
കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടം ചേര്‍ന്നുള്ള ടൂള്‍കിറ്റ് ആക്രമണത്തില്‍ പ്രതികരിച്ച് എഴുത്തുകാരി കെ ആര്‍ മീര. തനിക്കെതിരെ ഉപയോഗിക്കുന്ന ഊര്‍ജം ഈ രാജ്യത്ത് സംസാരിക്കേണ്ട വിഷയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കെ ആര്‍ മീര കുറിച്ചു. ക്രിയാത്മകമായ വിമർശനങ്ങൾ നമുക്കു ചർച്ച ചെയ്യാം എന്നും മീര പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സ്വതന്ത്ര ഇന്ത്യയിൽ രാജ്യസ്നേഹികൾ ആദ്യമായി യു എസ് സൈനിക വിമാനത്തിനു ലാൻഡിങ് അനുവദിച്ചു. 25 സ്ത്രീകളും നാലുവയസ്സുകാരനും മറ്റു 11 കുട്ടികളും ഉൾപ്പെടെ 104 ഇന്ത്യക്കാരെ യു.എസ്. തിരിച്ചയച്ചു. പുരുഷൻമാരുടെ കയ്യിലും കാലിലും വിലങ്ങുകളുണ്ടായിരുന്നു. പൌരത്വപ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ, ഇതിന്റെ ഗൌരവം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതു കേരളത്തിലെ കോൺഗ്രസിന്റെ യുവനേതാക്കളാണ്. അവരുടെ ടൂൾ കിറ്റ് അതിനാണ് ഉപയോഗിക്കേണ്ടത്.
ഇന്ന് അവതരിപ്പിച്ച കേരള ബജറ്റ് ജനങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും പോരായ്മകളുണ്ടെങ്കിൽ എന്തൊക്കെയാണെന്നുമുള്ള വിലയിരുത്തൽ ജനങ്ങളിൽ എത്തിക്കേണ്ടതു കോൺഗ്രസിന്റെ കടമയാണ്.
ഹിന്ദുക്കൾ പരമ്പരാഗത വസ്ത്രങ്ങളേ ധരിക്കാവൂ എന്നും പരമ്പരാഗത ഭക്ഷണമേ കഴിക്കാവൂ എന്നും ഇംഗ്ലീഷ് സംസാരിക്കരുത് എന്നും മോഹൻ ഭാഗവത് പത്തനംതിട്ടയിൽ പ്രസംഗിച്ചതിനെ അപലപിക്കേണ്ടത് കോൺഗ്രസ് ആയിരുന്നു.
കേരളത്തിന്റെ മനസ്സാക്ഷിയെ മുറിപ്പെടുത്തിയ വാളയാർ കേസിലെ കുറ്റപത്രം സി.ബി.ഐ. സമർപ്പിച്ചു. 2019ൽ കേസിൽ അന്വേഷണം വേണ്ടത്ര ഊർജിതമല്ല എന്നു തോന്നിയ ഘട്ടത്തിൽ ഞാൻ എഫ്.ബിയിൽ ഇട്ട പോസ്റ്റ് മിക്കവാറും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഒരു മാങ്ങ തിന്നു വിശപ്പടക്കിയിട്ട്, ഇരുപതു കിലോയില്‍ താഴെ തൂക്കമുള്ള ഒരൊമ്പതു വയസ്സുകാരി തന്‍റെ ഒറ്റമുറി വീട്ടിലെ കഴുക്കോലില്‍ തൂങ്ങി മരിച്ചു എന്ന് അങ്ങു വിശ്വസിക്കുന്നുണ്ടോ? എന്നു ഞാൻ എഴുതി. അന്ന് ആ കുഞ്ഞുങ്ങൾക്കു നീതി നൽകാൻ ശ്രമിക്കുന്നതിനു പകരം ആ കേസ് രാഷ്ട്രീയ ആയുധമാക്കാനാണു കോൺഗ്രസ് ശ്രമിച്ചത്.
2002ലെ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസിന്റെ അന്നത്തെ എം.പി. ഇഹ്സാൻ ജഫ്രിയുടെ ഭാര്യ-ഒറ്റയ്ക്കു നിയമപോരാട്ടം നടത്തിയ സാക്കിയ ജഫ്രി -കഴിഞ്ഞ ദിവസം അന്തരിച്ചു. അവരുടെ ഒറ്റയാൾ പോരാട്ടത്തിൽ സഹായിച്ചില്ലെന്നതുപോകട്ടെ, അവരുടെ നിര്യാണത്തിൽ ഔദ്യോഗികമായി ഒരു അനുശോചനം പോലും ഉണ്ടായതായി കണ്ടില്ല.
