‘അതിഥി തൊഴിലാളികൾ സംസ്ഥാനത്തെ പണം ‘അടിച്ചുമാറ്റുന്നു’ എന്ന പരാമർശം ഉത്തരവാദിത്വപ്പെട്ട സ്ഥാനം വഹിക്കുന്നവർ ഒരിക്കലും പറയാൻ പാടില്ലാത്തത്’; പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയിൽ വിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എം.പി

JOHN BRITTAS AGAINST V D SATHEESAN

കേരളത്തിലെ അതിഥി തൊഴിലാളികൾ സംസ്ഥാനത്തെ പണം ‘അടിച്ചുമാറ്റുന്നു’ എന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എം.പി. എൻ.ഡി.ടി.വി സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കവെയാണ് വി.ഡി സതീശൻ വിവാദമായ ഈ പരാമർശം നടത്തിയത്.

കേരളത്തിൽ 30 ലക്ഷത്തിലധികം അതിഥി തൊഴിലാളികളുണ്ടെന്നും അവർക്ക് ലഭിക്കുന്നത് എല്ലാ തിങ്കളാഴ്ചയും അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് അയക്കുന്നുണ്ടെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. ഇത് സംസ്ഥാനത്തുനിന്നുള്ള വൻതോതിലുള്ള പണമൊഴുക്കാണെന്നും അദ്ദേഹം പറഞ്ഞു. ‘സൈഫൺ’ എന്ന വാക്കാണ് ഇതിനായി അദ്ദേഹം ഉപയോഗിച്ചത്.

പത്ത് വർഷം മുമ്പ് തിരുവനന്തപുരത്ത് ഒരു കെട്ടിട നിർമ്മാണത്തിനായി 100 കോടി രൂപ നിക്ഷേപിച്ചാൽ അതിൽ 40 മുതൽ 50 ശതമാനം വരെ നഗരത്തിലെ തൊഴിലാളികൾക്കിടയിൽ തന്നെ വിതരണം ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഈ തുക മുഴുവൻ മറ്റ് സംസ്ഥാനങ്ങളിലേക്കാണ് പോകുന്നതെന്നും ഇത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന ‘റിവേഴ്സ് റെമിറ്റൻസ്’ ആണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പത്ത് കൊല്ലം മുൻപ് യുഡിഎഫ് മന്ത്രിസഭായോഗങ്ങളില്‍ ‘തീവെട്ടിക്കൊള്ള’ തീരുമാനങ്ങൾ; എൽഡിഎഫ് സർക്കാർ മന്ത്രിസഭയുടെ അവസാന ഘട്ടത്തിലും കൈക്കൊണ്ടത് നിർണായക തീരുമാനങ്ങൾ

ഈ പ്രസ്താവനക്കെതിരെ ജോൺ ബ്രിട്ടാസ് എം.പി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കഠിനാധ്വാനം ചെയ്ത് അതിഥി തൊഴിലാളികൾ നാട്ടിലേക്ക് അയക്കുന്ന പണത്തെ ‘അടിച്ചുമാറ്റൽ’ എന്ന് വിളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കുറിച്ചു. അങ്ങനെയാണെങ്കിൽ മലയാളി സഹോദരങ്ങൾ ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ജോലിയെടുത്ത് നാട്ടിലേക്ക് അയക്കുന്നതിനെ എന്തു വിളിക്കണം എന്നും അദ്ദേഹം ചോദിച്ചു. ഉത്തരവാദിത്വപ്പെട്ട സ്ഥാനം വഹിക്കുന്നവർ ഇതുപോലെയുള്ള പ്രസ്താവനകൾ ഒരിക്കലും നടത്താൻ പാടില്ലെന്നും പോസ്റ്റിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിൽ കോൺഗ്രസിന്റെ അരഡസൻ മുഖ്യമന്ത്രി സ്ഥാനാർത്ഥികളിലെ കേമനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ധനമന്ത്രിയേക്കാൾ കൂടുതൽ ധനകാര്യം തനിക്ക് അറിയാമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. എന്നാൽ NDTVയുടെ കോൺക്ലേവിൽ അദ്ദേഹം നടത്തിയ പരാമർശം ആരെയും അമ്പരപ്പിക്കുന്നതാണ്.
കേരളത്തിലുള്ള, നമ്മൾ അതിഥി തൊഴിലാളികൾ എന്ന് വിളിക്കുന്ന, അന്യസംസ്ഥാന തൊഴിലാളികൾ ഇവിടെ നിന്ന് പണം അടിച്ചുമാറ്റുന്നു എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ “സൈഫൺ” (Siphon) എന്ന വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. ക്രമവിരുദ്ധമായി പണം കൊണ്ടുപോകുന്നതിനെയാണ് “സൈഫൺ” എന്ന് ഉദ്ദേശിക്കുന്നത്. അവർ അന്തി വരെ കഷ്ടപ്പെട്ട് പണിയെടുത്ത് കിട്ടുന്ന കൂലി കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുക്കുന്നത് എങ്ങനെ “സൈഫൺ” ആകും. അങ്ങനെയാണെങ്കിൽ മലയാളി സഹോദരങ്ങൾ ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ജോലിയെടുത്ത് നാട്ടിലേക്ക് അയക്കുന്നതിനെ എന്തു വിളിക്കണം. ഗൾഫ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് പ്രവാസികൾ കഴിഞ്ഞ വർഷം മാത്രം പ്രവാസികൾ കേരളത്തിലേക്ക് അയച്ച വിദേശനാണ്യം 2.14 ലക്ഷം കോടി രൂപയുടേതാണ്. ഉത്തരവാദിത്വപ്പെട്ട സ്ഥാനം വഹിക്കുന്നവർ ഇതുപോലെയുള്ള പ്രസ്താവനകൾ ഒരിക്കലും നടത്താൻ പാടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News