ടിടിഇ കൊല്ലപ്പെട്ട സംഭവം: ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ റെയില്‍വേ മന്ത്രാലയത്തിന് കത്തയച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

കഴിഞ്ഞ ദിവസം എറണാകുളം-പാറ്റ്ന എക്സ്പ്രസ്സിൽ നിന്ന് ടിടിഇ-യെ തള്ളിയിട്ടുകൊന്ന സംഭവത്തിന്റെ വെളിച്ചത്തിൽ റെയിൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട സത്വര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര റെയിൽ മന്ത്രിക്ക് കത്തയച്ചു.

ട്രെയിൻ സർവീസുകളുടെ ആദ്യ പാദത്തിൽ മൂന്നിലധികം സ്ലീപ്പർ കോച്ചുകൾ നിയന്ത്രിക്കാൻ ടിടിഇ-മാരെ ചുമതലപ്പെടുത്തരുതെന്നാണ് റെയിൽവേ ബോർഡ് മാനദണ്ഡങ്ങളെങ്കിലും നിലവിൽ ഇത് കാറ്റിൽപറത്തി നിരവധി കോച്ചുകളാണ് ടിടിഇമാരെ കൊണ്ട് നിയന്ത്രിപ്പിക്കുന്നത്. ഇത് അമിത ജോലിഭാരത്തിനൊപ്പം മാനസിക സമ്മർദവും വർധിപ്പിക്കുന്നു. കൂടാതെ കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലെ ജനറൽ കോച്ചുകൾ കുറച്ചത് സ്ലീപ്പർ കോച്ചുകളിൽ ജനറൽ ടിക്കറ്റെടുത്ത് കയറുന്നവരുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുവാൻ കാരണമായിട്ടുണ്ട്. ഇപ്രകാരം ജനറൽ ടിക്കറ്റെടുത്ത് സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യുന്നവരിൽ നിന്നും ‘എക്സ്സെസ് ഫെയർ ടിക്കറ്റ്’ എന്ന പേരിൽ സാധാരണ സ്ലീപ്പർ ടിക്കറ്റിനേക്കാൾ കൂടുതൽ തുക ഈടാക്കണമെന്ന റെയിൽവേ അധികാരികളുടെ നിർദേശം പലപ്പോഴും യാത്രക്കാരും ടിടിഇ- മാരും തമ്മിലുള്ള സംഘർഷത്തിന് കാരണമാകുന്നു. കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലെ ജനറൽ കംപാർട്ട്മെൻ്റുകളുടെ കുറവ് സംബന്ധിച്ച വിഷയത്തിൽ കഴിഞ്ഞ വർഷം തന്നെ കേന്ദ്ര റെയിൽ മന്ത്രിക്ക് ജോൺ ബ്രിട്ടാസ് എം പി കത്ത് നൽകിയിരുന്നു.

ALSO READ:ലോക്സഭ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിൽക്കാൻ ആഹ്വാനം; കാസർഗോഡ് ബിജെപിയിൽ പൊട്ടിത്തെറി

മാത്രമല്ല ആർപിഎഫ് ഉദ്യോഗസ്ഥരുടെ നിരവധി ഒഴിവുകൾ ഉണ്ടായിട്ടും നികത്താത്തതു മൂലം ടിടിഇ-മാർക്ക് മതിയായ സുരക്ഷ ഉറപ്പാക്കുന്നതിലും റെയിൽവേ വീഴ്ച വരുത്തുന്നതായി ജോൺ ബ്രിട്ടാസ് കത്തിൽ ചൂണ്ടിക്കാട്ടി. ഏതു വിധേനയും വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള റെയിൽവേ അധികാരികളുടെ ഇത്തരം നടപടികളുടെ അനന്തര ഫലങ്ങൾ അനുഭവിക്കുന്നത് താഴെത്തട്ടിലുള്ള ടിടിഇമാർ ഉൾപ്പെടെയുള്ള ജീവനക്കാരാണെന്നതും ബ്രിട്ടാസ് കത്തിൽ ചൂണ്ടിക്കാട്ടി.

ആകയാൽ ഇത്തരം അടിസ്ഥാനപരമായ വീഴ്ചകൾ ഉടനടി പരിഹരിക്കണമെന്നും മറ്റെല്ലാറ്റിലുമുപരി ജീവനക്കാരുടെ സുരക്ഷയ്ക്ക് മുൻതൂക്കം നൽകി, ടിടിഇമാർ കോച്ചുകൾ കൈകാര്യം ചെയ്യുന്നതിലും ആർപിഎഫിലെ ഒഴിവുകൾ നികത്തുന്നതിലും സ്ഥാപിത മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും, കൂടാതെ കേരളത്തിൽ സർവീസ് നടത്തുന്ന മെയിൽ/എക്സ്പ്രസ് ട്രെയിനുകളിലെ തിരക്ക് കുറയ്ക്കുന്നതിനും സംഘർഷസാധ്യതകൾ ലഘൂകരിക്കുന്നതിനുമായി ജനറൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്നും ബ്രിട്ടാസ് റെയിൽ മന്ത്രിയോടാവശ്യപ്പെട്ടു.

ALSO READ: അരുണാചൽ പ്രദേശിൽ മരിച്ച ദമ്പതികളുടെയും യുവതിയുടെയും മൃതദേഹങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News