
ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറിനെയും ആർഎസ്എസിൻ്റെ മാനസപുത്രൻ വി മുരളീധരനെയും നിയമസഭയിൽ എത്തിച്ച് കൊടുത്തതിന് പകരം രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് ആവശ്യപ്പെട്ട ഡീലാണ് ഇപ്പോൾ നരേന്ദ്ര മോദി നടപ്പിലാക്കിയിരിക്കുന്നതെന്ന് സി പി ഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. പിണറായി വിജയൻ്റെ വീട്ടിലെ ഇ ഡി റെയ്ഡിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സഖാവ് പിണറായി വിജയനെ രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെ വേട്ടയാടാനുഉള നീക്കം കേരളം തിരിച്ചറിയും പ്രതിരോധിക്കുകയും ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Also read:മരിക്കേണ്ടി വന്നാലും ആർഎസ്എസിന് മുന്നിൽ കീഴടങ്ങാത്ത പോരാളികളുടെ നേതാക്കൾ: വികെ സനോജ്
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം
ചിത്രം വ്യക്തമാണ്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദിച്ചത് ഇപ്പോൾ ഇ ഡി ചെയ്ത് കൊടുത്തു.
“എന്ത് കൊണ്ട് പിണറായി വിജയനെ ചോദ്യം ചെയ്യുന്നില്ല, അദ്ദേഹത്തിൻ്റെ മുഖ്യമന്ത്രിപദവും വീടും ഒക്കെ ഇല്ലാതാക്കുന്നില്ല” എന്നായിരുന്നു രാഹുൽ ഗാന്ധി ആ ഘട്ടത്തിൽ ആവേശത്തോടെ ചോദിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ തമ്പടിച്ച് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തി ഒടുവിൽ പ്രധാനമന്ത്രിയെ കണ്ട് വി ഡി സതീശൻ മടങ്ങിയതിന് ശേഷമാണ് ഇപ്പോൾ ഇഡി റെയ്ഡ്. ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറിനെയും ആർഎസ്എസിൻ്റെ മാനസപുത്രൻ വി മുരളീധരനെയും നിയമസഭയിൽ എത്തിച്ച് കൊടുത്തതിന് പകരം രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് ആവശ്യപ്പെട്ട ഡീലാണ് ഇപ്പോൾ നരേന്ദ്ര മോദി നടപ്പിലാക്കിയിരിക്കുന്നത്.
സഖാവ് പിണറായി വിജയനെ രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെ വേട്ടയാടാനുഉള നീക്കം കേരളം തിരിച്ചറിയും പ്രതിരോധിക്കും. സിപിഐഎമ്മിനെയും അതിൻ്റെ നേതാക്കളെയും ദുർബലപ്പെടുത്തിയാൽ മാത്രമേ ബിജെപി ആകാൻ കുപ്പായം തുന്നി ഇരിക്കുന്ന കോൺഗ്രസ് നേതാക്കളെ ഉപയോഗിച്ച് കേരളം പിടിക്കാൻ കഴിയൂ എന്ന് ബിജെപിക്ക് അറിയാം. അതിൻ്റെ ഭാഗമാണ് രാഷ്ട്രീയ യജമാനന്മാരുടെ താൽപര്യത്തിന് അനുസരിച്ച് ഇപ്പോൾ ഇഡി നടത്തുന്ന റെയ്ഡ്.
പാർട്ടി രാഷ്ട്രീയമായും നിയമപരമായും ഈ നീക്കങ്ങളെ നേരിടും. പാഴ്മുറം കൊണ്ട് സൂര്യനെ മറയ്ക്കാനാവില്ലെന്ന് മോദിയും സതീശനും മറക്കാതിരിക്കുക. തീയിൽ കുരുത്തത് വെയിലത്ത് വാടുമെന്നാണ് കരുതുന്നതെങ്കിൽ സിപിഐഎമ്മും സഖാവ് പിണറായി വിജയനും കടന്ന് വന്ന പോരാട്ട വഴികളെക്കുറിച്ച് നിങ്ങൾക്കൊന്നും ഒരു ചുക്കുമറിയില്ല എന്ന് തന്നെയാണ്. വേട്ടയാടാനാണ് തീരുമാനമെങ്കിൽ ഈ പാർട്ടിയൊരു തീപ്പന്തമാകും.
കെ റഫീഖ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

