അടിയന്തരാവസ്ഥയുടെ ആസുരതകള്‍ അച്ഛന്‍ അനുഭവിച്ചത് കണ്ട നാലു വയസുകാരന്‍റെ ഓര്‍മക്കുറിപ്പ്

np-ullekh-emergency

(അടിയന്തരാവസ്ഥ കാലത്ത് ഓർമകളുമായി കമ്മ്യൂണിസ്റ്റ് നേതാവ് പാട്യം ഗോപാലന്‍റെ മകനും മാധ്യമപ്രവർത്തകനുമായ എൻ പി ഉല്ലേഖ് ഓപ്പൺ മാഗസിൻ വെബ്സൈറ്റിൽ എഴുതിയ ലേഖനം)

എന്‍റെ അച്ഛന്‍ പാട്യം ഗോപാലന്‍, കട്ടിയുള്ള മീശ കളഞ്ഞ് വീട്ടിലെത്തിയതാണ് അടിയന്തരാവസ്ഥയെക്കുറിച്ച് കുട്ടിക്കാലത്തെ എന്‍റെ ആദ്യ ഓര്‍മ. ഭാരമേറിയ ഒരു ചുമട് തോളില്‍ നിന്ന് മാറ്റിയശേഷം, കൈകൾ പിന്നിലേക്ക് കെട്ടിപ്പിടിച്ച് പുഞ്ചിരിച്ചുകൊണ്ടായിരുന്നു അച്ഛന്‍റെ വരവ്. പക്ഷേ പതിവ് രീതിയില്‍ നിന്ന് വ്യത്യസ്ത രൂപത്തില്‍ അച്ഛനെക്കണ്ടപ്പോള്‍ ഞാനും എന്‍റെ ഇരട്ട സഹോദരിയും ശരിക്കും ഞെട്ടി. അടിയന്തരാവസ്ഥക്കാലത്ത് പൊലീസിനെ വെട്ടിച്ച് അച്ഛന്‍ ഒളിവിലായിരുന്നു.

കണ്ണൂരിലെ തറവാട്ടുവീട്ടിൽ അപരിചിതരോ ഭയപ്പെടുത്തുന്നവരോ ആയ സന്ദർശകർ വരുമ്പോൾ പലപ്പോഴും ചെയ്തിരുന്നതുപോലെ, എന്‍റെ സഹോദരി അച്ഛനെ സ്വീകരിക്കാന്‍ വിമുഖത കാട്ടി. അപരിചിതർ വരുമ്പോൾ സാധാരണ ചെയ്യുന്നതുപോലെ, ഇരുണ്ട മുറിയിലേക്ക് ഓടുന്നതിനു പകരം കണ്ട കാര്യം അറിയിക്കാൻ അടുക്കളയില്‍ അമ്മയുടെ അടുത്തേക്ക് അവര്‍ ഓടുകയായിരുന്നു. ഒഴിഞ്ഞുമാറിയ ആ പോക്കിനിടയിലും അപരിചിതന്‍റെ അടുത്തുനിന്നും അകന്നുനില്‍ക്കണമെന്ന മുന്നറിയിപ്പ് എനിക്ക് നല്‍കാനും അവര്‍ മറന്നില്ല.

പതിവുരീതിയിലുള്ള സഹായത്തിനുപകരം ചിരിയായിരുന്നു അമ്മയുടെ മുഖത്ത്. യാഥാര്‍ത്ഥ്യം തിരിച്ചറിയാത്ത സഹോദരിയാകട്ടെ, അമ്മയുടെ കൂട്ടുകുടുംബ വീട്ടിലെ ഉൾമുറികളിലൊന്നില്‍ അപകടബോധം മങ്ങുന്നതുവരെ കട്ടിലിനടിയിൽ ഒളിച്ചിരുന്നു.

1975 ജൂൺ 25 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും പൗരാവകാശങ്ങൾ താല്‍ക്കാലികമായി റദ്ദാക്കിയെന്നും ആയിരക്കണക്കിന് രാഷ്ട്രീയ എതിരാളികളെ ജയിലിലടച്ചുവെന്നും അറിയുന്നതും അന്നാണ്. ഭരണകൂട ഭീകരതയും പൊലീസ് നരനായാട്ടും ഭയന്ന് പലരും ഒളിവിലായിരുന്നു. രണ്ട് വര്‍ഷത്തോളം നീണ്ട ഭീകര കാലത്തിന്
ശേഷം, വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷയോടെ ഇന്ദിരാഗാന്ധി അടുത്ത തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സമയമായിരുന്നു അത്.

അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട ഒളിവ് ജീവിതത്തിന് ശേഷം അച്ഛൻ തിരിച്ചെത്തിയത് മാത്രമല്ല അടിയന്താരാവസ്ഥ ഓര്‍മകള്‍.

