‘കേന്ദ്ര ബജറ്റില്‍ കണ്ടത് ബി.ജെ.പിയുടെ രാഷ്‌ട്രീയ, സാമൂഹ്യ അജണ്ട മുന്നോട്ടുവെക്കാനുള്ള വ്യഗ്രത’; രൂക്ഷവിമര്‍ശനവുമായി ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി. കൈരളി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ശരത് ചന്ദ്രന്‍ നയിച്ച കേന്ദ്ര ബജറ്റിന്‍റെ പ്രത്യേക അവലോകന ചര്‍ച്ചയിലാണ് എം.പി കേന്ദ്രത്തിനെതിരെ തിരിഞ്ഞത്. ബജറ്റിന്‍റെ സ്വാഭാവമില്ലെന്നും ഉള്ളത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രഖ്യാപനത്തിന്‍റേതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിന്‍റെ സ്വഭാവവും അതുതന്നെയായിരുന്നു. മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങളെ ഉദ്‌ഘോഷിക്കുന്നതോടൊപ്പം ബി.ജെ.പിയുടെ രാഷ്‌ട്രീയ, സാമൂഹ്യ അജണ്ട മുന്നോട്ടുവെക്കാനുള്ള വ്യഗ്രതയാണ് ബജറ്റില്‍ കണ്ടത്. പ്രസിഡന്‍റ് ദ്രൗപദി മുര്‍മുവിന്‍റെ നയപ്രഖ്യാപനത്തിന്‍റെ ചുവടുപിടിച്ചുള്ളതാണ് ഈ ബജറ്റ് പ്രസംഗം. സാധാരണ ബജറ്റുകളില്‍ ധനമന്ത്രിമാര്‍ മുന്‍വര്‍ഷത്തെ ബജറ്റുവെച്ച് താരതമ്യം ചെയ്‌ത് തങ്ങളുടെ സര്‍ക്കാര്‍ ഉദ്ദേശിച്ചയിടത്ത് എത്തി എന്നത് പ്രതിപാദ്യ വിഷയമാക്കാറുണ്ട്. എന്നാല്‍, നിര്‍മല സീതാരാമന്‍റെ ബജറ്റ് യു.പി.എ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വേണ്ടിയുള്ളതായിരുന്നു.

ഇടക്കാല ബജറ്റായിട്ട് പോലും യു.പി.എയുടെ 10 വര്‍ഷത്തെ ഭരണവും ബി.ജെ.പിയുടെ 10 വര്‍ഷത്തെ ഭരണവും താരതമ്യപ്പെടുത്തുന്ന നിലയിലേക്ക് ബജറ്റ് മാറി. ബജറ്റ് രേഖയല്ല, ഒരു രാഷ്‌ട്രീയ രേഖയായാണ് താന്‍ ഈ ബജറ്റിനെ കാണുന്നതെന്നും അദ്ദേഹം കൈരളി ന്യൂസിന്‍റെ പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.

ധവളപത്രത്തെക്കുറിച്ച് ധനമന്ത്രി പറയുന്നുണ്ടെങ്കിലും നമ്മുടെ മുന്നില്‍ സ്ഥിതിവിവര കണക്കുണ്ട്. യഥാര്‍ത്ഥത്തില്‍ യു.പി.എ സര്‍ക്കാരിന്‍റെ 10 വര്‍ഷത്തെ ഭരണകാലയളവിലെ ജി.ഡി.പി വളര്‍ച്ച മോദി സര്‍ക്കാരിന്‍റെ കാലത്തില്ല. ന്യൂനപക്ഷം, പട്ടികജാതി – പട്ടികവര്‍ഗം എന്നീ വിഭാഗങ്ങള്‍ക്ക് ക‍ഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച തുക പോലും ചെലവാക്കാന്‍ കേന്ദ്ര സര്‍ക്കാരിനായില്ല. ഇത് മോദി സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ് എന്ന് വ്യക്തമാക്കുന്നതാണെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News