
മുൻ അമേരിക്കൻ പ്രസിഡന്‍റും ഡെമോക്രറ്റിക് പാർട്ടിയുടെ മുതിർന്ന നേതാവുമായ ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് രോഗവിവരങ്ങൾ വ്യക്തമാക്കിയത്. ഇപ്പോഴിതാ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ജോ ബൈഡൻ. തകർന്നിരിക്കുമ്പോഴും താനും ഭാര്യ ജിൽ ബൈഡനും ശക്തരാണെന്ന് അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു. ഒപ്പം നിന്നവരോട് നന്ദിയെന്നും അദ്ദേഹം കുറിച്ചു.
‘കാൻസർ നമ്മളേയും ബാധിച്ചേക്കാം. നിങ്ങളിൽ പലരേയുംപോലെ, തകർന്നിരിക്കുമ്പോഴാണ് ഞങ്ങൾ ഏറ്റവും ശക്തരെന്ന് ഞാനും ജില്ലും തിരിച്ചറിയുന്നു. സ്നേഹവും പിന്തുണയും കൊണ്ട് ഞങ്ങളെ ഒപ്പംനിർത്തിയവർക്ക് നന്ദി’, ബൈഡൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ALSO READ: കൊച്ചിയില്‍ മൂന്ന് വയസ്സുകാരിയെ കാണാതായി; സംഭവം അമ്മയുടെ കൂടെ ബസിൽ യാത്ര ചെയ്യുമ്പോൾ
വിവരങ്ങൾ പ്രകാരം രോഗം വളരെ കൂടിയ നിലയിൽ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങളെ തുടർന്നാണ് ബൈഡൻ ചികിത്സ തേടിയത്. തുടർന്നാണ് ക്യാൻസറാണെന്ന് കണ്ടെത്തിയത്.
പ്രോസ്റ്റേറ്റ് കാൻസറിന് ആറ് മുതൽ പത്ത് വരെ ഗ്ലീസൺ സ്കോർ കണക്കാക്കപ്പെടുന്നത്. 10 ൽ 9 എന്ന ഗ്ലീസൺ സ്കോറാണ് ബൈഡനുളളത്. കാൻസർ ഹോർമോൺ സെൻസിറ്റീവ് ആയി കാണപ്പെടുന്നുണ്ടെന്നും അതിനാൽ ഫലപ്രദമായി നിയന്ത്രിക്കാൻ ആകുമെന്നുമാണ് അദ്ദേഹത്തിന്റെ ഓഫീസ് പറയുന്നത്.
രോഗവിവരം അറിഞ്ഞയുടൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് പോസ്റ്റിലൂടെ പ്രതികരിച്ചു. രോഗവിവരം അറിഞ്ഞതായും താനും ഭാര്യയും അതിൽ ദുഃഖിതരാണെന്നും ട്രംപ് കുറിച്ചു. കമല ഹാരിസും രോഗ വിവരം പങ്കുവച്ചിട്ടുണ്ട്. അതീവ ശക്തിയോടെയും ശുഭാപ്തിവിശ്വാസത്തോടെയും അദ്ദേഹം ഈ വെല്ലുവിളിയെ നേരിടുമെന്ന് തനിക്കറിയാമെന്ന് കമല കുറിച്ചു. വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നതായി മുൻ പ്രസിഡന്‍റ് ബറാക് ഒബാമയും കുറിച്ചു.
കഴിഞ്ഞ ജൂണിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കവേ പകുതിക്ക് വച്ച് ട്രംപിനെതിരായ മത്സരത്തിൽ നിന്നും ബൈഡൻ പിന്മാറിയിരുന്നു. തുടർന്ന് അന്നത്തെ വൈസ് പ്രസിഡന്റ് ആയിരുന്ന കമല ഹാരിസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മൂത്ത മകൻ ബ്യൂ ബൈഡൻ മസ്തിഷ്ക കാൻസർ ബാധിച്ച് മരിച്ചതിനുശേഷം, ബൈഡൻ വളരെക്കാലമായി കാൻസർ ഗവേഷണത്തിൽ സജീവമായ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. 2022 ൽ, അടുത്ത 25 വർഷത്തിനുള്ളിൽ ക്യാൻസറുമായി ബന്ധപ്പെട്ട മരണങ്ങൾ പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം “കാൻസർ മൂൺഷോട്ട്” എന്ന പേരിൽ ഒരു സംരംഭം തുടങ്ങി വയ്ക്കുകയും ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

