
ചൂരൽമലയിലെ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുണ്ടെന്ന തരത്തിൽ വന്ന വാർത്തകളിൽ പ്രതികരിച്ച് മന്ത്രി കെ രാജൻ. ചിലർ നടത്തിയത് അപകടകരമായ പ്രചാരണമാണ് എന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വീടുകൾ നിർമ്മിക്കുമ്പോൾ വാട്ടർ പോണ്ടിംഗ് ടെസ്റ്റ് നടത്തണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. കാലാവസ്ഥ വ്യത്യാസങ്ങളിൽ എങ്ങനെയായിരിക്കും നിർമാണത്തിന്റെ ഉറപ്പ് എന്നത് പരിശോധിക്കാനാണ് അത് തീരുമാനിച്ചത്. പിന്നീട് ചോർച്ചയും ബലക്ഷയവും ഇല്ല എന്നത് ഉറപ്പാക്കുന്നതിനാണ് ഈ പരിശോധന. വാട്ടർ പോണ്ടിംഗ് ടെസ്റ്റ് നടത്തിയപ്പോൾ രണ്ടു വീടുകളിൽ വെളളം കിനിഞ്ഞു പോകുന്നത് കണ്ടു. നിർമ്മാണ വേളയിൽ ഉണ്ടാകാവുന്ന ഒരു ലീക്കേജാണ് ഉണ്ടായത് എന്ന് എൻജിനീയർമാർ വ്യക്തമാക്കി. എൻജിനീയർമാർ പറഞ്ഞ കാര്യം ശരിയാണോ എന്ന് നേരിട്ട് ബോധ്യപ്പെടാൻ വേണ്ടിയാണ് അവിടെ പോയത്. ഏതെങ്കിലും ഒരു മഴയിൽ ചോർന്നൊലിച്ചതല്ല, വാട്ടർ പോണ്ടിംഗ് ടെസ്റ്റിന്റെ ഭാഗമായി ഉണ്ടായതാണ് എന്നും അദ്ദേഹം പറഞ്ഞു.
താൻ മേശപ്പുറത്ത് കയറിയത് തെറ്റാണ് എന്ന് പറയുന്നവർക്കും അദ്ദേഹം മറുപടി നൽകി. തന്റെ നാടിന്റെ അഭിമാനം കാക്കാൻ ഇതിനേക്കാൾ പൊക്കത്തിൽ കയറണമെങ്കിൽ കയറും എന്നാണ് പറയാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. താൻ ചൂരൽമലക്കാർക്ക് മന്ത്രിയല്ല, അവരുടെ നാട്ടുകാരനാണ്.
അഞ്ച് വർഷം വാറണ്ടി നൽകിയാണ് വീട് നിർമിക്കുന്നത്. മന്ത്രിയെങ്ങനെ പണിക്കാരനാവും, എൻജിനീയറാകും എന്നതാണ് ചോദ്യങ്ങൾ വന്നത്. പ്രസ്താവിച്ച് പോരലല്ല തൻ്റെ ശീലം. നൗഫലിനെ സാമൂഹ്യ മാധ്യമങ്ങളിൽ ആക്രമിക്കുന്ന ഒരു കാര്യത്തിനും ഒരു പണിക്കും ആരും മുതിരരുത്. നൗഫൽ ഒരു ദുരന്തബാധിതനാണ്.
