‘നിങ്ങൾ രാജ്യത്തെ നയിക്കുന്നത് രാജഭരണകാലത്തേക്ക്, ഇങ്ങനെ പോയാൽ സിംഹാസനം വരും പാർലമെന്‍റ് കൊട്ടാരമാകും’, ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ വൈറൽ പ്രസംഗം

പാര്ലമെന്റിനെയും ഇന്ത്യൻ ജനാധിപത്യ വിശ്വാസികളെയും ഒരുപോലെ ചിന്തിപ്പിച്ച പ്രസംഗമായിരുന്നു ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പാർലമെന്റിൽ കഴിഞ്ഞ ദിവസം നടത്തിയത്. അയോധ്യ പ്രാണപ്രതിഷ്ഠയും കേന്ദ്രത്തിന്റെ അവഗണയും, ബിജെപി സർക്കാരിന്റെ ഫാസിസ്റ്റ് നിലപാടുമെല്ലാം വ്യക്തമായി തന്നെ പ്രതിപാദിച്ച പ്രസംഗം വലിയ രീതിയിലാണ് കേരളം ഏറ്റെടുത്തത്. സമൂഹ മാധ്യമങ്ങളിലും വലിയ രീതിയിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു ഈ പ്രസംഗം.

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ വൈറൽ പ്രസംഗം

പരിഭാഷ: ജി ആർ വെങ്കിടേശ്വരൻ

രാഷ്‌ട്രപതി ബിജെപിയുടെ ഇലക്ഷൻ മാനിഫെസ്റ്റോ വായിക്കപ്പെടാൻ നിർബന്ധിതയായി എന്നതിൽ എനിക്ക് സങ്കടമുണ്ട്. പ്രതീക്ഷിച്ച പോലെ അതിൽ അയോധ്യയുണ്ട്. അയോധ്യ ഇല്ലാതെയും പ്രധാനമന്ത്രിയെപ്പറ്റി പരാമർശമില്ലാതെയും ഒരു പ്രസംഗം പോലും ഇപ്പോളില്ല.

സുധാൻഷു ത്രിവേദി ഇവിടെ ആസ്ട്രോ ഫിസിക്സ്, വേദം, സയൻസ് എല്ലാറ്റിനെയും പറ്റി പറഞ്ഞു. യഥാർത്ഥത്തിൽ ഇവിടെ ഒരു ചതുർവേദി ഇരിപ്പുണ്ട്. അവർക്കാണ് ഇതിനെപ്പറ്റി നല്ല അറിവുണ്ടാകേണ്ടത്.

നമ്മൾ വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ജ്യോതിഷികൾ ശാസ്ത്രം പഠിപ്പിക്കുന്നു, ആൾദൈവങ്ങൾ സാങ്കേതികവിദ്യ പഠിപ്പിക്കുന്നു, അമിത് ഷായും ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ഐക്യം പഠിപ്പിക്കുമത്രേ !

ബിജെപി പൊടുന്നനെ നിയമം പാലിക്കുന്നവരായി മാറിയിരിക്കുകയാണ്. എത്ര തവണയാണ് സുപ്രീംകോടതിയെക്കുറിച്ച് അവർ പറയുന്നത്. പ്രാണപ്രതിഷ്ഠയ്ക്കിടയിലും എല്ലാം അവർ സുപ്രീംകോടതിയെ സ്മരിക്കുകയാണ്. ചിലപ്പോൾ മാത്രം കോടതിയെ ഓർക്കുകയും ചിലപ്പോൾ മറക്കുകയും ചെയ്യുന്ന അസുഖമാണ് അവർക്ക്.

