കോട്ടയം എംഎൽഎ ഒഴിഞ്ഞ് മാറുന്നത് എന്തിന്?; അഡ്വ.കെ അനിൽകുമാർ

തങ്ങളുടെ മന്ത്രിസഭാകാലത്ത് നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ മുന്നോട്ടു പോകാത്തത് സംസ്ഥാന സർക്കാർ മുടക്കുന്നതിനാലാണെന്ന് പറഞ്ഞുനടന്ന എംഎൽഎയുടെ വാദങ്ങൾ പൊളിഞ്ഞുവീണെന്ന് സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ അനിൽകുമാർ. എംഎൽഎയുടെ അവകാശവാദങ്ങളുടെ രേഖ പുറത്തുവിടാനാണ് എൽ.ഡി.എഫ് വെല്ലുവിളിച്ചത്.

മണ്ഡലത്തിൽ 800 കോടി രൂപയുടെ വികസന പദ്ധതികൾ അനുവദിച്ചിരുന്നുവെന്നായിരുന്നു അദ്യ അവകാശവാദം. അതിൻ്റെ കണക്ക് ചോദിച്ചപ്പോൾ എംഎൽഎ മറുപടി പറഞ്ഞിട്ടില്ല. കഞ്ഞിക്കുഴിയിൽ ഫ്‌ളൈയോവറിന് ടെണ്ടർ വിളിച്ചിരുന്നുവെന്നും എൽഡിഎഫ് സർക്കാർ സ്ഥലം ഏറ്റെടുത്തു നൽകിയില്ല എഎന്നായിരുന്നു അടുത്ത ആരോപണം. ടെണ്ടർ രേഖ ഹാജരാക്കണമെന്ന ആവശ്യത്തിന് മറുപടി നൽകാത്ത എംഎൽഎ പകരം ഭരണാനുമതിയും സാങ്കേതികാനുമതിയും ഉണ്ടായിരുന്നെന്ന പുതിയ വാദമാണ് ഇപ്പോൾ ഉയർത്തുന്നത്. ഇതോടെ എംഎൽഎ പറഞ്ഞതല്ലെന്ന കളവാണെന്ന് വ്യക്തമായെന്ന് അഡ്വ.കെ അനിൽകുമാർ പറഞ്ഞു.

ALSO READ: ധ്യാൻ ശ്രീനിവാസൻ്റെ ഷൂട്ടിംഗ് ലോക്കേഷനിൽ വാഹനാപകടം; ഒഴിവായത് വൻ ദുരന്തം

കോടിമതയിലെ രണ്ടാം പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിർമാണത്തിലെ വീഴ്ചയും എംഎൽഎ സമ്മതിച്ചു. താമസക്കാരുടെ വീടുകൾ മാറ്റി പുനരധിവാസം നടത്താതെ ടെണ്ടർ ചെയ്തതിനാലാണ് പാലം പണി മുടങ്ങിയതെന്ന് എംഎൽഎ തുറന്നുപറയുന്നുണ്ട്. അത് മൂലമാണ് കരാറുകാർ പാലം പണി നിർത്തിയത്. അത് പൂർത്തീകരിക്കാൻ പുതുതായി ഒൻപതു കോടി രൂപാ വേണ്ടി വരുമെന്ന് പൊതുമരാമത്ത് വകുപ്പ് കണക്കാക്കിയിരിക്കുന്നു. ഖജനാവിനുണ്ടാകുന്ന നഷ്ടത്തിന് ഉത്തരവാദി മറ്റാരാണെന്ന് കെ അനിൽകുമാർ ചോദിച്ചു.

ALSO READ: ആരോഗ്യരംഗത്ത് കൈകോർക്കാൻ ധാരണ, ഫൈസർ മേധാവികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി

ചിങ്ങവനത്ത് സ്പോർട്സ് കോംപ്ലക്സിനായി സ്ഥലം അനുവദിച്ചതിന് രേഖയെവിടെയെന്ന ചോദ്യത്തിനും എംഎൽഎയ്ക്ക് ഉത്തരമില്ല. ഭാവിയിൽ പദ്ധതിക്കായി കായിക വകുപ്പിന് ലഭിക്കുന്ന തുക ഉപയോഗിക്കാമെന്ന ഉത്തരവുണ്ടെന്നാണ് ഇപ്പോഴത്തെ വാദം. ഫലത്തിൽ ഫണ്ട് അനുവദിക്കാതെയും ടെണ്ടർ ഇല്ലാതെയും പുറമ്പോക്കിൽ കല്ലിട്ടുവെന്ന് എൽഡിഎഫ് ചൂണ്ടിക്കാട്ടിയത് സത്യമാണെന്നു തെളിയുകയാണ്. സ്ഥലം ഏറ്റെടുക്കാതെ ആകാശപ്പാതയുടെ കമ്പിക്കെട്ട് നഗരമധ്യത്തിൽ സ്ഥാപിച്ച് കോട്ടയം നഗരത്തിലെ മനുഷ്യരെ അപമാനിക്കുകയായിരുന്നു. അതിൽ എംഎൽഎ പ്രതികരിക്കുന്നില്ല. നഗരത്തിലെ ഓടകളുടെ സംഗമസ്ഥാനത്ത് കച്ചരിക്കടവ് വാട്ടർ ഹബ്ബ് എന്ന പേരിൽ എട്ടരക്കോടി രൂപയുടെ നിർമ്മാണം നടത്തിയതിനെപ്പറ്റി എംഎൽഎക്ക് മിണ്ടാട്ടമില്ലെന്നും കെ.അനിൽകുമാർ പറഞ്ഞു.

കൊല്ലാട് പാറക്കക്കടവിൽ സ്വകാര്യ ഭൂമി കയ്യേറി സർക്കാർ പണം മുടക്കി നിർമ്മിച്ച വിനോദ സഞ്ചാര വികസന മറവിലുള്ള നിർമ്മിതികൾ കോടതി ഇടപെടലിലൂടെ പൊട്ടിച്ചു മാറ്റേണ്ട സ്ഥിതിയായി. പദ്ധതിക്കാവശ്യമായ സ്ഥലം കണ്ടെത്താതെ തട്ടിക്കൂട്ട് പദ്ധതികളാണ് നടപ്പാക്കിയതെന്ന് എൽഡിഎഫ് മുമ്പേ ചൂണ്ടിക്കാട്ടിയത് ശരിവക്കപ്പെട്ടതിൻ്റെ നിരാശയിൽ എംഎൽഎ ഒളിച്ചു പോവുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഇത്തരത്തിൽ രേഖകളുമായി പരസ്യസംവാദത്തിനുള്ള വെല്ലുവിളി എംഎൽഎ സ്വീകരിക്കാത്തത് കള്ളങ്ങൾ പൊളിഞ്ഞതിനാലാണെന്ന് അഡ്വ.കെ.അനിൽകുമാർ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here