കൂലിപ്പണിക്കാരൻ രാജൻ എന്ന് പറയുന്നതിൽ അഭിമാനം മാത്രമാണ് തനിക്ക് തോന്നിയിട്ടുള്ളത്. ആത്മാഭിമാനം ഉള്ള ആളാണ് ഞാൻ എന്ന് അതിൽ വീണ്ടും ആവർത്തിക്കുന്നു. എന്നെ നികൃഷ്ടനാക്കാനോ തള്ളിപ്പറയാനോ വേണ്ടിയാണ് കൂലിപ്പണിക്കാരന്റെ പേര് ഉപയോഗിച്ചത്. അത്തരത്തിൽ പറയുന്നവർക്ക് കൂലിപ്പണിക്കാരനെ കുറിച്ചുള്ള ചിന്താഗതി എന്താണ് എന്നും മന്ത്രി ചോദിച്ചു. ഇങ്ങനെ സൈബർ ഇടത്തിൽ ആക്രമണം പാടില്ല. പാവപ്പെട്ടവന്റെ വിയർപ്പിന്റെ മണമുണ്ട് ടൗൺഷിപ്പിലെ ഓരോ വീടിന്റെയും ഇഷ്ടികയിൽ.
സർക്കാർ ഭൂമി നൽകാത്തതുകൊണ്ടാണ് പണി തുടങ്ങാത്തത് എന്നാണ് കോൺഗ്രസ് വാദം. കോൺഗ്രസിൻ്റെ വീട് നിർമാണം വൈകിയത് ആരുടെ കുറ്റമാണ് കിട്ടിയ കാശാണ് കണക്കെങ്കിൽ ഞങ്ങൾ ഭൂമി കൊടുത്തിരുന്നെങ്കിൽ എത്ര വീട് പണിയുമായിരുന്നു കോൺഗ്രസ് എന്നും അദ്ദേഹം ചോദിച്ചു.
വയനാട് ദുരന്തബാധിതരിൽ ഒരാൾക്ക് പോലും ഭീതി വേണ്ട. ടൗൺഷിപ്പ് ഒരു തുറന്ന പുസ്തകമാണ്. ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും കയറി പരിശോധിക്കാം. ഉപജീവന ബത്ത കൊടുത്തില്ല എന്ന ആശങ്ക ഉയർന്നു. പതിനെട്ടാം തീയതി അത് നൽകി. അതിനെക്കുറിച്ച് ഈ പറയുന്നത് ഞാൻ ഇനി അവിടെ വീണ്ടും പോയി പരിശോധിക്കണമെങ്കിൽ അതിനും താൻ തയ്യാറാണ്. അനാവശ്യമായി ഭീതി ആളുകൾക്കിടയിൽ ഉണ്ടാക്കരുത് എന്നുള്ളതുകൊണ്ടാണ് ഞാൻ പോയത്.
ULCC യുടെ നിർമ്മാണത്തെക്കുറിച്ച് ഒരുതരത്തിലുള്ള പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. കൃത്യം ടൈംലൈനിലാണ് ടൗൺഷിപ്പിന്റെ നിർമ്മാണം മുന്നോട്ടുപോകുന്നത്. മനപ്പൂർവ്വമായ ഒരു വൈകിക്കലും ഇല്ല. പട്ടയം ഉൾപ്പെടെയാണ് കുടുംബങ്ങൾക്ക് കൊടുക്കുന്നത്. എന്റെ വീടാണ് എന്ന അഭിമാനബോധം അവർക്കുമുണ്ട്.
ആക്ഷേപങ്ങൾ കേൾക്കുമ്പോൾ ആർത്ത് ചിരിക്കുന്നവർക്ക് ഒരു കക്കൂസ് എങ്കിലും നിർമ്മിച്ച് കൊടുക്കാൻ സാധിച്ചോ എന്നത് നോക്കണ്ടേ. ആക്ഷേപങ്ങൾ എന്നും ഉണ്ടാകും. അത് കനഗോലു സിദ്ധാന്തമാണ്. ആക്ഷേപങ്ങളിൽ പതറുന്നവരല്ല ഞങ്ങൾ. രണ്ടും മൂന്നും ഘട്ട പരിശോധനകൾക്ക് ശേഷമാണ് വീട് കൈമാറുന്നത്. ഏപ്രിൽ 30ന് ഇതിന്റെ മൂന്ന് തരത്തിലുള്ള പരിശോധനയും പൂർത്തിയാകും. മെയ് ആദ്യവാരം കൈമാറും എന്നും മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

