
രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എം പി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സർക്കാർ അംഗീകരിച്ച പദ്ധതി പ്രകാരം രൂപീകരിച്ചതും, പാർലമെന്റ് നിയമപ്രകാരം ഏറ്റെടുത്ത ഭൂമി നിക്ഷിപ്തമായതും, സിറ്റിംഗ് ഐ.എ.എസ് ഉദ്യോഗസ്ഥർ പ്രതിനിധികളായുള്ളതുമായ ഒരു സ്ഥാപനത്തെ സ്വയംഭരണാധികാരം എന്ന പേരിൽ വിവരാവകാശ നിയമത്തിൽ നിന്ന് മാറ്റിനിർത്താൻ കഴിയില്ലെന്ന് കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ട്രസ്റ്റ് ഒരു പൊതു അതോറിറ്റി അല്ലെന്ന 2025 ജൂൺ 6-ലെ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പുനഃപരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയം തയ്യാറാകണമെന്ന് ബ്രിട്ടാസ് ആവശ്യപ്പെട്ടു. മന്ത്രാലയം സ്വീകരിച്ച നിലപാടിന്റെ അടിസ്ഥാനത്തിലാണ് സി.ഐ.സി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു.
സുപ്രീം കോടതി വിധിയെത്തുടർന്ന് സർക്കാർ രൂപീകരിച്ച പദ്ധതി പ്രകാരമാണ് ട്രസ്റ്റ് നിലവിൽ വന്നത്. വിവരാവകാശ നിയമത്തിലെ സെക്ഷൻ 2(h)(d) പ്രകാരം സർക്കാർ വിജ്ഞാപനത്തിലൂടെയോ ഉത്തരവിലൂടെയോ സ്ഥാപിതമായ ഏത് സ്ഥാപനവും ആർ.ടി.ഐയുടെ പരിധിയിൽ വരും. ഇത് കോടതി ഉത്തരവ് പാലിച്ചാണോ അല്ലയോ എന്നത് പ്രസക്തമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ട്രസ്റ്റിലെ 15 അംഗങ്ങളിൽ 12 പേരെയും തുടക്കത്തിൽ നാമനിർദ്ദേശം ചെയ്തത് കേന്ദ്ര സർക്കാരാണ്. കൂടാതെ, ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി, ഉത്തർപ്രദേശ് സർക്കാർ പ്രതിനിധി, അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് തുടങ്ങിയ ഉദ്യോഗസ്ഥർ ട്രസ്റ്റ് ഭരണസമിതിയിലുണ്ട്. ട്രസ്റ്റ് പൂർണ്ണമായും സ്വകാര്യമാണെങ്കിൽ എന്തിനാണ് സർക്കാർ ഉദ്യോഗസ്ഥരെ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
രാജ്യത്തിനകത്തും പുറത്തുമുള്ള ഭക്തരിൽ നിന്ന് വൻതോതിൽ സംഭാവനകൾ സ്വീകരിക്കുന്ന ട്രസ്റ്റിന് സാമ്പത്തിക ഇടപാടുകളിലും കരാറുകളിലും ഉയർന്ന സുതാര്യത പുലർത്താൻ ബാധ്യതയുണ്ട്. ശ്രീ മാതാ വൈഷ്ണോ ദേവി ഷ്രൈൻ ബോർഡ് പോലുള്ള സ്ഥാപനങ്ങളിൽ മതപരമായ സ്വയംഭരണവും പൊതു ഉത്തരവാദിത്തവും ഒരുമിച്ച് പോകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവരാവകാശ നിയമത്തിന്റെ കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം തങ്ങളുടെ നിലപാട് പുനഃപരിശോധിക്കണമെന്നും ഇക്കാര്യത്തിൽ കോടതിയിൽ പുതുക്കിയ നിലപാട് അറിയിക്കണമെന്നും ജോൺ ബ്രിട്ടാസ് കത്തിൽ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

