‘നിൻ്റെ കണ്ണുകളിലെ നിലാവ് പെയ്തിറങ്ങുന്നത് എൻ്റെ നെഞ്ചിലേക്കാണ്’; അന്തരിച്ച സിപിഐഎം നേതാവ് വി വിനോദിന്റെ വാക്കുകൾ പങ്കുവച്ച് മാധ്യമപ്രവർത്തകൻ

v vinod

അന്തരിച്ച സിപിഐഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് മാധ്യമപ്രവർത്തകനായ പി വി കുട്ടൻ. വി വിനോദ് സമര തീക്ഷ്ണമായിരുന്ന 90 കളിൽ കണ്ണൂരിലെ വിദ്യാർത്ഥി പ്രസ്ഥാനത്തെ നയിച്ച ധീരനായ പോരാളിയായിരുന്നുവെന്നാണ് കുറിപ്പ്. ഫേസ്ബുക്കിലൂടെയാണ് പി വി കുട്ടൻ നേതാവിനെക്കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചത്

കുറിപ്പിന്റെ പൂർണരൂപം

ഈ കുന്നിന് മുകളിലേക്ക് ഒരിക്കൽ കൂടി വസന്തം വിരുന്ന് വരികയാണ്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്,കളകളാരവവും,കുയിൽ പാട്ടും,തേൻ മധുരവും പൂ മണമുള്ള ഇളം കാറ്റും…(മാടായി കോളേജ് ഇലക്ഷൻ സുവനീറിൽ വി വിനോദേട്ടൻ കുറിച്ച വരികൾ )
….
പ്രിയപ്പെട്ട വിനുവേട്ടൻ യാത്രയായിട്ട് അഞ്ച് ദിവസങ്ങൾ… വിനുവേട്ടനെക്കുറിച്ച് എത്രയെഴുതിയാലും മതിയാവില്ല,1996 ൽ പിണറായി വിജയൻ പയ്യന്നൂരിൽ മൽസരിക്കുമ്പോൾ അഞ്ജനപ്പുഴയിൽ നടന്ന സ്വീകരണയോഗത്തിൽ പൈലറ്റായി പ്രസംഗിക്കാൻ എത്തിയപ്പോഴാണ് വി വിനോദ് എന്ന എസ് എഫ് ഐ നേതാവിനെ ആദ്യമായി കാണുന്നത്. മനോഹരമായ പ്രസംഗം നടത്തിയ ആ വിദ്യാർത്ഥി നേതാവിനെ പരിചയപ്പെടുത്തി തന്നത് അന്നത്തെ കുറ്റൂരിലെ പാർട്ടി നേതാവായിരുന്ന ഇ കരുണാകരേട്ടനായിരുന്നു.

also read:‘യുഡിഎഫ് സർക്കാർ കേന്ദ്രഭരണത്തോട് അടിയറവ് പറയുന്നു’;വിമർശിച്ച് കെ രാജൻ

പിന്നീട് മാടായിയിൽ പഠിക്കാനെത്തിയപ്പോഴായിരുന്നു വിനുവേട്ടനുമായുള്ള ബന്ധം ദൃഢമായത്.സമര തീക്ഷ്ണമായിരുന്ന 90 കളിൽ കണ്ണൂരിലെ വിദ്യാർത്ഥി പ്രസ്ഥാനത്തെ നയിച്ച ധീരനായ പോരാളി… ഒന്നിച്ചിരിക്കുമ്പോഴെല്ലാം അക്കാലത്തെ പറ്റി നമ്മൾ ചോദിച്ചറിയുമായിരുന്നു.കോളേജ് ഇലക്ഷൻ കാലത്ത് ഓരോ സ്പന്ദനങ്ങളും അറിഞ്ഞ് നമുക്ക് മാർഗ ദർശിയായി വിനുവേട്ടൻ… ഇലക്ഷൻ സുവനീറിൽ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുന്ന ഹൃദയ സ്പർശിയായ വരികളെല്ലാം വിനുവേട്ടൻ്റേതായിരുന്നു. വ്യക്തിപരമായ എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാൻ പറ്റുന്ന സ്വന്തം ഏട്ടൻ.മാടായിയിൽ എസ്എഫ്ഐ ചരിത്ര വിജയം നേടിയപ്പോൾ ഓടിയെത്തി അഭിനന്ദിച്ചു. അന്ന് ടി . വി രാജേഷേട്ടനും വിനുവേട്ടനും അശോകേട്ടനും സുജുവേട്ടനും ഒക്കെ തന്നിരുന്ന പിന്തുണ മനസിൽ നിന്നും മായുന്നേ ഇല്ല. വിനുവേട്ടൻ ബാലസംഘം ജില്ലാ രക്ഷാധികാരി സെക്രട്ടറിയായിരുന്നപ്പോഴാണ് ഞാൻ ബാലസംഘം ജില്ലാ സഹഭാരവാഹിയാകുന്നത്.

