‍റെ വീട് അക്രമികൾ കത്തിച്ചതായാണ് വിവരം. മാതാപിതാക്കളും സഹോദരങ്ങളും ആക്രമണം ഭയന്ന് ഗ്രാമത്തിൽ നിന്ന് പാലായനം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ എത്തിയ ജെ ജെമ്മിന് മറ്റു രേഖകൾ ഒന്നും ഹാജരാക്കിയില്ലെങ്കിലും സർക്കാർ സ്കൂളിൽ പ്രവേശനം നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാകുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ഒരു ഓട്ടക്കാരന് നമ്മൾ കൈയ്യടി നൽകി.
ഇനി ഒരു ഓട്ടക്കാരിയെ കാണാം.
കേരളം ഏറ്റെടുത്ത് പഠിപ്പിക്കുന്ന മണിപ്പൂരുകാരി
ജെ ജം. ജില്ല അത്‌ലറ്റിക് അസോസിയേഷൻ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വച്ച് നടത്തിയ മത്സരങ്ങളിൽ പത്ത് വയസിന്‌ താഴെയുള്ള പെൺകുട്ടികളുടെ മത്സരത്തിൽ 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും 4x 50 മീറ്റർ റിലേയിൽ മൂന്നാം സ്ഥാനവും നേടി തൈക്കാട് ഗവണ്മെന്റ് മോഡൽ എൽ പി സ്കൂളിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ് കൊഹിനെ ജം വായ്പേയ് എന്ന ജെ ജം.
ജെ ജെമ്മിനും മത്സരിച്ച എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ… ❤️..

ALSO READ: രാജ്ഭവനു മുന്നിലെ എൽ ഡി എഫ്‌ സത്യഗ്രഹം ഇന്ന്; ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here