
ആശാ പ്രവര്‍ത്തകരുടെ കേന്ദ്ര കുടിശികയില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. കേരളത്തിന് നല്‍കാനുളള വിഹിതത്തില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും ഫണ്ട് വിനിയോഗത്തിന്റെ കണക്കുകള്‍ ലഭ്യമാകാനുണ്ടെന്നും ജെപി നദ്ദ രാജ്യസഭയില്‍ പറഞ്ഞു. ആശാ പ്രവര്‍ത്തകരുടെ വേതനം വര്‍ദ്ധിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേന്ദ്രം നല്‍കാനുളള കുടിശ്ശിക ലോക്‌സഭയില്‍ കെ രാധാകൃഷ്ണന്‍ എംപിയും ഉന്നയിച്ചു.
ആശാ പ്രവര്‍ത്തക സ്‌കീമിനായി കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുളള കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ട് ഹരിയാനയിലെ ബിജെപി എംപി രേഖ ശര്‍മ്മ ഇന്നലെയാണ് രാജ്യസഭയില്‍ വിഷയം ഉന്നയിച്ചത്. 24 മണിക്കൂര്‍ തികയും മുമ്പ് ബിജെപി എംപിയെ തളളി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ.
ആശാ സ്‌കീമില്‍ കേരളത്തിന് എല്ലാ കുടിശ്ശികയും നല്‍കിയെന്നായിരുന്നു രാജ്യസഭയില്‍ ജെ പി നദ്ദയുടെ പ്രസ്താവന. കേരളം ഫണ്ട് വിനിയോഗിച്ചതിന്റെ കണക്കുകള്‍ നല്‍കാനുണ്ടെന്ന ആരോപണവും കേന്ദ്രമന്ത്രി ഉയര്‍ത്തി. ആശാ വര്‍ക്കര്‍മാരുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ച കേന്ദ്രമന്ത്രി വേതനം വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും വ്യക്തമാക്കി. സിപിഐ എംപി പി സന്തോഷ് കുമാറിന്റെ ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കാനുളള കുടിശ്ശിക കെ രാധാകൃഷ്ണന്‍ എംപി ലോക്‌സഭയില്‍ ഉന്നയിച്ചു. 439 കോടി രൂപയാണ് കേന്ദ്രം സംസ്ഥാനത്തിന് കുടിശ്ശിക നല്‍കാനുളളതെന്ന് കെ രാധാകൃഷ്ണന്‍ എംപി ചൂണ്ടിക്കാട്ടി. ആശപ്രവര്‍ത്തക സ്‌കീമില്‍ 100 കോടി കുടിശ്ശികയുണ്ടെന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചത്. എന്നാല്‍ കേന്ദ്രവിഹിതം നിഷേധിക്കപ്പെടുമ്പോഴെല്ലാം കണക്കുകള്‍ തരാനുണ്ടെന്ന വാദം ഇത്തവണയും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