അന്നൊരു ദിവസം അശോകേട്ടൻ എനിക്ക് തന്നൊരു ഡയറിയിൽ മഷിപ്പേന കൊണ്ട് വിനുവേട്ടൻ ഇങ്ങനെ കുറിച്ചു,നിൻ്റെ കണ്ണുകളിലെ നിലാവ് പെയ്തിറങ്ങുന്നത് എൻ്റെ നെഞ്ചിലേക്കാണ്…എന്നിട്ട് എന്നെ നോക്കി പതിവ് പോലെ കണ്ണിറുക്കി ഒരു ചിരി ചിരിച്ചു, അതിൻ്റെയർത്ഥം നിനക്ക് വേണ്ടപ്പെട്ട ആൾക്ക് ഇത് സമ്മാനമായി കൊടുത്തോളുവെന്ന്… പിന്നീട് വർഷങ്ങൾക്കിപുറം കൈരളിയിൽ മാധ്യമ പ്രവർത്തകനായി പുതിയ ജീവിതം തുടങ്ങിയപോൾ ഇടക്കിടെ വിളിക്കും, ഓരോ പുരസ്ക്കാരങ്ങൾ ലഭിക്കുമ്പോഴും ഫേസ്ബുക്കിൽ അഭിനന്ദന പോസ്റ്റ് ഉണ്ടാകും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കുഞ്ഞിമംഗലത്ത് വെച്ച് ടി . വി രാജേഷേട്ടനൊപ്പം വിനോദേട്ടനയും കൈരളിയുടെ ഫ്രെയിമിൽ ചേർത്ത് വെച്ചു.

അസുഖ ബാധിതനെങ്കിലും തീക്ഷ്ണമായ രാഷ്ടീയ നിലപാട് വിനുവേട്ടൻ പങ്കു വെച്ചു. ഒടുവിൽ രണ്ടാഴ്ച മുമ്പ് ഞാനും മധുവും രാജേഷേട്ടൻ്റെയും അശോകേട്ടൻ്റെയും സജിത്തേട്ടൻ്റെയും സുധാജിൻെറയും കൂടെ ചെറുകുന്നു ആശുപത്രിയിൽ കാണാനെത്തിയപ്പോൾ നിറഞ്ഞ കണ്ണുകളോടെ കുറേ നേരം നോക്കി നിന്നു. എന്നെയും മധുവിനെയും പേരെടുത്ത് വിളിച്ച് സംസാരിച്ചു, കഴിഞ്ഞ ഞായറാഴ്ച രാവിലെ എം.വി രാജീവേട്ടനാണ് വിയോഗ വാർത്ത വിളിച്ചറിയിക്കുന്നത്. അടുത്തിലയിലെ വീട്ടിലെ നിറഞ്ഞ ജനസഞ്ചയനത്തിനിടയിൽ ഞാനും നിമിഷയും അവസാനമായി വിനുവേട്ടനെ ഒരിക്കൽ കൂടി കണ്ടു.

എൻ്റെ മനസിൽ പഴയ ഡയറിത്താളിൽ വിനുവേട്ടൻ കുറിച്ച ആ വരികളായിരുന്നു.നിൻ്റെ കണ്ണുകളിലെ നിലാവ് പെയ്തിറങ്ങുന്നത് എൻ്റെ നെഞ്ചിലേക്കാണ്. പ്രിയപ്പെട്ട വിനുവേട്ടാ നിങ്ങളെന്നും എൻ്റെ ഇട നെഞ്ചിൽ ഉണ്ടാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News