കൊവിഡ് മരണം: ‘കേന്ദ്രം പുറത്തുവിട്ട കണക്കിൽ സന്തോഷവും അഭിമാനവും; മാധ്യമങ്ങൾ കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് ചെയ്യണം’: കെ കെ ശൈലജ ടീച്ചർ

കൊവിഡ് മരണം സംബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകളിൽ വലിയ സന്തോഷവും അഭിമാനവും തോന്നുവെന്ന് മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ. പ്രതിപക്ഷം പറയുന്നത് അതേപടി ഏറ്റുപറയാതെ കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് ചെയ്യാൻ അന്ന് മാധ്യമങ്ങൾ ശ്രമിക്കേണ്ടതായിരുന്നുവെന്നും അവർ പറഞ്ഞു. ഏറ്റവുമധികം മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ അന്നത്തെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് സാധിച്ചുവെന്നും കെ കെ ശൈലജ ടീച്ചർ പറഞ്ഞു. കൈരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അവർ.

ആത്മാർഥമായും സത്യസന്ധമായുമുള്ള പ്രവർത്തനം എങ്ങനെ മൂടിവെച്ചാലും, അത് വെളിയിൽ വരുമെന്നതിന്‍റെ ഉദാഹരണമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്ന് കെ കെ ശൈലജ ടീച്ചർ പറയുന്നു. 2020 കൊവിഡ് വർഷമായാണ് കണക്കാക്കുന്നത്. 2020 ജനുവരി 30നാണ് കേരളത്തിൽ കൊവിഡ് വന്നത്. ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. കൊവിഡ് ഇവിടെ വരുന്നതിന് മുമ്പ് കേരളം നടത്തിയ മുന്നൊരുക്കവും അതിന് ശേഷം എല്ലാ വകുപ്പുകളെയും കൂട്ടിയോജിപ്പിച്ച് നടത്തിയ പ്രവർത്തനങ്ങളുമുണ്ട്. അന്ന് പലരും പരിഹസിച്ചിരുന്നു, മിറ്റിഗേഷൻ മെത്തേഡ് പോരെ, എന്തിനാ കണ്ടെയ്ൻമെന്‍റ് മെത്തേഡ് സ്വീകരിക്കുന്നത്? പക്ഷെ പിന്നീട് ലോകരാഷ്ട്രങ്ങൾ തന്നെ അംഗീകരിച്ചു, കണ്ടെയ്ൻമെന്റ് മെത്തേഡാണ് ഫലപ്രദമെന്ന്. സമൂഹത്തിന്‍റെ വിവിധ ഘടകങ്ങളെ പരിഗണിച്ചുകൊണ്ട് പഴുതടച്ചുള്ള പ്രവർത്തനങ്ങളാണ് കൊവിഡ് കാലത്ത് നമ്മൾ ചെയ്തത്. അതിൽ പ്രായംചെന്നവർക്ക് പ്രത്യേക പരിഗണന നൽകി റിവേഴ്സ് ക്വാറന്‍റൈൻ ഉൾപ്പടെ സംഘടിപ്പിച്ചുവെന്നും അവർ ചൂണ്ടിക്കാട്ടി.

ALSO READ: ‘സംഘപരിവാറിന് ചരിത്രത്തെ പേടി’: എൻവൈകെയുടെ പേര് മാറ്റിയതില്‍ വിമര്‍ശനവുമായി എഎ റഹീം എംപി

ബ്രേക്ക് ദ ചെയ്ൻ

‘ബ്രേക്ക് ദ ചെയ്ൻ’ എന്ന പരിപാടി കൊവിഡ് കാലത്ത് ലോകത്ത് ആദ്യമായി ആവിഷ്ക്കരിച്ചത് കേരളമാണെന്ന് മുൻ ആരോഗ്യമന്ത്രി പറഞ്ഞു. പിന്നീട് മറ്റ് പലരും അത് ഏറ്റെടുത്തു. മാസ്ക്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവയാണ് ബ്രേക്ക് ദ ചെയ്നിൽ വരുന്നത്. ഇക്കാര്യം ഐക്യരാഷ്ട്രസഭയും പറഞ്ഞിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

