
ന്യൂനപക്ഷ സ്ഥാപനങ്ങളെയും സംഘടനകളെയും വേട്ടയാടാൻ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച എഫ് സി ആർ എ ഭേദഗതി ചട്ടങ്ങൾ അടിയന്തിരമായി പിൻവലിക്കണമെന്ന് സിപിഐഎം ലോക സഭ കക്ഷി നേതാവ് കെ. രാധാകൃഷ്ണൻ എംപി ആവശ്യപ്പെട്ടു. കേന്ദ്ര ബി.ജെ.പി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ‘എഫ്.സി.ആർ.എ (ഭേദഗതി) ബിൽ 2026’-നെതിരെ പ്രതിപക്ഷവും സിവിൽ സമൂഹവും ഉയർത്തിയ കടുത്ത പ്രതിരോധം മൂലം ബില്ല് പാസാക്കാൻ കഴിയാതെ പോയത് മോദി സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങളെയും പൗരാവകാശങ്ങളെയും തകർക്കുന്ന ഈ ഭരണകൂട ഭീകരതയ്ക്കെതിരെ ജനാധിപത്യ സമൂഹം ഒന്നടങ്കം രംഗത്തിറങ്ങേണ്ടതുണ്ട്. സംഘപരിവാറിന്റെ കാലങ്ങളായുള്ള ന്യൂനപക്ഷ വിദ്വേഷ അജണ്ടകൾ നടപ്പിലാക്കാനുള്ള ആയുധമായാണ് ആഭ്യന്തര മന്ത്രാലയം എഫ്.സി.ആർ.എ നിയമങ്ങളെ മാറ്റിയെടുക്കുന്നത്. വികസനത്തിന്റെയോ ജീവകാരുണ്യത്തിന്റെയോ പേരിൽ വിദേശ സഹായങ്ങൾ സ്വീകരിക്കുന്ന പ്രസ്ഥാനങ്ങളെ ‘മതപരിവർത്തനം’ എന്ന വ്യാജാരോപണം ഉന്നയിച്ച് വേട്ടയാടാൻ ഈ പുതിയ ചട്ടങ്ങൾ ഉദ്യോഗസ്ഥർക്ക് അനിയന്ത്രിതമായ അധികാരം നൽകുന്നു. രാജ്യത്തെ ലക്ഷക്കണക്കിന് ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ആശ്രയമായ ക്രൈസ്തവ മിഷണറി സംഘടനകൾ, ചാരിറ്റി ആശുപത്രികൾ, അനാഥാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം പൂർണ്ണമായും സ്തംഭിപ്പിക്കുക എന്നതാണ് ഈ ഭേദഗതികളുടെ യഥാർത്ഥ ലക്ഷ്യം.
ഈ പാർലമെന്ററി പരാജയത്തിന് പ്രതികാരമെന്നോണം, രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയകൾ അവസാനിച്ച തൊട്ടടുത്ത നിമിഷം പാർലമെന്റിനെ പൂർണ്ണമായും മറികടന്ന് കടുത്ത ന്യൂനപക്ഷ വിരുദ്ധ നിബന്ധനകളുള്ള പുതിയ ‘എഫ്.സി.ആർ.എ ഭേദഗതി ചട്ടങ്ങൾ 2026’ വിജ്ഞാപനം ചെയ്ത ആഭ്യന്തര മന്ത്രാലയത്തിന്റെ ഫാസിസ്റ്റ് നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ പിൻവാതിലിലൂടെ നടപ്പാക്കിയ കരിനിയമങ്ങൾ ഭരണഘടനാപരമായ ജനാധിപത്യ പ്രക്രിയകളെയും ജനവികാരത്തെയും ബി.ജെ.പി എത്രത്തോളം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ജൂൺ 22-ന് ഈ വിജ്ഞാപനം തിടുക്കത്തിൽ പുറത്തിറക്കിയത്. വരാനിരിക്കുന്ന അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഈ ജനവിരുദ്ധ ബില്ല് കൂടുതൽ ക്രൂരമായ വ്യവസ്ഥകളോടെ വീണ്ടും അവതരിപ്പിക്കാനുള്ള സാദ്ധ്യതകളും തള്ളികളയാനാവില്ല.
സംഘടനകൾ തങ്ങൾ പ്രവർത്തിക്കുന്ന കൃത്യമായ തദ്ദേശീയ മേഖലകളും സംസ്ഥാനങ്ങളും മുൻകൂട്ടി പ്രഖ്യാപിക്കണമെന്നും, ഒന്നിലധികം സംസ്ഥാനങ്ങളിൽ കാരുണ്യപ്രവർത്തനം നടത്താൻ വൻതുക അധിക ഫീസ് ഈടാക്കുമെന്നുമുള്ള ചട്ടം ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണ്. പിന്നാക്ക മേഖലകളിലെ കാരുണ്യപ്രവർത്തനങ്ങളെ തടയാനാണ് ഈ നീക്കം. ലഭിക്കുന്ന തുകയുടെ 75 ശതമാനവും വിനിയോഗിച്ച് ഉദ്യോഗസ്ഥരുടെ ഫീൽഡ് പരിശോധന കഴിഞ്ഞാൽ മാത്രമേ അടുത്ത ഇൻസ്‌റ്റാൾമെന്റ് അനുവദിക്കൂ എന്ന റൂൾ, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വേഗത ഇല്ലാതാക്കാനാണ്. ചട്ട ലംഘനം ആരോപിച്ച് ആസ്തിയുടെ 30% വരെ പിഴ ഈടാക്കാനുള്ള വ്യവസ്ഥ സംഘടനകളെ ഭയപ്പെടുത്തി നിർത്താനുള്ളതാണ്. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ജനകീയ ആരോഗ്യ-വിദ്യാഭ്യാസ-ദുരന്തനിവാരണ മേഖലകളിൽ സജീവമായി ഇടപെടലുകൾ നടത്തുന്ന സന്നദ്ധ പ്രസ്ഥാനങ്ങളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നിരീക്ഷണവലയത്തിലാക്കാനും കൂട്ടായ്മകളെ തകർക്കാനും ആഭ്യന്തര മന്ത്രാലയം ശ്രമിക്കുകയാണ്. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ന്യായമായ അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ ശക്തമായ പ്രതിരോധം തീർക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്.ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയെയും ജനാധിപത്യ അവകാശങ്ങളെയും ഹനിക്കുന്ന എഫ്.സി.ആർ.എ പുതിയ ചട്ടങ്ങൾ കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

