
കോൺഗ്രസ് നേതാവും മൂവാറ്റുപുഴയിലെ നിലവിലെ എംഎൽഎയുമായ മാത്യു കുഴൽനാടന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദരേഖ തന്റേതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്യു കുഴൽനാടന്റെ ആരോപണം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തൊട്ടപള്ളി സ്പിൽവേ സംബന്ധിച്ച് നിയമസഭയിൽ ചർച്ച ചെയ്യാൻ പോലും തയാറാകാത്ത കുഴൽ നാടൻ തെരഞ്ഞെടുപ്പിന് മുൻപ് ആരോപണവുമായി എത്തിയത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന് കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. തന്നെയല്ല, മറിച്ച് മാത്യൂ ടി തോമസാണ് അവരുടെ ഉന്നം എന്നും അദ്ദേഹം പറഞ്ഞു. ആ ശബ്‌ദരേഖ എൻ്റേതല്ലെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ കൃത്രിമമായി നിർമ്മിച്ച ഓഡിയോയാണത്.
രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് ഓഡിയോ സൃഷ്‌ടിച്ചിരിക്കുന്നത്. ശബ്ദം ശാസ്ത്രിയ പരിശോധനയ്ക്ക് വിധേയമാക്കണം, മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ ഏജൻസികൾ അന്വേഷിച്ചു തള്ളി കളഞ്ഞ വിഷയമാണെന്നും എന്തുകൊണ്ട് മാത്യു കുഴൽനാടൻ ഇതൊന്നും നിയമസഭയിൽ പറഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു. പുറത്തുവന്ന ഓഡിയോ എഐ നിർമിതമാണോ എന്ന സംശയവും അദ്ദേഹം പങ്കുവെച്ചു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ മന്ത്രി മാത്യു കുഴൽനാടനൊപ്പം ഉള്ള പ്രഭാതിനെ പാർട്ടി നേരത്തെ പുറത്താക്കിയതാണെന്നും ആയാൾ സ്വകാര്യ നേട്ടം ഉണ്ടാക്കാൻ ശ്രമിച്ചയാളാണെന്നും പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




