
സംസ്ഥാനത്തെ ധനസ്ഥിതിയെക്കുറിച്ച് ധവള പത്രമിറക്കുമെന്ന് പറഞ്ഞ വി ഡി സതീശന് മറുപടിയുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ. കേരള ഖജനാവിലെ പൂച്ചകൾ” എന്ന തലക്കെട്ടിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ്, കഴിഞ്ഞ 15 വർഷത്തെ സി.എ.ജി റിപ്പോർട്ടിലെ കൃത്യമായ ബഡ്ജറ്റ് കണക്കുകൾ നിരത്തി അദ്ദേഹം യു.ഡി.എഫ് സർക്കാരിന്റെ ധനനയങ്ങളെയും വി.ഡി സതീശന്റെ പ്രസ്താവനകളെയും ചോദ്യം ചെയ്തത്.
തങ്ങൾ തെരഞ്ഞെടുപ്പിൽ തോറ്റവരാണെങ്കിലും കേരളത്തെ തകർത്തവരല്ലെന്ന് അനിൽകുമാർ ഓർമ്മിപ്പിച്ചു. ഒാഖി, നിപ്പ, മഹാപ്രളയങ്ങൾ, കോവിഡ് തുടങ്ങിയ വൻ പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ രണ്ട് പിണറായി സർക്കാരുകളുടെ കാലത്ത് കേരളത്തിന്റെ ജി.ഡി.പി 14.24 ലക്ഷം കോടി രൂപയായി വളരുകയും ആളോഹരി വരുമാനം വർദ്ധിക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ALSO READ; കോൺഗ്രസിൽ അടുത്ത കസേരകളി; കെപിസിസി അധ്യക്ഷസ്ഥാനത്തിനായും പോര്
2015-16 ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന ബഡ്ജറ്റും 2025-26 ലെ പുതിയ കണക്കുകളും താരതമ്യം ചെയ്തുകൊണ്ടാണ് അനിൽകുമാർ പ്രതിപക്ഷത്തിന്റെ ‘ശൂന്യമായ ഖജനാവ്’ വാദത്തെ പൊളിച്ചടുക്കിയത്. പൂച്ച പെറ്റ ഖജനാവ് എന്ന് പരിഹസിക്കുന്നവർ കാണണം, പത്ത് വർഷം കൊണ്ട് 1,01,523.75 കോടി രൂപയാണ് ട്രഷറി വഴി അധികമായി കേരളത്തിൽ ചെലവഴിച്ചത്. ഇതിൽ എവിടെയാണ് പൂച്ച പെറ്റത് എന്ന് വ്യക്തമാക്കണം,”അനിൽകുമാർ ചോദിച്ചു.
ധനമന്ത്രിക്ക് മുന്നിൽ ഒരു ‘പ്രതിപക്ഷ ധവളപത്രം’ സമർപ്പിക്കുന്നുവെന്ന ഭാവേന അഞ്ച് പ്രധാന ചോദ്യങ്ങളാണ് അനിൽകുമാർ ഉന്നയിച്ചത്. മദ്യം, ലോട്ടറി, ഭൂനികുതി, പെട്രോൾ, രജിസ്ട്രേഷൻ എന്നിവയൊഴികെ മറ്റൊരു നികുതി നിർണ്ണയാധികാരവും സംസ്ഥാനത്തിനില്ലെന്നിരിക്കെ, നികുതി ഘടന പൊളിച്ചെഴുതുമെന്ന പ്രഖ്യാപനം എങ്ങനെ നടപ്പാക്കും? ജി.എസ്.ടി നികുതി ശതമാനം തീരുമാനിക്കുന്നത് സംസ്ഥാനമല്ലെന്നും, അതിന്റെ സോഫ്റ്റ്‌വെയർ നിയന്ത്രിക്കുന്നത് കേന്ദ്രമാണെന്നതുമല്ലേ യാഥാർത്ഥ്യം? ഓരോ സർക്കാർ വകുപ്പും കടത്തിലാണെന്ന് ധനമന്ത്രി പറയുന്നത് ഏത് പുസ്തകത്തിൽ വായിച്ച കണക്കാണെന്ന് വ്യക്തമാക്കണം.
സംസ്ഥാനം ഭാവിയിൽ കടമെടുക്കില്ലെന്ന് ധനഉത്തരവാദിത്ത നിയമം അനുസരിച്ച് പ്രഖ്യാപിക്കാൻ തയ്യാറാണോ? അതോ തറവാട് കുളം തോണ്ടുമോ? പ്രതിപക്ഷത്തിരുന്നുകൊണ്ട് ഞങ്ങൾ ജനകീയ ചോദ്യങ്ങൾ നിരന്തരം ഉയർത്തുമെന്നും, അസഭ്യവർഷം നടത്തുന്നവർക്ക് മുന്നിൽ തലകുനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭ്യമായ രാഷ്ട്രീയ സംവാദങ്ങൾക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ അനിൽകുമാർ, തങ്ങൾ ഭരണഭാരമില്ലാത്ത ശക്തമായ പ്രതിപക്ഷമായി ജനങ്ങൾക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