നാളത്തെ മന്ത്രിമാരാകാൻ സാധ്യതയുണ്ടെന്ന് അവകാശപ്പെടുന്ന യൂത്ത് കോൺഗ്രസ്നേതാക്കളും എം.എൽ.എമാരും കഴിഞ്ഞ മൂന്നു നാലു ദിവസമായി തല പുകയ്ക്കുന്നത് എന്നെപ്പറ്റിയാണ്. എന്റെ പ്രസംഗങ്ങളെപ്പറ്റി, എഫ് ബി കുറിപ്പുകളെപ്പറ്റി, എന്റെ പുസ്തകങ്ങളെപ്പറ്റി.
ഇന്നലെ രാത്രി രണ്ടുമൂന്ന് മുൻ എം എൽ എമാരും നിലവിലെ എം എൽ എമാരും ഒരേ സമയം, എനിക്ക് എതിരേ ഫെയ്സ് ബുക്ക് പോസ്റ്റ് ഇടുന്നു.
ഒരേ കള്ളം ഒരേ സമയം ഒരേ വാക്യങ്ങളിൽ പല അക്കൌണ്ടുകളിലൂടെ പ്രചരിപ്പിക്കുന്നതിനെ ടൂൾ കിറ്റ് ആക്രമണം എന്നു പറയും. ഒരുപാടു പേർ പറയുന്നതു സത്യമാകുമെന്ന് സാധാരണക്കാർ ചിന്തിക്കാനിടയുണ്ട് എന്നതാണു പ്രചോദനം.
ഒരു രാഷ്ട്രീയ പ്രശ്നമായി ഞാൻ ഉന്നയിച്ച ഗാന്ധിജിയെക്കുറിച്ചുള്ള എഫ് ബി പോസ്റ്റ് ആയിരുന്നു എനിക്ക് എതിരേയുള്ള വ്യക്തിത്വഹത്യയുടെ തുടക്കം. അതു വേണ്ടത്ര ഏശാതെ വന്നപ്പോൾ കഷായമായി വിഷയം. ഒരു സാഹിത്യോൽസവത്തിൽ മാറുന്ന പ്രണയസങ്കൽപ്പത്തെക്കുറിച്ചുള്ള ചർച്ചയിൽ നിറഞ്ഞ സദസ്സിൽ യുവാക്കളുമായുള്ള സംവാദത്തിനിടയിൽ പുതിയ കാമുകൻമാരും ഭർത്താക്കൻമാരും കാലം മാറിയതു മനസ്സിലാക്കണമെന്നും ഒരു ബന്ധം തകരാതെ നോക്കണ്ടതു പുരുഷന്റെ കടമയാണെന്നും അങ്ങനെയല്ലാതാകുമ്പോഴാണു സ്ത്രീകൾ ചിലപ്പോൾ കുറ്റകൃത്യം ചെയ്യുന്നതെന്നും പറഞ്ഞു. ഇതിനിടയിൽ കഷായം എന്ന പദം കടന്നുവന്നു. അത് ഒരു കൊലപാതകത്തെയും ന്യായീകരിക്കാനല്ലെന്ന് അവിടെ കൂടിയിരുന്നവർക്കെല്ലാം അറിയാം. സാഹിത്യോൽസവം കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷം, ഗാന്ധിജി പ്രശ്നത്തിൽ ആക്രമണം ഏശാതെ വന്നപ്പോൾ, കഷായം എന്ന പരാമർശം മാത്രം അടർത്തിയെടുത്ത്, ഞാൻ പുരുഷൻമാരെ കൊല്ലണമെന്ന് ആവശ്യപ്പെട്ടു എന്നു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.
അതും ഫലിക്കാതെ വന്നപ്പോൾ, ഇരുപതു വർഷം മുമ്പു ഞാൻ മാതൃഭൂമി വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതും പല മുതിർന്ന കോൺഗ്രസ് നേതാക്കളും വായിച്ച് എന്നെ അഭിനന്ദിച്ചതും 2006ൽ പുസ്തകമായി പ്രസിദ്ധീകരിച്ചതുമായ ആ മരത്തെയും മറന്നു മറന്നു ഞാൻ എന്ന നോവലിൽ പ്രിയങ്ക ഗാന്ധിയെ അധിക്ഷേപിച്ചു എന്ന ആരോപണമാണ് ഈ യുവ നേതാക്കൾ ഒരേ സമയം പോസ്റ്റ് ചെയ്തത്.
പക്ഷേ, ഇവർ പ്രചരിപ്പിച്ച പേജിന്റെ അടുത്ത പേജ് അവർ ബോധപൂർവ്വം മറച്ചുവച്ചു. അത് ഇങ്ങനെയാണ്:-
“ഏഴെട്ടു ദിവസം കഴിഞ്ഞൊരു ദിവസം അതേ കേസിന്റെ അപ്പീലിനു പോകാനൊരുങ്ങുമ്പോൾ രാധികയെ തേടി നാലഞ്ചു തടിമാടൻമാർ വന്നു.
“ആരാ ഈ രാധിക വക്കീല് ?”