എന്താണ് അയോധ്യ സുപ്രീംകോടതി വിധിയിൽ പറഞ്ഞത്? ആ വിധി പുറപ്പെടുവിച്ച ബെഞ്ചിലെ ജഡ്ജി ഇവിടെയുണ്ട്. ഒരു രണ്ട് മിനിറ്റിന് ഞാൻ അദ്ദേഹത്തെ കണ്ടു, പിന്നെ കണ്ടില്ല. ഗൂഢാലോചന, മുൻകൂട്ടി തയ്യാറെടുത്തുകൊണ്ടുള്ള കലാപം, ക്രൂരമായ നിയമലംഘനം എല്ലാം വിധിയിൽ പറഞ്ഞിട്ടുണ്ടായിരുന്നു. 1949ലെയും തുടർന്നുള്ള ഡിസംബർ ആറിലെ സംഭവവും ഗുരുതരമായ നിയമലംഘനമാണ് എന്നാണ് വിധിയിൽ ഉള്ളത്. പൊടുന്നനെ ഇവർ വിധിയെല്ലാം മറന്നു. വേറെ കാര്യമെന്താണെന്ന് വെച്ചാൽ രാജീവിന്റെ സുഹൃത്ത് ( സുരേഷ് ഗോപി ) തൃശ്ശൂരിൽ മാതാവിനെ കിരീടമണിയിക്കാൻ നടക്കുകയാണ്.

സർ, ഇവരെല്ലാവരും രാമനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. രാമൻ ഞങ്ങളുടെയും കൂടിയാണ്. എന്നാൽ എന്റെ രാമൻ മഹാത്മാ ഗാന്ധിയുടെ രാമനാണ്. അനുകമ്പയുടെയും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും രാമനാണത്. നിങ്ങൾക്കുമുണ്ടല്ലോ ഒരു രാമൻ. പക്ഷെ ഒരു വ്യത്യാസമുണ്ട്. അത് നാഥുറാമാണ് !

ഇന്നത്തെ കാലത്ത് പ്രധാനമന്ത്രി പ്രധാന’തന്ത്രി’യാണോ എന്നും പ്രധാന’തന്ത്രി’ പ്രധാനമന്ത്രിയാണോ എന്ന് മനസിലാക്കാൻ സാധിക്കുന്നില്ല. രാഷ്ട്രീയ പരിപാടിയെ മതപരിപാടിയാക്കുകയും നേരെ തിരിച്ചുമാണ് ഇപ്പോൾ ചെയ്യുന്നത്.

പ്രാണപ്രതിഷ്ഠയിൽനിന്ന് മാറിനിന്നതിന് ഇവർ ഞങ്ങൾ കുറ്റപ്പെടുത്തി. എന്നാൽ ശങ്കരാചാര്യന്മാർ എന്താണ് പറഞ്ഞത്? നിങ്ങൾ അവരുടെ വീടുകളിലേക്ക് ഇഡിയെയോ സിബിഐയെയോ വിടുമോ? ശങ്കരാചാര്യന്മാർ ഈ രാഷ്ട്രീയ നാടകത്തിൽ ഭാഗമാകേണ്ടതില്ല എന്നതിനാലാണ് മാറിനിന്നത്.

ഹരിജനിൽ മഹാത്മാഗാന്ധി ഇവരെക്കുറിച്ച് കൃത്യമായി എഴുതിയിട്ടുണ്ട്. രാമന്റെ നാമം ഉരുവിടുകയും രാവണന്റെ പാത പിന്തുടരുകയും ചെയ്യുന്നത് നിരർത്ഥകമായ ഒരു ആചാരമാണെന്ന്. ഒരാൾക്ക് ലോകത്തെ പറ്റിക്കാം, സ്വന്തം മനസ്സാക്ഷിയെ പറ്റിക്കാം, എന്നാൽ ദൈവത്തെ പറ്റിക്കാൻ പറ്റില്ല. നിങ്ങൾ രാമനാപം ജപിക്കുന്നുണ്ടെങ്കിലും നിങ്ങളുടെ ലക്ഷ്യം രാഷ്ട്രീയനേട്ടമാണ്

രാജ്യത്തിൽ സാഹചര്യം വളരെ മോശമാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രൊഫസർ തന്നെ ഗോഡ്‌സെയെ പുകഴ്ത്തി പോസ്റ്റിടുന്നു. ഒരു അഞ്ചുവർഷം മുൻപ് ഇത്തരത്തിലൊരു സാഹചര്യത്തെപ്പറ്റി രാജ്യത്ത് ചിന്തിക്കാൻ സാധിക്കുമായിരുന്നോ? ഇതാണ് നമ്മുടെ രാജ്യത്തിന്റെ അവസ്ഥ !

