‘കേന്ദ്രത്തോടും ആര്‍എസ്എസിനോടും ചില മാധ്യമങ്ങള്‍ വിധേയത്വം കാട്ടുന്നു’; വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ് എംപി

കേന്ദ്ര സര്‍ക്കാരിനോടും ആര്‍എസ്എസിനോടും ചില മാധ്യമങ്ങള്‍ വിധേയത്വം കാണിക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. കേരളം അതില്‍ നിന്ന് അല്‍പ്പം പോലും പിറകോട്ടല്ല. മാധ്യമങ്ങള്‍ പറയുന്നതെല്ലാം വിഴുങ്ങുന്നവരല്ല ജനങ്ങളെന്ന് മനസിലാക്കണം. ഒരു വിഭാഗം മാധ്യമങ്ങള്‍ ആഞ്ഞുപിടിച്ചിട്ടും കര്‍ണാടകയില്‍ ബിജെപിയെ രക്ഷിക്കാനായില്ല. അത് പ്രതീക്ഷ നല്‍കുന്നതാണെന്നും ജോണ്‍ ബ്രിട്ടാസ് എം.പി പറഞ്ഞു. യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘ഫോര്‍ത്ത് എസ്‌റ്റേറ്റില്‍ കാവി കയറുമ്പോള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ് എം.പി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എം.വി നികേഷ് കുമാര്‍, ഹര്‍ഷന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

രാജ്യത്ത് ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് മാധ്യമങ്ങള്‍ മോദിക്ക് നല്‍കുന്ന സ്ഥിതിയാണുള്ളത്. അതേസമയം, ബിജെപി പരാജയപ്പെട്ടാല്‍ ഉത്തരവാദിത്വം ഏതെങ്കിലും ഒരു നേതാവിന്റെ തലയില്‍ കെട്ടിവയ്ക്കും. ഇതാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കര്‍ണാടകയില്‍ ബിജെപിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ തലയില്‍ കെട്ടിവച്ച സാഹചര്യമുണ്ടായെന്നും ജോണ്‍ ബ്രിട്ടാസ് എം.പി ചൂണ്ടിക്കാട്ടി.

Also Read- അമിത് ഷായുടെ കേരള വിരുദ്ധ പരമാര്‍ശം; ലേഖനം പങ്കുവച്ച് ഡോ.ജോണ്‍ ബ്രിട്ടാസ് എം.പി

തന്റെ 35 വര്‍ഷത്തെ കരിയറില്‍ മാധ്യമങ്ങള്‍ ഒരു പ്രത്യയ ശാസ്ത്രത്തിനോ സര്‍ക്കാരിനോ പൂര്‍ണമായും കീഴടങ്ങുന്ന അവസ്ഥ കണ്ടിട്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. ഇന്ന് പ്രധാനമന്ത്രിയെയോ ആഭ്യന്തരമന്ത്രിയെയോ വിമര്‍ശിക്കുന്ന ഒരു വാര്‍ത്ത പോലുമുണ്ടാകുന്നില്ല. മഹാരാഷ്ട്രയിലെ ഒരു റാലിയില്‍ അമിത് ഷാ പങ്കെടുത്തിരുന്നു. അന്ന് സാധാരണക്കാരായ പതിനഞ്ച് പേരാണ് സൂര്യതാപമേറ്റ് മരിച്ചത്. ചൂടിനെ വകവയ്ക്കാതെ ആളുകള്‍ തടിച്ചുകൂടിയെന്ന് അമിത് ഷാ അഭിമാനം കൊണ്ടപ്പോള്‍ അവിടെയെത്തിയ ജനങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ പോലുമുള്ള സംവിധാനം ഒരുക്കിയിരുന്നില്ല. പതിനഞ്ച് പേരുടെ ജീവന്‍ നഷ്ടമായ ആ സംഭവം പല മാധ്യമങ്ങള്‍ക്കും ചെറിയ വാര്‍ത്തയായിരുന്നു. പലരും അമിത് ഷായുടെ പേര് പോലും നല്‍കിയില്ല. വേറെ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിന്റെ റാലിയിലാണ് ആ സംഭവമെങ്കില്‍ എന്താകുമായിരിക്കും സ്ഥിതിയെന്നും ജോണ്‍ ബ്രിട്ടാസ് എംപിചോദിക്കുന്നു.

അതേസമയം, മാധ്യമ സ്ഥാപനങ്ങളില്‍ എഡിറ്റര്‍മാരെ ബാഹ്യശക്തികള്‍ നിയന്ത്രിക്കുന്നുവെന്ന് സെമിനാറില്‍ പങ്കെടുത്ത് നികേഷ് കുമാറും പറഞ്ഞു. ഇന്ന് ആര്‍ക്കും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News