‘പുൽവാമയെ മറയ്ക്കാൻ ബാലകോട് ഉണ്ടായി, സത്യപാൽ മാലിക് വന്നപ്പോൾ ഈ കൊലപാതകവും’; ഡോ ജോൺ ബ്രിട്ടാസ് എംപി

കേന്ദ്ര സർക്കാരിനെതിരെ ഉയരുന്ന വിമർശനങ്ങളെ ആസൂത്രിതമായ വാർത്തകൾ കൊണ്ട് മറയ്ക്കുന്നുവെന്ന സൂചനയുമായി ജോൺ ബ്രിട്ടാസ് എംപിയുടെ ട്വീറ്റ്. പുൽവാമ ആക്രമണത്തിന്റെ പിന്നണിയിൽ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി മുൻ ഗവർണർ സത്യപാൽ മാലിക്ക് രംഗത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെയായിരുന്നു യുപിയിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന മുൻ എംപി ആതിഖ് അഹമ്മദിനെ വെടിച്ചുവെച്ചുകൊലപ്പെടുത്തുന്നത്. ഈ രണ്ട് വിഷയങ്ങളെയും ചൂണ്ടിക്കാട്ടിയാണ് ജോൺ ബ്രിട്ടാസിന്റെ ട്വീറ്റ്.

‘പുൽവാമ ഭീകരാക്രമണത്തിലെ വീഴ്ച മറയ്ക്കാൻ അവർ ഒരു ബാലാകോട്ട് സൃഷ്ടിച്ചു. മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലികിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളെ മറയ്ക്കാൻ ഇപ്പൊ യുപിയിൽ കൊലപാതകമുണ്ടായി. സുപ്രീംകോടതി അന്വേഷണത്തിന് മാത്രമേ യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരാൻ കഴിയൂ’ , ജോൺ ബ്രിട്ടാസ് എംപി ട്വീറ്റ് ചെയ്തു.

അതേസമയം, സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തലിൽ ബിജെപിയും കേന്ദ്ര സർക്കാരും ഇനിയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. പുൽവാമ ഭീകരാക്രമണവിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. സത്യപാൽ മലിക്കിന്റെ ആരോപണം ഗൗരവമേറിയതാണെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടുകഴിഞ്ഞു.

അതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്റഫിന്റെയും കൊലപാതകത്തിൽ പ്രതികൾ പിടിയിലായി. ലവ്‌ലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം അന്വേഷിക്കാനായി യോഗി സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന പരിപാലനം ഉറപ്പാക്കാൻ യോഗി ആദിത്യനാഥ് പൊലിസുകാരോട് പ്രത്യേകം ആവശ്യപ്പെട്ടു. ഇതേതുടർന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News