ഫെബ്രുവരി നാലിന് ഒരു പ്രത്യേകതയുണ്ട്. രാജീവ്, നിങ്ങളുടെ ഹീറോ സർദാർ പട്ടേൽ RSSനെ നിരോധിച്ച ദിവസമാണത്.

ഒരു ചെങ്കോലിന് പിന്നിൽ രാഷ്ട്രപതിയെ ആനയിക്കുന്നത് കണ്ടപ്പോൾ സങ്കടമാണ് വന്നത്. ഇതൊരു ജനാധിപത്യ രാജ്യമാണോ? ഇതെല്ലം കണ്ട സർദാർ പട്ടേൽ കല്ലറയിൽനിന് ഉയർത്തെഴുന്നേറ്റ് വരേണ്ടിവരും, കാരണം അദ്ദേഹമാണല്ലോ ഇത്തരം രാജഭരണത്തിൽനിന് ഇന്ത്യയെ മോചിപ്പിക്കാൻ ഇറങ്ങിത്തിരിച്ചത്. നിങ്ങൾ ഈ രാജ്യത്തെ രാജഭരണ കാലത്തേക്ക് കൂട്ടികൊണ്ടുപോകുകയാണ്. ഇങ്ങനെ പോയാൽ ഇവിടെ ഒരു സിംഹാസനം വരും. പാർലമെന്റ് കൊട്ടാരമായും മാറും.

പ്രധാനമന്ത്രി എന്നും സഭയിൽവന്ന് നമസ്കരിക്കുമോ എന്നാണ് എന്റെ പേടി. പ്രധാനമന്ത്രി അന്നൊരിക്കൽ നമസ്കരിച്ചപ്പോൾ തീർന്നതാണ് പാർലമെന്റ്. മിത്രോം എന്ന് കേട്ടാൽ പണി ഉറപ്പാണ്. നോട്ടുനിരോധനം ഓർമയുണ്ടല്ലോ. ഇത്തരത്തിൽ രാജഭരണകാല ചിഹ്നങ്ങൾ തിരിച്ചുകൊണ്ടുവരുന്നതോടെ നിങ്ങൾ സർദാർ പട്ടേലിനോട് അനീതി കാണിക്കുകയാണ്.

രാജീവ് ചന്ദ്രശേഖർ കേരളത്തിൽനിന്ന് മത്സരിക്കാൻ പോകുകയാണെന്ന് കേട്ടു, സന്തോഷം ! രാജീവ് വരുന്നതിൽ സന്തോഷമേയുള്ളൂ, കാരണം അങ്ങനെയെങ്കിലും നിങ്ങൾ കേരളത്തിലെ ജനങ്ങളെ കേൾക്കണം. മുരളീധരന് മാത്രം എല്ലാം കിട്ടിയാൽ മതിയോ, നിങ്ങളും വാന്നേ !

സബ്കാ സാഥ്, സബ്കാ വികാസ്…കേട്ട് കേട്ട് മടുത്തു !

നിങ്ങൾ പ്രാണപ്രതിഷ്ഠ ചെയ്തു, അതിനെ ഞാൻ ഒന്നും പറയുന്നില്ല, കാരണം ഇക്കാലത്തു ദൈവങ്ങൾക്ക് പ്രാണൻ കൊടുക്കുന്നത് മനുഷ്യരാണല്ലോ. എന്നാൽ പ്രധാനമന്ത്രിയുടെ ആദ്യത്തെ ലക്ഷ്യം ജനങ്ങൾക്ക് പ്രാണൻ നൽകുക എന്നതാണ്, ദൈവങ്ങൾക്കല്ല. പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോകണം. അവിടുത്തെ ജനങ്ങൾക്ക് ആദ്യം പ്രാണപ്രതിഷ്ഠ നൽകണം. അത് ചെയ്യാത്ത വെറുതെ വോട്ടുകൾ കിട്ടാനായി രാഷ്ട്രീയ നാടകം കളിക്കരുത്.

