
ആശാ പ്രവര്‍ത്തകരുടെ ഇന്സെന്റീവ് ഇപ്പോള്‍ വര്‍ദ്ധിപ്പിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ ആരോഗ്യമന്ത്രാലയ ചര്‍ച്ചയ്ക്ക് ശേഷമുളള മറുപടിയിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ നിലപാടറിയിച്ചത്. മോദി ഭരണത്തില്‍ ആശാ പ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് നല്ല രീതിയില്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു. ആരോഗ്യമേഖലയില്‍ കേരളം കൈവരിച്ച പുരോഗതി ചൂണ്ടിക്കാട്ടി ശിക്ഷിക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് വി ശിവദാസന്‍ എംപി തുറന്നടിച്ചു.
ആശാ പ്രവര്‍ത്തകരുടെ നിസ്തുലമായ സേവനത്തെ വാനോളം പുകഴ്ത്തിയ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ, ഇന്‍സന്‍റീവ് വര്‍ദ്ധിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കി. സമയബന്ധിതമായി മാത്രമേ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കാനാവൂ. മോദി ഭരണത്തില്‍ ഏറ്റവും ഉയര്‍ന്ന ഇന്‍സന്റീവാണ് ആശാ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതെന്ന അവകാശവാദവും കേന്ദ്രമന്ത്രി ഉന്നയിച്ചു.
രാജ്യസഭയില്‍ ആരോഗ്യമന്ത്രാലയ ചര്‍ച്ചയിലുളള മറുപടിയിലായിരുന്നു ആശാ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടി നല്‍കുന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന. അതേസമയം ചര്‍ച്ചയില്‍ പങ്കെടുത്ത വി ശിവദാസന്‍ എംപി ആരോഗ്യമേഖലയില്‍ കേരളത്തോട് കാണിക്കുന്ന കേന്ദ്ര അവഗണന ശക്തമായി ഉന്നയിച്ചു. പ്രാഥമികാരോഗ്യ മേഖലയിലെ കേന്ദ്രത്തിന്റെ കോ ബ്രാന്‍ഡിംഗ് നിബന്ധനയും കേരളത്തിന് ലഭ്യമാകേണ്ട 637 കോടി രൂപ തടഞ്ഞുവച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. ആശാ പ്രവര്‍ത്തകര്‍ക്ക് കേന്ദ്രം വെറും 1200 മാത്രമാണ് ഇന്‍സെന്റീവ് നല്‍കുന്നതെന്നും വി ശിവദാസന്‍ എംപി പറഞ്ഞു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ കേന്ദ്രത്തിന് ചെയ്യാനുളളത് ഉടന്‍ നടപ്പാക്കുമെന്ന് ആശാ പ്രവര്‍ത്തകരുടെ സമരപ്പന്തലിലെത്തി സംസാരിച്ചിരുന്നു. എന്നാല്‍ ജെ പി നദ്ദയുടെ പ്രസ്താവനയോടെ ആശാ പ്രവര്‍ത്തകരോടുളള ബിജെപിയുടെ കപടസ്‌നേഹവും രാഷ്ട്രീയലാക്കുമാണ് പുറത്തുവന്നതും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

