അമിത് ഷായുടെ വക്കീല്‍ രാഹുലിന്റെ വിധി പറയുമ്പോള്‍!

ആര്‍ രാഹുല്‍

അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയില്‍ എപ്രില്‍ 20ന് വിധി പറയും. അഡീഷണല്‍ സെഷന്‍സ് ജഡ്ജി റോബിന്‍ പോള്‍ മൊഗേരയാണ് കേസ് പരിഗണിക്കുന്നത്. ആരാണ് ജഡ്ജി ആര്‍.പി.മൊഗേര? രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നീക്കങ്ങള്‍ ഗൂഢാലോചനയുടെ ഭാഗം എന്ന് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിക്കുമ്പോള്‍ ആര്‍.പി മൊഗേര എന്ന ജഡ്ജിയില്‍ നിന്നും രാഹുലിന് നീതി കിട്ടുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം. കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായും ആര്‍പി മൊഗേരയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിച്ചാണ് ഈ ചോദ്യം ഉയരുന്നത് എന്നതാണ് എടുത്ത് പറയേണ്ടത്.

സൂറത്തിലെ എട്ടാമത്തെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയാണ് ആര്‍.പി മൊഗേര. 2018 ജനുവരിയിലാണ് ആര്‍.പി മൊഗേര ജഡ്ജിയായി നിയമിതനാകുന്നത്ത്. 2006ലെ തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിഭാഷകനായിരുന്നു മൊഗേര. അന്ന് ഗുജറാത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്നു ഷാ. മുംബൈയിലെ സിബിഐ കോടതിയില്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കുമ്പോള്‍ 2014 വരെ നിലവിലെ ജഡ്ജി മൊഗേര അമിത്ഷായുടെ അഭിഭാഷകനായിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായ്ക്ക് വേണ്ടി അഭിഭാഷകനായിരിക്കെ മൊഗേര ഹാജരായതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Also Read:കൂടുതല്‍ ദുര്‍ബലനായി സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ തുടരുമോ? എന്താവും സച്ചിന്റെ പ്ലാന്‍ ബിയും പ്ലാന്‍ സിയും?

അമിത് ഷായെ കോടതിയുടെ വിചാരണഘട്ടങ്ങളില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും കോടതിയില്‍ വാദിച്ചതും മൊഗേരയായിരുന്നു. അമിത് ഷാ, രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി ഗുലാബ്ചന്ദ് കതാരിയ, ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 37 പേര്‍ക്കെതിരെയാണ് സൊഹ്റാബുദ്ദീന്‍-കൗസര്‍ബി-തുളസിറാം പ്രജാപതി വധക്കേസില്‍ സിബിഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ എല്ലാ രാഷ്ട്രീയ നേതാക്കളെയും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെയും പിന്നീട് കേസില്‍ നിന്ന് ഒഴിവാക്കി. തുടര്‍ന്ന് താഴെത്തട്ടിലുള്ള പൊലീസുകാര്‍ക്കെതിരെ മാത്രമാണ് വിചാരണ നടത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News