RSS ഇപ്പോൾ വിവിധ സ്ഥാപനങ്ങളെയെല്ലാം തകർത്തുകളയുകയാണ്. സ്റ്റാന്റിംഗ് കമ്മിറ്റികൾക്ക് എന്തുസംഭവിച്ചു? ഒരു സ്റ്റാന്റിംഗ് കമ്മിറ്റി മീറ്റിങിൽ ഞങ്ങളെല്ലാം പങ്കെടുത്തിട്ട് മൂന്ന് മാസമായി
ഇവിടെ കമ്മിറ്റിയുമില്ല, ചർച്ചയുമില്ല, ബില്ലുമില്ല ! രണ്ട് മിനിറ്റിൽ ദോശ ചുടുന്ന പോലെ ബില്ലുകൾ പാസ്സാക്കുകയാണ്.

എല്ലാ മതസ്ഥാപനങ്ങളെയും നിങ്ങൾക്ക് കുഴിച്ചുനോക്കണം. എത്ര ദൂരം നിങ്ങൾ ഇങ്ങനെ കുഴിക്കും? ഇനിയും കുഴിച്ചാൽ ബുദ്ധരുടെയും ജൈനരുടെയും ശേഷിപ്പുകൾ കിട്ടും. കൂടുതൽ കുഴിച്ചാൽ നിങ്ങളുടെ പിന്തലമുറക്കാർ വന്ന ആഫ്രിക്കയിൽ നിങ്ങൾ എത്തും.

UPA യുടെ കാലത്ത് GDP 6.8 ആയിരുന്നു, എന്നാൽ 10 വർഷത്തിനിപ്പുറം അത് 5.9 ആയി. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചുവെന്ന് നിങ്ങൾ പറയുന്നു, എന്നാൽ സെൻസസ് പോലും നടത്താതെ എനനെയാണ് നിങ്ങൾക്ക് ഈ കണക്കുകൾ കിട്ടിയത്. എല്ലാ സൂചികകളിലും നമ്മൾ താഴെയാണ്. രാജ്യത്തെ മീഡിയയെ നിങ്ങൾ ‘മോദിയാ’ ആക്കി മാറ്റിയിരിക്കുന്നു.

എല്ലാ മാധ്യമങ്ങളും നിങ്ങളുടേത് പോലെയായിരിക്കുന്നു രാജീവ് ജി

സംസ്ഥാനത്തെ ദ്രോഹിച്ചതിന് ചരിത്രത്തിൽ ആദ്യമായി കേരളത്തിലെ മന്ത്രിസഭയും എംഎൽഎമാരും എംപിമാരും എല്ലാം നിങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ പോകുകയാണ്. ആഭ്യന്തരമന്ത്രിക്ക് നന്ദിപറഞ്ഞുകൊണ്ട് ഞാൻ അവസാനിപ്പിക്കുകയാണ്. എന്തിനെന്നോ, CRPFനെ വിന്യസിച്ചുകൊണ്ട് കേരളത്തിലെ ജനങ്ങളെ ഗവർണറിൽ നിന്ന് രക്ഷിച്ചതിന്

സബ്കാ സാത്, സബ്‌കാ വികാസ് എന്ന് പറയുമ്പോളും നിങ്ങളുടെ ലക്ഷ്യം ജനങ്ങളെയും രാജ്യത്തിനെയും ഭിന്നിപ്പിക്കുക എന്നത് മാത്രമാണ്. അത് ഞങ്ങളൊരിക്കലും അനുവദിക്കില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel