നൂറില്‍ നൂറ് മാര്‍ക്കുള്ള പ്രോഗ്രസ് റിപ്പോര്‍ട്ടിനൊരു വോട്ട്

ആലത്തൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ.രാധാകൃഷ്ണന്‍ തന്റെ പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചുകൊണ്ടാണ് വോട്ടഭ്യര്‍ത്ഥിക്കുന്നത്. ചേലക്കരയുടെ എം.എല്‍.എ. എന്ന നിലയില്‍ കഴിഞ്ഞ 33 മാസം കൊണ്ട് താന്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളടങ്ങിയ പ്രോഗസ് റിപ്പോര്‍ട്ടാണ് കെ രാധാകൃഷ്ണന്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പ്.

ആകെ 603.27 കോടി രൂപയുടെ വികസന -ക്ഷേമ പ്രവര്‍ത്തനങ്ങളാണ് എംഎല്‍എ നടപ്പിലാക്കിയത്. ഒരു ജനപ്രതിനിധി എന്ന നിലയില്‍ കെ. രാധാകൃഷ്ണന് മണ്ഡലവുമായുള്ള ബന്ധം ആരംഭിക്കുന്നത് 1991ലെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പോടു കൂടിയാണ്. ചരിത്ര ഭൂരിപക്ഷം നല്കിയാണ് വള്ളത്തോള്‍ നഗര്‍ ഡിവിഷനില്‍ നിന്നും അദ്ദേഹം ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1996ല്‍ ചേലക്കരയില്‍ നിന്ന് കേരള നിയമസഭയിലേക്ക്. ചേലക്കരയെ സംബന്ധിക്കുന്ന വികസന കാഴ്ചപ്പാടുകള്‍ക്ക് ഒറ്റമനസ്സോടെ നാട് അംഗീകാരം നല്‍കി. പിന്നീട് നടത്തിയ യാത്ര പുതിയ ചേലക്കരയുടെ ചരിത്രമാണ്.

അവികസിത ചേലക്കരയുടെ പരിമിതികളേയും പരാധീനതകളെയും ബോധപൂര്‍വ്വമായ ഇടപെടലിലൂടെ മറികടന്നാണ് ഇന്നത്തെ ചേലക്കര സൃഷ്ടിക്കപ്പെട്ടത്. വികസനത്തിന്റെ സമാനതകളില്ലാത്ത മുന്നേറ്റത്തില്‍ നമ്മുടെ നാടിന്റെ സമസ്ത മേഖലകളും പുരോഗതിയിലേക്കു കുതിച്ചു. അവഗണനയുടെ കടത്തുവഞ്ചിക്കാലം കടന്ന് മായന്നൂരില്‍ ഭാരതപ്പുഴയ്ക്കു കുറുകെ പാലമുയര്‍ന്നു.

Also Read : ‘സ്വാതന്ത്ര്യം അപകടപ്പെടുന്ന നീക്കം രാജ്യത്ത് ഉയര്‍ന്നു വരുന്നു’; മുഖ്യമന്ത്രി

ആധുനിക സൗകര്യങ്ങളുള്ള ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങള്‍, ഭൗതിക സാഹചര്യങ്ങളില്‍ വിസ്മയിപ്പിക്കുന്ന നേട്ടങ്ങള്‍ സ്വന്തമാക്കിയ സ്‌കൂളുകള്‍, നിരവധി ഐ.ടി.ഐകള്‍, കേരളത്തിന്റെ നെറുകിലേക്കു കുതിക്കുന്ന ചേലക്കരയുടെ സ്വന്തം പോളിടെക്നിക്, കിള്ളിമംഗലം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഐ.എച്ച്.ആര്‍.ഡി. കോളേജ്, ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്ന അടിയണകളും തടയണകളും, മിനി സിവില്‍ സ്റ്റേഷനുകള്‍, മുഖം മിനുങ്ങിയ സര്‍ക്കാര്‍ ആശുപത്രികള്‍, ഉന്നതനിലവാരത്തിലേക്കുയര്‍ന്ന റോഡുകള്‍, ലോകസാംസ്‌കാരിക ഭൂപടത്തിലേക്കു കയറിപ്പോയ കലാമണ്ഡലത്തിന്റെ സുവര്‍ണ്ണകാലം, കാര്‍ഷിക മേഖലയിലെ ക്രിയാത്മകവും സാര്‍ത്ഥകവുമായ ഇടപെടലുകള്‍, ടൂറിസം ഇടനാഴിയില്‍ ചേലക്കരയുടെ സാന്നിദ്ധ്യം. ഇതെല്ലാം ചേലക്കരയുടെ നേട്ടങ്ങള്‍ മാത്രമല്ല നാടിനെക്കുറിച്ച് ഒരുജതയോടൊപ്പം നെയ്തെടുത്ത സ്വപ്നങ്ങള്‍ കൂടിയാണ്.

1991ല്‍ തുടങ്ങിയ യാത്ര 33 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. കേരളം ലോകത്തിനു നല്കിയ ധിഷണാശാലി ഇ.എം.എസ്സിന്റെ അനുഗ്രഹത്തോടെ കയ്യൂര്‍ സമരനായകന്‍ സ.ഇ.കെ.നായനാരുടെ മന്ത്രിസഭാംഗമായി, പുന്നപ്ര-വയലാര്‍ സമരനായകന്‍ സ.വി.എസ്സിന്റെ മന്ത്രിസഭാ കാലത്ത് സ്പീക്കറായി, ഇപ്പോള്‍ നിശ്ചയദാര്‍ഢ്യത്തോടെ നവകേരള സൃഷ്ടിക്കായി പരിശ്രമിക്കുന്ന സ.പിണറായി വിജയന്റെ മന്ത്രിസഭാംഗമായിട്ടൊക്കെ ചേലക്കര തോന്നൂര്‍ക്കരയിലെ സര്‍വ്വസാധാരണക്കാരനായ ഒരുവന് സഞ്ചരിക്കാനായത് നാടുനല്കിയ കലവറയില്ലാത്ത സ്നേഹത്തിന്റെയും പിന്തുണയുടെയും കൂടി പിന്‍ബലത്തിലാണ്. വികസനകാര്യങ്ങളിലുള്ള നാടിന്റെ, ജനതയുടെ കരുതലിന്റെ സാക്ഷ്യപത്രമായിരുന്നു നവകേരള സദസ്സിന്റെ ചേലക്കര നിയോജക മണ്ഡല സമ്മേളനവേദിയിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങള്‍.

കര്‍ഷകരും, തൊഴിലാളികളും, സാധാരണക്കാരുമടങ്ങുന്ന ചേലക്കര നിയോജകമണ്ഡലത്തിന്റെ സര്‍വതല സ്പര്‍ശിയായ വികസനത്തിന് വിട്ടുവീഴ്ചയില്ലാതെ നിരന്തരമായി കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ടെന്ന് സാക്ഷ്യം.ഇനിയുമേറെ നേടാനുണ്ട് എന്ന ബോധ്യത്തോടെ ഇതുവരെ ഒപ്പമുണ്ടായിരുന്ന നാടിനെ ചേര്‍ത്തുപിടിച്ചു മുന്നേറുകയാണ് കെ. രാധാകൃഷ്ണന്‍ എന്ന ജനനേതാവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News