‘ആദിവാസി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നതാണ് സര്‍ക്കാർ നിലപാട്’; വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജൻ

k rajan

അട്ടപ്പാടിയിലെ ആദിവാസി ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജൻ. നിയമസഭയിൽ കെ.കെ രമ എം.എല്‍.എ അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റത്തെക്കുറിച്ച് അവതരിപ്പിച്ച സബ് മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ALSO READ: ‘രാജീവ് ചന്ദ്രശേഖറല്ല ദേവേന്ദ്രൻ വന്നാലും കേരളത്തിൽ ബി.ജെ.പി രക്ഷപ്പെടില്ല’: ബിനോയ് വിശ്വം

പട്ടികവർഗ്ഗക്കാർ തലമുറകളായി താമസിച്ചു വന്നിരുന്ന ഇടങ്ങളിലാണ് മറ്റുളളവർ കൈയ്യേറി അവകാശം സ്ഥാപിക്കുകയും സ്ഥാപിക്കുവാൻ ശ്രമിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നത്. ഒരു കാലത്ത് ഈ ഭൂമിയിൽ സ്വതന്ത്രമായി വിഹരിക്കുന്നതിനും കൃഷി ചെയ്യുന്നതിനും യാതൊരുവിധ തടസ്സങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ അവരുടെ ഭൂമിയ്ക്ക് സ്വന്തമായിട്ട് രേഖകൾ ലഭിക്കുകയോ ആയത് ലഭ്യമാകുന്നതിന് ശ്രമിക്കുകയോ ചെയ്‌തിരുന്നില്ല. അട്ടപ്പാടിയിൽ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെ മറ്റ് പ്രദേശങ്ങളിൽ നിന്നും കുടിയേറി വന്നവർ പട്ടികവർഗ്ഗക്കാരുടെ നിഷ്‌കളങ്കതയും അജ്ഞതയും മുതലെടുത്ത് ഭൂമി കൈയ്യേറുന്നതും ഭീഷണിപ്പെടുത്തിയും, മറ്റ് സ്വാധീനങ്ങൾ വഴിയും തലമുറകളായി അനുഭവിച്ച് വരുന്ന ഭൂമി അന്യാധീനപ്പെടുന്നതുമായ അവസ്ഥയാണ് നിലവിലുള്ളത്. ഇതിനെതിരെ ശക്തമായ നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്.

ആദിവാസി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ നിലപാട്. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ നിയമപരമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സംസ്ഥാനത്ത് 556 ഉന്നതികളിലായി 29,139 കുടുംബങ്ങള്‍ക്ക് 38,581.50 ഏക്കര്‍ ഭൂമിക്ക് വനാവകാശ രേഖ നല്‍കിയത്. വനാവകാശ രേഖ ലഭിച്ച വന ഗ്രാമങ്ങളെ റവന്യൂ വില്ലേജുകളാക്കി മാറ്റുന്നതിന് ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തികൊണ്ട് 03.02.25 ല്‍ 30/25 ആയി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച് കഴിഞ്ഞു. 6 മാസത്തിനുള്ളില്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കും. തൃശൂര്‍ ജില്ലയിലെ ഒളകര ഉന്നതിയിലെ 46 ആദിവാസി കുടുംബങ്ങള്‍ക്ക് ഒന്നര്‍ ഏക്കര്‍ വീതം ഭൂമിയുടെ അവകാശ രേഖ കൈമാറിയത് കഴിഞ്ഞ ദിവസമാണ്. ഇതേ ആര്‍ജവത്തോടെ തന്നെ ആദിവാസി വിഭാഗക്കാര്‍ കബിളിപ്പിക്കാതിരിക്കാന്‍ ഏറ്റവും ശക്തമായ നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിക്കും.

പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയ്യേറ്റം തടയുക ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി അവര്‍ക്ക് അളന്നു തിരിച്ചു നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബഹു. മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിനോട് വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പ്രസ്തുത റിപ്പോര്‍ട്ട് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ പരിഗണനയിലാണ്.

ഭൂപരിഷ്കരണ നിയമ പ്രകാരം പരിധിയില്‍ കൂടുതലുള്ള ഭൂമി കൈവശംവെയ്ക്കാന്‍ പാടില്ല. എന്നാല്‍ ഇത്തരത്തിലുള്ള ഭൂമി കൈമാറി ആധാരങ്ങള്‍ ഉണ്ടാക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയില്ലെങ്കിലും, അത്തരത്തില്‍ ഉണ്ടാക്കുന്ന ആധാരങ്ങള്‍ അസാധുവായിരിക്കും. അധിക ഭൂമി കൈവശം വെയ്ക്കുന്നവര്‍ക്കെതിരെ താലൂക്ക് ലാന്റ് ബോര്‍ഡ് എടുക്കുന്ന കേസുകളില്‍ ഇത്തരം ആധാരങ്ങള്‍ അസാധുവായാണ് പരിഗണിക്കുന്നത്.