ഇപ്പോൾ നമുക്കറിയാവുന്നതുപോലെ, ജനാധിപത്യ കശാപ്പിന്‍റെ അടിയന്തരാവസ്ഥക്കാലം സംശയാസ്പദമായ കാരണങ്ങളാൽ കോൺഗ്രസ് ഭരണകൂടം അടിച്ചേൽപ്പിച്ചു, പിന്നീട് പല രാജ്യങ്ങളിലും ദേശീയ സുരക്ഷയുടെ പേരിൽ, അധികാരത്തിനും നിയന്ത്രണത്തിനും വിഭവങ്ങൾക്കും വേണ്ടിയുള്ള യുദ്ധങ്ങളെ ന്യായീകരിക്കാൻ സമാനമായ കാരണങ്ങളാൽ ഉപയോഗിക്കപ്പെട്ടതായി നാം കണ്ടിട്ടുണ്ട്. അന്നും ഇന്നും ഭരണാധികാരികള്‍, ഏകാധിപതികള്‍ ദേശസ്നേഹത്തിന്‍റെ തെറ്റായ പ്രചാരണത്തില്‍ അവരുടേതായ അത്യാഗ്രഹങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

Also Read- അടിയന്തരാവസ്ഥയും സിപിഐ എം ചെറുത്തുനിൽപ്പും

സ്കൂള്‍ പഠനത്തിനുമുമ്പ് ഞങ്ങള്‍ മൂന്നുപേരെയും മലയാളം അക്ഷരമാല പഠിപ്പിക്കാന്‍ ഒരു ആശാന്‍ വരുമായിരുന്നു. കുട്ടികളായ ഞങ്ങള്‍ക്കാകട്ടെ ഇന്ദിരാഗാന്ധി എന്നത് ഒരു മോശം വാക്കായിരുന്നു. ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള ഞങ്ങളുടെ അറിവ് തെരുവിലെ അവരുടെ ഫോട്ടോകളില്‍ നിന്നാണ് ലഭിച്ചത്. മൂത്ത കസിന്‍സിനെ അനുകരിച്ച് ഇന്ദിരാഗാന്ധിയെ “ഇന്‍ റാന്തി” എന്ന് തെറ്റായി ഉച്ചരിച്ചത് ഞാന്‍ ഓര്‍ക്കുന്നു.

ഞാൻ ഇരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന കസേരയിൽ ആരോ ഇന്ദിരാഗാന്ധിയുടെ ഫോട്ടോയുള്ള പത്രം വെച്ചപ്പോൾ എന്‍റെ ഒരു വയസുള്ള സഹോദരന്‍ അകാരണമായി കരഞ്ഞതാണ് അക്കാലത്തെക്കുറിച്ചുള്ള മറ്റൊരു ക്ഷണികമായ ഓര്‍മ. ഞങ്ങള്‍ സഹോദരങ്ങളുടെ വഴക്കിനിടെ അയാള്‍ കസേരയില്‍ വീഴുകയായിരുന്നു. വീണയുടനെ കണ്ണൂരിലെ നാടന്‍ ഉച്ചാരണ ശൈലിയില്‍ ഞാനവനെ കളിയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു, “ഇന്‍ റാന്തി” നിന്നെ കടിക്കും എന്നായിരുന്നു എന്‍റെ
ഭീഷണി. ഭയന്ന അവന്‍ അസ്വസ്ഥനായി, ഒടുവില്‍ നിര്‍ത്താതെ കരയാനും തുടങ്ങി. അമ്മയും വീട്ടിലെ മുതിർന്ന എല്ലാവരും എന്നെ ശകാരിക്കുകയും ചെയ്തു.

