
വിചിത്രവാദങ്ങൾ നിരത്തി ഹൈക്കോടതിയില്‍ സെന്‍സര്‍ ബോര്‍ഡിന്റെ സത്യവാങ്മൂലം. ബലാത്സംഗത്തിനിരയായ ജാനകിയെ വിസ്തരിക്കുന്ന പ്രതിഭാഗം അഭിഭാഷകന്‍ ഇതര മതസ്ഥന്‍ ആണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ജാനകിയെന്ന കഥാപാത്രത്തെ അപമാനിക്കുന്ന ചോദ്യങ്ങള്‍ ഈ സീനിലുണ്ട്. മതങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന് ഈ രംഗം കാരണമാകും എന്നും സെന്‍സര്‍ ബോര്‍ഡിന്റെ സത്യവാങ്മൂ പറയുന്നു.
ജാനകിയെന്ന പേര് സീതാദേവിയുടെ വിശുദ്ധനാമം. മതവികാരത്തെ അപമാനിക്കുന്നതിലൂടെ ക്രമസമാധാനം തകര്‍ക്കാനാണ് ശ്രമം. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ് സിനിമയിലെ രംഗം. ഇത് അംഗീകരിച്ചാല്‍ തുടര്‍ന്നും സമാന രംഗങ്ങള്‍ സിനിമകളില്‍ ആവര്‍ത്തിക്കും എന്നും സെന്‍സര്‍ ബോര്‍ഡിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.
ALSO READ: കീം ഫലം റദ്ദാക്കി; റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതി
സുരേഷ് ഗോപി നായകനായ ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദത്തിൽ സെന്‍സര്‍ ബോര്‍ഡ് നിലപാട് മയപ്പെടുത്തിയിരുന്നു. വിഷയം സമവായത്തിലൂടെ പരിഹരിക്കാമെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. 96 കട്ട് ആണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. എന്നാൽ അതുണ്ടാകില്ല. ഒരു സീന്‍ കട്ട് ചെയ്യണം, സബ്‌ടൈറ്റിലില്‍ മാറ്റം വരുത്തണം. കോടതി രംഗങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ്. ഹര്‍ജി ഹൈക്കോടതി ഉച്ചയ്ക്ക് 1.45ന് പരിഗണിക്കാന്‍ മാറ്റി.
കഴിഞ്ഞ അഞ്ചിന് ജഡ്ജി നേരിട്ട് സിനിമ കണ്ടിരുന്നു. നിര്‍മാതാക്കളുടെ ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റിസ് എന്‍ നഗരേഷാണ് പടമുഗള്‍ കളര്‍പ്ലാനറ്റ് സ്റ്റുഡിയോയിലെത്തി സിനിമ കണ്ടത്. ദൈവത്തിന് അപകീര്‍ത്തികരമായതോ വംശീയ അധിക്ഷേമുള്ളതോ ആയ യാതൊന്നും സിനിമയില്‍ ഇല്ലെന്ന് സിനിമ കണ്ടാല്‍ കോടതിക്ക് ബോധ്യപ്പെടുമെന്ന ഹര്‍ജിക്കാരുടെ വാദം കണക്കിലെടുത്താണ് ജഡ്ജി സിനിമ കണ്ടത്. എന്തുകൊണ്ട് ജാനകി എന്ന പേര് ഉപയോഗിക്കാന്‍ കഴിയില്ല എന്നതിന് കൃത്യമായ വിശദീകരണം നല്‍കാനും ജസ്റ്റിസ് എന്‍ നഗരേഷ് സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

