
പി.എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഭാഗമായി കഴിഞ്ഞുവെന്നും പിന്മാറാൻ സാധ്യമാവില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞതിനു പിന്നാലെ ഫേസ്ബുക് പോസ്റ്റുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ. വിഡി സതീശന് ഒരുതുറന്ന കത്ത് എന്ന് പറഞ്ഞുക്കൊണ്ടാണ് അദ്ദേഹം ഈ പോസ്റ്റ് പങ്കുവെച്ചത്. മുഖ്യമന്ത്രിയോട് നിരവധി ചോദ്യങ്ങളും അദ്ദേഹം ഫേസ്ബുക്കിൽ ഉന്നയിക്കുന്നുണ്ട്.
പി എം ശ്രീ പദ്ധതിയിൽ നിലവിൽ സംസ്ഥാന സർക്കാർ ഭാഗമായി കഴിഞ്ഞുവെന്നും പിന്മാറാൻ സാധ്യമാവില്ലെന്നും ആധികാരികമായ “നുണ” പറഞ്ഞിരിക്കുകയാണല്ലോ എന്ന് കെ അനിൽകുമാർ മുഖ്യമന്ത്രിയോട് ഫേസ്ബുക്കിൽ ചോദിച്ചു. അതിനു പിൻബലമായി ധനകാര്യ വകുപ്പിൻ്റെ ഫയൽ ഉണ്ടെന്നും പറഞ്ഞിട്ടുണ്ട്, എങ്കിൽ അത് ഏതു ഫയലാണെന്നും അത്തരം ഒരു ഫയൽ ധനകാര്യ വകുപ്പിൽ ഉണ്ടെങ്കിൽ എത്ര രൂപയുടേതാണെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ഫയൽ ധനകാര്യമന്ത്രി കണ്ടതാണോയെന്നും എന്തായിരുന്നു തീരുമാനമെന്നും അനിൽകുമാർ ചോദിച്ചു.
Also Read: പിടിയിലായത് ഇടനിലക്കാരനോ? ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ്; കൈക്കൂലി വാങ്ങിയത് കാഷ്വൽ സ്വീപ്പർ
മുൻസർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒരു സ്കൂളിനേയും തെരത്തെടുത്തിട്ടില്ല, അവയുടെ പട്ടിക പിഎം ശ്രീ പോർട്ടലിൽ നൽകിയിട്ടുമില്ലെന്നും അപ്പോൾ പദ്ധതി നടപ്പിലായി എന്നു പറഞ്ഞത് എങ്ങനെ സത്യമാകുമെന്നും അദ്ദേഹം ചോദിക്കുന്നു. 60% ഫണ്ട് മാത്രമല്ലേ കേന്ദ്രം നൽകൂവെന്നും എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് സംസ്ഥാന വിഹിതമായ 40% മാറ്റിവച്ചിട്ടില്ലെന്നും താങ്കളുടെ സർക്കാർ പിഎം ശ്രീക്ക് സംസ്ഥാന വിഹിതം നൽകില്ല എന്ന നിലപാട് സ്വികരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യയിലെ മറ്റു കോൺഗ്രസ്സ് സർക്കാരുകൾ പദ്ധതിയിൽ ചേരുന്നതിനു മുമ്പ് മന്ത്രിസഭാ ഉപസമിതിയെ വച്ചിരുന്നില്ല, അത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. മുൻ എൽഡിഎഫ് സർക്കാർ പിഎം ശ്രീ നടപ്പാക്കിക്കഴിഞ്ഞിരുന്നുവെങ്കിൽ 2026 മാർച്ച് 31 ആയിട്ടും മുൻ വർഷങ്ങളിലെ എസ്എസ്കെ ഫണ്ട് നൽകാതെ കേന്ദ്രം തടഞ്ഞു വെച്ചത് എന്തിന്? മുഖ്യമന്ത്രി അധികാരമേറ്റ ശേഷം ആ ഫണ്ട് വാങ്ങിയെടുക്കാൻ എന്തു ചെയ്തുവെന്നും അനിൽകുമാർ ചോദിക്കുന്നു.
പിഎം ശ്രീ പദ്ധതി മുൻ സർക്കാർ പൂർണ്ണമായും നടപ്പാക്കി കഴിഞ്ഞുവെങ്കിൽ ഇനി മേൽ നടപടി സ്വീകരിക്കാൻ ബാക്കിയുണ്ടാവില്ലല്ലോ എന്നും അദ്ദേഹം ഫേസ്ബുക്കിൽ ചോദിച്ചു. നാലര വർഷമായി തുടരുന്ന പിഎം ശ്രീ പദ്ധതിയിൽ നാലുവർഷവും ഒരു നടപടിയും സ്വീകരിക്കാതെ എൽഡിഎഫ് മാറിനിന്നു എന്നത് സമ്മതിക്കുമോയെന്നും പദ്ധതി ബലം പ്രായോഗിച്ച് നടപ്പാക്കാൻ മറ്റു ഫണ്ടുകൾ തടഞ്ഞ് കേരളത്തെ ബുദ്ധിമുട്ടിച്ചു എന്നതും സമതിക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. പദ്ധതി തുടങ്ങിയ ഉടൻ പണം കൈപ്പറ്റിയ കർണാടക, തെലുങ്കാന,ഹിമാചൽ സർക്കാരുകൾ മോദിയുമായി ഡീൽ ഉണ്ടാക്കിയെന്നു സമ്മതിക്കുമോയെന്നും അനിൽകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
ചോദ്യങ്ങൾ ഭയപ്പെടുന്ന ഭീരുവും പേടിത്തൊണ്ടനുമായ മുഖ്യമന്ത്രിക്ക് പച്ചക്കള്ളം പറയാനുള്ള കമ്യൂണിക്കേഷൻ സ്കിൽ ഉണ്ടെന്ന് മാധ്യമങ്ങൾ പുകഴ്ത്തുന്നത് കണ്ടെന്നും മുസ്ലിം ലീഗിന് മറ്റൊരു വഴിയില്ലെന്നും അദ്ദേഹം വിമർശിച്ചു. അറബിക്കടൽ വറ്റിപ്പോയതിനാൽ കടലിൽ എറിയാൻ കഴിയില്ലല്ലോ അധികാരത്തിൻ്റെ അടിമകൾക്കെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