ഷെൽഫിൽ കേസുകെട്ടു തിരയുകയായിരുന്ന രാധിക തലയുയർത്തി. കണ്ടപാടെ അവർ കൂട്ടത്തോടെ ക്ഷോഭിച്ചു :
“പോക്രിത്തരത്തിന് ഒരതിരു വേണം. ”
“കാര്യം പറയൂ…”
“നിങ്ങളോട് ആരു പറഞ്ഞു, അച്ചന് നോട്ടീസ് അയയ്ക്കാൻ.?”
രാധികയ്ക്ക് പെട്ടന്ന് ഓർമ വന്നില്ല.
“വക്കീലായാൽ കുറച്ചു കോമൺസെൻസ് വേണം….ഒരു പള്ളീലെ മാമ്മോദീസ രേഖ തിരുത്തുന്നത് എളുപ്പമാണെന്നാണോ വിചാരം?”
രാധികയ്ക്കു സംഗതി വ്യക്തമായി.
“ക്രിസ്റ്റി ഐസക്കിന്റെ കേസാണോ പറയുന്നത് ?”
“അതെ… നിങ്ങളോടാരു പറഞ്ഞു, അവനുവേണ്ടി നോട്ടീസ് അയയ്ക്കാൻ?”
“ഞാൻ ക്രിസ്റ്റിയുടെ ക്ലാസ്മേറ്റ് ആണ്.”
“ഞങ്ങള് അവന്റെ ചേട്ടൻമാരാണ്…”
അതിൽ മുതിർന്നയാൾ ക്ഷോഭിച്ചു. കുറച്ചു കാലമായി ക്രിസ്റ്റി അച്ചന്റെ ഒഴിയാബാധയാണ്. രണ്ടു നിർബന്ധങ്ങൾ. ഒന്ന്, ഏതോ സ്ത്രീയെ അവൻ അവിടെവച്ചു മിന്നുകെട്ടിയിട്ടുണ്ട്. അതു രേഖയാക്കികൊടുക്കണം. രണ്ട്, അവന് ആ സ്ത്രീയിൽ ഒരു കുഞ്ഞുണ്ട്. അരിസ്റ്റോട്ടിൽ ക്രിസ്റ്റി ജൂനിയർ. അതിന്റെ മാമ്മോദിസാരേഖ കൊടുക്കണം.
“അച്ചൻ വെള്ളക്കടലാസിലൊക്കെ എഴുതിക്കൊടുക്കാമെന്നു പറഞ്ഞു. പക്ഷേ, അവൻ സമ്മതിക്കണ്ടേ? അവസാനം അച്ചൻ അവനെ ചീത്ത പറഞ്ഞോടിച്ചു. അതിന്റെ ദേഷ്യത്തിനു പിറ്റേന്നു മുതൽ ഒരു കഥയുണ്ടാക്കി. മാമ്മോദീസ രേഖ തിരുത്തിയെന്ന്. അവസാനം അവൻ അച്ചനെ ചീത്തപറഞ്ഞോടിച്ചു.
അതിന്റെ ദേഷ്യത്തിനു പിറ്റേന്നു മുതൽ ഒരു കഥയുണ്ടാക്കി. മാമ്മോദീസ രേഖ തിരുത്തിയെന്ന്. ”
ഏറെക്കഴിഞ്ഞാണു രാധികയുടെ തൊണ്ടയിലെ മരവിപ്പു മാറിയത്.
“എന്നിട്ടു ക്രിസ്റ്റി ഇപ്പോൾ എവിടെ?”
“ഓ, അവൻ പിന്നെയും പൈങ്കുളത്താ.”
“പൈങ്കുളത്തോ ?”
“അതേന്നേ. ഷോക്കടിപ്പിക്കാൻ. ”
ഇതാണു ഞാൻ തുടർന്നെഴുതിയത്. ഇതു പ്രിയങ്ക ഗാന്ധിയെ അപകീർത്തിപ്പെടുത്താനാണെന്ന് വരുത്തിത്തീർക്കാനാണ് അവർ ശ്രമിച്ചത്. അതിൽ അപകീർത്തികരമായി ഒന്നുമില്ലെന്ന് അതു പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രാധിപസമിതിക്കും പുസ്തകപ്രസാധകർക്കും വായനക്കാർക്കും അറിവുള്ളതാണ്.
എന്നെ ആക്രമിക്കാനുള്ള ഊർജ്ജം ഉപയോഗിച്ച് ഇന്ത്യയ്ക്കു ഭീഷണിയുയർത്തുന്ന വർഗീയതയ്ക്കും വിഘടനവാദത്തിനും മതതീവ്രവാദത്തിനും വയലൻസിനും രാഷ്ട്രീയ കൊലപാതകങ്ങൾക്കും എതിരേ പ്രവർത്തിക്കുന്നതാണ് അഭികാമ്യം. ക്രിയാത്മകമായ വിമർശനങ്ങൾ നമുക്കു ചർച്ച ചെയ്യാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