ഇന്ന്, അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം, അച്ഛൻ ഷേവ് ചെയ്ത മുഖത്തിന്‍റെ ആദ്യ കാഴ്ച മാത്രമല്ല അടിയന്താരാവസ്ഥ കാലങ്ങളെ ഓർമ്മിപ്പിക്കുന്നത്. അച്ഛന്‍ എപ്പോഴൊക്കെ വീട്ടിലെത്താറുണ്ടായിരുന്നോ അപ്പോഴെല്ലാം എന്തോ ഒളിപ്പിക്കുന്നതായി തോന്നിയിരുന്നു. വീട്ടില്‍ അച്ഛന്‍ എത്തുന്നത് അപൂര്‍വമായിരുന്നു. വരുമ്പാഴാകട്ടെ, കുടുംബത്തിലെ പതിവുരീതിയില്‍ നിന്ന് വ്യത്യസ്തമായി ഭക്ഷണം കഴിച്ചിരുന്നത് കിടപ്പുമുറിയിലിരുന്നായിരുന്നു. നാല് വയസുപോലും തികയാത്ത എന്‍റെ ഓര്‍മയില്‍ പതിഞ്ഞ ചിത്രമായിരുന്നു അതും. അക്കാലത്ത് കിടപ്പുമുറിയിലിരുന്ന് ആരും ഭക്ഷണം കഴിച്ചില്ല. പുരുഷന്മാർ ഡൈനിംഗ് ടേബിളിലിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ കുട്ടികളായ ഞങ്ങൾക്ക് അടുക്കളയിലെ ചെറിയ പ്ലാസ്റ്റിക് കസേരകളില്‍ ഇരുത്തിയായിരുന്നു ഭക്ഷണം നല്‍കിയരുന്നത്.
ഒരിക്കല്‍ അച്ഛൻ കിടപ്പുമുറിയിലിരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ, അച്ഛാ എന്ന് ഉച്ചത്തിലല്ലാതെ, ആവേശത്തോടെ ഞാന്‍ വിളിച്ചപ്പോള്‍ അമ്മ എന്നെ നിശബ്ദനാക്കി. പുറത്ത് ആളുകളുണ്ടെന്ന തരത്തില്‍ എന്തോ മന്ത്രിച്ചു. അമ്മയുടെ മുന്നറിയിപ്പ് എനിക്ക് മനസ്സിലായില്ല. പക്ഷേ അച്ഛനെതിരെ ചാരപ്പണി നടത്തുന്ന അപരിചിതരെ ഞാൻ ജനാലയിലൂടെ നോക്കി.

അച്ഛന്‍റെ ഭക്ഷണ രീതിയെക്കുറിച്ച് ഞാന്‍ പറഞ്ഞറിഞ്ഞ എന്‍റെ സമപ്രായക്കാരനായ കസിനും ഞാനും പകുതി തുറന്ന വാതിലിലൂടെ കിടപ്പുമുറിയിലേക്ക് നോക്കി. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അച്ഛന്‍ ഞങ്ങളെ നോക്കി പുഞ്ചിരിച്ചെങ്കിലും ഞങ്ങൾക്ക് തിരിച്ച് ചിരിക്കാനായില്ല. ഒരുപക്ഷേ, ഞങ്ങൾ അച്ഛനെ കണ്ടിട്ടുണ്ടെന്നോ അച്ഛന്‍ കിടപ്പുമുറിയിൽ ഉച്ചഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടെന്നോ
അംഗീകരിക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ലായിരിക്കാം. ആ പ്രായത്തിൽ, അടിയന്തരാവസ്ഥയെക്കുറിച്ചുള്ള എന്‍റെ ധാരണ ഇതായിരുന്നു. അച്ഛൻ കിടപ്പുമുറിയിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നത് കാണരുത്.

തടവറക്കാലം- അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ- കൈരളി ന്യൂസ് ഓൺലൈൻ പ്രത്യേക മൾട്ടിമീഡിയ പേജ് വായിക്കാം…

അടിയന്തരാവസ്ഥ പിൻവലിച്ചതിന് മാസങ്ങൾക്ക് ശേഷമാണ് അക്കാലത്ത് അച്ഛന്‍ നേരിട്ട പീഡനത്തെക്കുറിച്ച് അമ്മ വളരെയേറെ ദേഷ്യത്തോടെ എന്നോട് പറഞ്ഞത്. അമ്മയുടെ വാക്കുകള്‍ കൃത്യമായി എനിക്ക് ഓർമ്മയില്ല. പക്ഷേ “ഇൻ റാന്തി” ഒരു നല്ല സ്ത്രീയല്ലെന്നും ജൂൺ 25 ന് രാത്രി പൊലീസ് അച്ഛനെത്തേടി ഞങ്ങളുടെ വീട്ടിലെത്തിയിരുന്നുവെന്നും അമ്മ പറഞ്ഞു. പാര്‍ട്ടി സഖാക്കളെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് കണ്ണൂരിലെ സി പി ഐ എം ഓഫീസില്‍ നിന്ന് ജില്ലാ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അച്ഛന്‍ അനേഷിച്ചിരുന്നു. അവരെ ഉടന്‍ വിട്ടയക്കുമെന്ന് തെറ്റായ ഉറപ്പ് നല്‍കുകയാണ് പൊലീസ് ചെയ്തത്.