പട്ടികവർഗ്ഗക്കാരുടെ കൈവശത്തിലുള്ള ഭൂരിഭാഗം ഭൂമിക്കും അവകാശം തെളിയിക്കുന്ന രേഖകൾ ഇല്ലാത്തത് അട്ടപ്പാടിയിൽ ആദിവാസി വിഭാഗക്കാര്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്.  ആദിവാസി ഭൂമി അന്യാധീനം സംബന്ധിച്ച TLA കേസുകൾ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനും ഇത് തടസ്സം സൃഷ്ടിയ്ക്കുന്നുണ്ട്. കൂടാതെ ഭൂമി കൈമാറിയിട്ടുള്ള കാലയളവിലും വ്യക്തത വരുത്തേണ്ടതുണ്ട്. 1999-ലെ കേരള പട്ടികവര്‍ഗ്ഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമത്തിൽ 2 ഹെക്ടര്‍ വരെ ഭൂമി പട്ടികവര്‍ഗ്ഗക്കാരല്ലാത്തവര്‍ക്ക് നിശ്ചിതകാലയളവില്‍ കൈമാറിയിട്ടുള്ളത് സാധൂകരിക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതിനാൽ ഭൂമി കൈമാറ്റം ചെയ്ത കാലയളവ് നിര്‍ണ്ണയിക്കേണ്ടതുണ്ട്.

എന്നാല്‍ അട്ടപ്പാടിയില്‍ ഡിജിറ്റല്‍ സര്‍വ്വേ തുടര്‍ന്നാല്‍ ആദിവാസികള്‍ അട്ടപാടിയില്‍ നിന്ന് തുടച്ച് നീക്കപ്പെടും എന്ന ബഹു. അംഗത്തിന്റെ ആശങ്കയോട് യോജിക്കുന്നില്ല. വ്യാജ രേഖ ചമച്ച് ഭൂമി തട്ടിയെടുക്കുന്നതായുള്ള പരാതികൾ വ്യാപകമായതിനാൽ പട്ടികവര്‍ഗ്ഗക്കാര്‍ കൈവശം വയ്ക്കുന്ന ഭൂമി കൃത്യമായി സർവ്വേ ചെയ്ത് തിട്ടപ്പെടുത്തിയാൽ മാത്രമേ ഭൂമി അന്യാധീനപ്പെട്ടതിന്റെ യഥാർത്ഥ വസ്‌തുത കണ്ടെത്തുവാൻ കഴിയുകയുളളു. മദ്രാസ് സര്‍വ്വേ & ബൗണ്‍ഡറീസ് ആക്ട് പ്രകാരം തയ്യാറാക്കിയ സെറ്റില്‍മെന്റ് രജിസ്റ്റര്‍ അടിസ്ഥാനമാക്കിയും, തുടര്‍ന്നുള്ള ആധാരങ്ങള്‍ പരിശോധിച്ചുമായിരിക്കും ഡിജിറ്റല്‍ സര്‍വ്വേ നടത്തുന്നത്. ഈ സാഹചര്യത്തിലാണ് ഡിജിറ്റല്‍ സര്‍വ്വെയുടെ രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ട വില്ലേജുകളുടെ പട്ടികയില്‍ ടി കോട്ടത്തറ, അഗളി, ഷോളയൂര്‍ എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുത്തിയത്. ഡിജിറ്റല്‍ സര്‍വ്വേ നടത്തുമ്പോള്‍ ചെയ്യുന്ന ആധാര പരിശോധനയില്‍ ആധാരങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ റവന്യൂ – സര്‍വ്വേ ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുവഴി വ്യാജ രേഖ ചമക്കുന്നതിന് ഉദ്യോഗസ്ഥ തലത്തില്‍ സഹായം ലഭ്യമായിട്ടുണ്ടോ എന്നും പരിശോധിക്കാന്‍ കഴിയും. പട്ടികവർഗ്ഗക്കാരുടെ ഭൂമി വ്യാജരേഖ ചമച്ച് കൈയ്യടക്കുന്നതിന് കൂട്ട് നിൽക്കുന്നതിനായി കണ്ടെത്തിയാൽ അവർക്കെതിരെ പട്ടികജാതി – പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമ പ്രകാരം നടപടി സ്വീകരിക്കാന്‍ വ്യവസ്ഥയുണ്ട്.

റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ സര്‍ക്കാര്‍ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുന്നതാണ്. ആദിവാസികളുടെ ഭൂമി അവരെ കബിളിപ്പിച്ച് കൈവശം വെയ്ക്കുന്നവര്‍ ആരായാലും മുഖം നോക്കാതെ കഠിന നടപടി സ്വീകരിക്കും. കൈയ്യേറ്റക്കാരോട് ഒരു സന്ധിയും ചെയ്യാത്ത കഠിന നടപടിയായിരിക്കും സര്‍ക്കാര്‍ കൈക്കൊള്ളുക. നിയമവിരുദ്ധമായ നടപടിക്ക് പിന്നില്‍ ഏതെങ്കിലും ഉദ്യോഗസ്ഥരുടെ പങ്ക് തെളിയിക്കപ്പെട്ടാല്‍ നടപടികളുടെ ഗൗരവം അനുസരിച്ച് സര്‍വ്വീസില്‍‍ നിന്നും ഒഴിവാക്കുന്നത് വരെയുള്ള നടപടികള്‍ കൈക്കൊള്ളുന്നതാണ്. ആദിവാസി – മലയോര മേഖലയിലെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഭൂമിയും രേഖയും നല്‍കാന്‍ പ്രത്യക SOP തന്നെ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി സഭയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News