പിപിഇ കിറ്റ് വാങ്ങിയത് മോശമായി പ്രചരിപ്പിച്ചു

പിപിഇ കിറ്റിന്‍റെ എത്ര മോശമായാണ് ചിലർ പ്രചരിപ്പിച്ചതെന്ന് കെ കെ ശൈലജ ടീച്ചർ പറഞ്ഞു. പിപിഇ കിറ്റിന് ക്ഷാമം വന്നപ്പോൾ, അധിക വില നൽകി അത് വാങ്ങിയില്ലായിരുന്നെങ്കിൽ എത്ര ഡോക്ടർമാരും നഴ്സുമാരും മരിച്ചുപോകുമായിരുന്നു. മുന്നണിപ്രവർത്തകരുടെ മരണം ഒഴിവാക്കാൻ കഴിഞ്ഞതാണ് കേരളത്തിൽ കൊവിഡ് പ്രതിരോധത്തിൽ ഏറ്റവും പ്രധാനമായത്. അതിനാലാണ് നിരവധി രോഗികളെ രക്ഷിക്കാൻ കഴിഞ്ഞത്. വലിയ ക്ഷാമം വന്നപ്പോഴാണ് പതിനഞ്ചായിരം ഗുണനിലവാരമുള്ള പിപിഇ കിറ്റ് വാങ്ങേണ്ടിവന്നത്. അത് വാങ്ങിയതിനാണ് പിപിഇ കിറ്റ് അഴിമതിയെന്ന് പറഞ്ഞ് എന്തുമാത്രം മോശമായ ഭാഷയിലാണ് അധിക്ഷേപിച്ചത്. അതിലൊന്നും പ്രശ്നമില്ല, ഇപ്പോൾ തനിക്ക് വലിയ സന്തോഷവും അഭിമാനവും തോന്നുന്നു. ഏറ്റവുമധികം മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞുവെന്നും അവർ പറഞ്ഞു.

100 ശതമാനം മരണങ്ങളും രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനം

ഐക്യരാഷ്ട്രസഭയുടെ പ്രതിനിധിയായ മുരളി തുമ്മാരുകുടി പറഞ്ഞത്, കേരളത്തിൽ എത്ര മരണം ഉണ്ടായി എന്നതല്ല, കേരളത്തിൽ എത്ര ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്നതാണ് പ്രസക്തമെന്ന് കെ കെ ശൈലജ പറഞ്ഞു. 2020 ഡിസംബറിൽ നടത്തിയ എക്സസ് ഡെത്ത് അനാലിസിസിൽ എക്സസ് ഡെത്ത് കുറഞ്ഞ സ്ഥലമായിരുന്നു കേരളം. 2021ൽ ചെറിയ വർദ്ധനവുണ്ടായി. എന്നിട്ടുപോലും ഏറ്റവും കുറഞ്ഞ എക്സസ് ഡെത്തായിരുന്നു കേരളത്തിലേത്. കേരളത്തിന് മരണം മറച്ചുവെക്കാൻ കഴിയില്ല, കാരണം നല്ല തോതിൽ നൂറ് ശതമാനം മരണ രജിസ്ട്രേഷൻ നടക്കുന്ന സംസ്ഥാനമാണിത്. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ 31 ശതമാനം മാത്രമാണ് മരണ രജിസ്ട്രേഷൻ. അവിടൊന്നും മരണ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പോലും നൽകുന്നില്ല. കോവിഡിൽ മറച്ചുവെച്ചാൽ മറ്റ് മരണങ്ങൾക്കൊപ്പമാകും, അത് ജനറൽ മരണങ്ങൾ കൂട്ടും. എന്നാൽ ഇവിടെ ജനറൽ ഡെത്ത് കുറയുകയാണ് ചെയ്തത്. അതാണ് കേരളത്തിന്‍റെ പ്രത്യേകത, അതിനാണ് കേരളത്തിന് പല അംഗീകാരങ്ങളും കിട്ടിയത്.

കേരളം ആ പ്രവർത്തനങ്ങളെല്ലാം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. എന്നെങ്കിലും കൊവിഡ് മരണ കണക്കുകൾ പുറത്തുവരുമെന്ന് അറിയാമായിരുന്നു. അത് വന്നില്ലെങ്കിലും, അന്ന് ചെയ്ത പ്രവർത്തനങ്ങളിൽ സംതൃപ്തിയുണ്ട്. അത് ഏറ്റവും ശരിയായിരുന്നുവെന്ന് വിശ്വാസമുണ്ട്. ഏറ്റവുമധികം ആളുകളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിലുള്ള അതിയായ സന്തോഷവും മനസിലുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.

മാധ്യമങ്ങൾ ശരിയായ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് ചെയ്യേണ്ടതായിട്ടുണ്ടെന്ന് കെ കെ ഷൈലജ. പ്രതിപക്ഷം പറയുന്നത് അപ്പടി ഏറ്റുപറയുകയല്ല, യഥാർഥത്തിൽ എന്താണെന്നുള്ള അന്വേഷണാത്മക മാധ്യമപ്രവർത്തനം നടത്തിയത് ചുരുക്കം ചിലർ മാത്രമായിരുന്നു. ബാക്കിയെല്ലാവരും, ഇത് കേട്ടപ്പോൾ അത് ശരിയാണെന്ന തരത്തിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചത് സങ്കടകരമായ ഒരവസ്ഥയായിരുന്നു. കണക്കുകൾ വെച്ച് റിപ്പോർട്ട് ചെയ്ത ചില മാധ്യമങ്ങളുണ്ടെന്നത് കാണാതെ പോകുന്നില്ല. എല്ലാവരെയും അടച്ചാക്ഷേപിക്കുന്നില്ല. മാധ്യമങ്ങളും ശരിക്കും കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നുവെന്ന് മാത്രമേ ഇപ്പോൾ പറയാനുള്ളുവെന്നും അവർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News