പക്ഷേ, വീട്ടിലേക്ക് തിരിച്ച അച്ഛനെത്തേടി അപ്പൊഴേക്കും പൊലീസും അന്വേഷണം തുടങ്ങിയിരുന്നു. ഞങ്ങളുടെ വീട്ടിലേക്കുള്ള വഴി ചോദിച്ച പൊലീസിനെ ആരോ തെറ്റിദ്ധരിപ്പിച്ചു. അച്ഛന്‍ വീട്ടിലുള്ള സയമത്ത് തന്നെ പൊലീസ് ജീപ്പ് കടന്നുപോകുന്ന ശബ്ദം എല്ലാവരും കേട്ടിരുന്നു. പിന്നീട് മറ്റൊരാൾ പൊലീസിന് കൃത്യമായി ഞങ്ങളുടെ വീട് കാട്ടിക്കൊടുത്തെങ്കിലും അപ്പൊഴേക്കും അച്ഛന്‍ അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. നിരവധി തവണ അറസ്റ്റിലാവുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത
അച്ഛന് പൊലീസിന്‍റെ പ്രവർത്തന രീതി നന്നായി അറിയാമായിരുന്നു.

വീട്ടിലെത്തിയ പൊലീസാകട്ടെ അമ്മാവനോട് പാട്യം ഗോപാലന്‍ ഇവിടെയുണ്ടോ എന്നുചോദിച്ചു. ഇല്ല എന്ന് അമ്മാവന്‍ പറഞ്ഞെങ്കിലും പൊലീസ് ഞാനും സഹോദരങ്ങളും ഉറങ്ങിയിരുന്ന മുറി ഉൾപ്പെടെ എല്ലായിടത്തും പരിശോധിച്ചു. അതേ രാത്രിയിൽ പൊലീസ്, 22 കിലോമീറ്റർ അകലെയുള്ള ഞങ്ങളുടെ കുടുംബ വീടിന്‍റെ വാതിൽ ബലമായി തുറന്ന് എല്ലാ മുറികളിലും പരിശോധിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്ന് ഞങ്ങൾക്ക് അപ്പോള്‍ അറിയില്ലായിരുന്നു. തന്നെ തേടിയാണ് പൊലീസ് നടക്കുന്നതെന്ന് അച്ഛന് അറിയാമായിരുന്നുവെങ്കിലും “മിസ, Maintaince of Internal Security Act)” അനുസരിച്ചായിരുന്നു ഈ തിരച്ചിലെന്ന് പിന്നീടാണ് മനസിലായത്.

അമ്മ പീന്നീട് പറഞ്ഞ വസ്തുതളില്‍ നിന്നാണ് അടിയന്താരവസ്ഥയെക്കുറിച്ച് കൂടുതല്‍ അറിയുന്നത്. അറസ്റ്റിലായത് ആയിരങ്ങള്‍, പീഡനത്തിനിരയായവര്‍ അസംഖ്യം,കൊല്ലപ്പെട്ടവര്‍ നിരവധി… സഹജീവികളെ ഒറ്റുകൊടുത്ത കോൺഗ്രസ് പാർട്ടിയുടെ ചാരന്മാരുടെയും, അതിൽ പങ്കാളികളായ പ്രാദേശിക നേതാക്കളുടെയും പങ്ക്, ഇതെല്ലാം അമ്മ പറഞ്ഞുതന്നിരുന്നു. പിന്നീട് വർഷങ്ങൾക്കുശേഷം പത്രങ്ങളിലും പുസ്തകങ്ങളിലും രാഷ്ട്രീയ ജേണലുകളിലും ഞാന്‍ വായിച്ച അടിയന്താരാവസ്ഥ ഭീകരതകള്‍. ഭയവും അടങ്ങാത്ത അധികാരമോഹവും കാരണം ഏകാധിപത്യ ഭരണകൂടങ്ങൾ രാഷ്ട്രീയ എതിരാളികളോട് എന്തുചെയ്യുന്നുവെന്ന് എന്നെത്തന്നെ ഓർമ്മിപ്പിക്കാൻ ഞാൻ അവ തുടർന്നും വായിക്കുന്നു.

ഞങ്ങളുടെ കിടപ്പുമുറിയിലെ നിശബ്ദതയിൽ അച്ഛൻ ഉച്ചഭക്ഷണം കഴിക്കുമ്പോൾ, അച്ഛനെക്കണ്ട എന്‍റെ നിഷ്കളങ്കമായ സന്തോഷത്തെ ഭ്രാന്ത് പിടിച്ച രീതിയില്‍ ഇല്ലായ്മ ചെയ്ത അമ്മയുടെ അന്നത്തെ അവസ്ഥ, ആ നിമിഷമാണ് എന്നെ സംബന്ധിച്ച് അടിയന്തരാവസ്ഥയുടെ സത്ത.

  • എന്ന് അടിയന്തരാവസ്ഥയുടെ ആസുരതകള്‍ അച്ഛന്‍ അനുഭവിച്ചത് കണ്ട നാലു വയസുകാരന്‍
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News