‘പോക്കുവരവ് ചട്ടങ്ങളില്‍ സമഗ്ര ഭേദഗതി; ഇനി മുതല്‍ ഭൂമി കൈമാറ്റം സുതാര്യമാകും’: മന്ത്രി കെ രാജന്‍

minister k rajan wayand rehabilitation against central government

സംസ്ഥാനത്ത് ഭൂമി കൈമാറ്റവുമായ ബന്ധപ്പെട്ടുള്ള നടപടികള്‍ സുതാര്യവും ലളിതവുമാക്കുന്നതിന് പോക്കുവരവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തുവെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. ഭൂമി രജിസ്‌ട്രേഷന് മുന്‍പായി പോക്കുവരവിനുള്ള അപേക്ഷ സമര്‍പ്പിക്കണമെന്ന് നിഷ്‌കര്‍ഷിച്ചു കൊണ്ടാണ് പോക്കു വരവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇനി മുതല്‍ സംയോജിത പോര്‍ട്ടലായ എന്‍റെ ഭൂമി പോര്‍ട്ടലിലൂടെയാകും രജിസ്ട്രേഷന്‍ നടപടികള്‍ സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. സംയോജിത പോര്‍ട്ടല്‍ വഴിയുള്ള ആധാരം രജിസ്‌ട്രേഷന്‍ നിലവില്‍ വരുന്നതോടെ ഭൂമി വാങ്ങുന്നതിലൂടെ നടക്കുന്ന എല്ലാ കബളിപ്പിക്കലുകളും ഇല്ലാതാകുമെന്നും മന്ത്രി ചൂണ്ടികാണിച്ചു.

രേഖകള്‍ വ്യക്തമായി പരിശോധിച്ചും ഭൂമിയുടെ സ്ഥല പരിശോധന നടത്തിയ ശേഷവും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിലൂടെ ആധികാരികമായ ആധാരങ്ങളായിരിക്കും ലഭ്യമാവുക. ഇനി മുതല്‍ ഭൂമി രജിസ്‌ട്രേഷന് മുന്‍പും ശേഷവും സ്‌കെച്ചിനായോ പോക്കുവരവിനായോ വില്ലേജ് ഓഫീസില്‍ നേരിട്ട് പോകേണ്ട അവസ്ഥ ഉണ്ടാകില്ല. ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ച വില്ലേജുകളിലാണ് രജിസ്‌ട്രേഷനു മുന്‍പായി പോക്കു വരവിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ALSO READ; മന്ത്രിസഭായോഗ തീരുമാനങ്ങള്‍: നവകേരള സദസ്സ് നിര്‍‍ദേശങ്ങള്‍ നടപ്പാക്കാന്‍ 982 കോടി രൂപയുടെ പദ്ധതികള്‍

കേരളത്തിലെ ആയിരത്തി അഞ്ഞൂറ്റി അന്‍പത് വില്ലേജുകളില്‍ നാല് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ 2022 നവംബര്‍ 1 ന് ആരംഭിക്കുകയുണ്ടായി. ഇതിനോടകം 7 ലക്ഷം ഹെക്ടര്‍ ഭൂമിയുടെ സര്‍വ്വെയും, 300 ലധികം വില്ലേജുകളില്‍ സര്‍വ്വെ നടപടികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. സര്‍വ്വെ കഴിഞ്ഞ വില്ലേജുകളില്‍ അന്തിമ വിജ്ഞാപനം താമസിയാതെ പുറപ്പെടുവിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ വില്ലേജിലേയും ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തിയാക്കുംമെന്നും മന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ സര്‍വ്വെ കഴിഞ്ഞ വില്ലേജുകളില്‍ ഭൂമി കൈമാറ്റത്തിന് ഡിജിറ്റലായി തയ്യാറാക്കിയ സ്‌കെച്ചും തണ്ടപ്പേരും ഇനി മുതല്‍ നിര്‍ബന്ധമാണ്. ഇതിനായി റവന്യൂ സര്‍വ്വെ രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ സംയോജിത പോര്‍ട്ടലായ എന്റെ ഭൂമി (ILIMS) വഴി ബന്ധപ്പെട്ട ഭൂവുടമയോ ചുമതലപ്പെടുത്തിയ ആളോ ഓണ്‍ലൈനായി ഡിജിറ്റല്‍ പ്രീ മ്യൂട്ടേഷന്‍ സ്‌കെച്ചിനും തണ്ടപ്പേരിനും അപേക്ഷ സമര്‍പ്പിക്കണം. ഇപ്രകാരം അപേക്ഷ ലഭിച്ചാല്‍ ഒരു സര്‍വ്വേയര്‍ സ്ഥല പരിശോധന നടത്തി സര്‍വ്വെ സ്‌കെച്ച് തയ്യാറാക്കും. അതേ സമയം തന്നെ വില്ലേജ് ഓഫീസര്‍ ആവശ്യമായ പരിശോധനകള്‍ നടത്തി തണ്ടപ്പേര്‍ പകര്‍പ്പ് തയ്യാറാക്കും. ഇവ രണ്ടും സംയോജിത പോര്‍ട്ടല്‍ വഴി ആധാരത്തോടൊപ്പം ചേര്‍ത്ത് സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും രജിസ്റ്റര്‍ ചെയ്തു നല്‍കും. തുടര്‍ന്ന് ഓണ്‍ലൈനായി തന്നെ ഭൂമിയുടെ പോക്കുവരവ് വില്ലേജ് രേഖകളില്‍ ഉള്‍പ്പെടുത്തി ഓണ്‍ലൈനായി കരമടക്കുന്നതിനുള്ള സൗകര്യം ലഭ്യമാകും.

ALSO READ; പട്ടയം നഷ്ടപ്പെട്ടവര്‍ക്ക് നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉത്തരവായി; ആശ്വാസമായത് റവന്യൂ മന്ത്രി കെ രാജന്‍റെ ഇടപെടല്‍

അപേക്ഷ നല്‍കിയാല്‍ നാല് ദിവസത്തിനുള്ളില്‍ തന്നെ സര്‍വ്വെ സ്‌കെച്ചും തണ്ടപ്പേരും ഓണ്‍ലൈനായി ലഭ്യമാക്കണമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. നിയമപരമായ തടസ്സങ്ങള്‍ മൂലം സര്‍ട്ടിഫിക്കറ്റോ സ്‌കെച്ചോ നിഷേധിക്കുകയാണെങ്കില്‍ അതിനെതിരെ ബന്ധപ്പെട്ട തഹസില്‍ദാര്‍ക്കും സര്‍വ്വെ സൂപ്രണ്ടിനും അപ്പീല്‍ സമര്‍പ്പിക്കാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ എതിര്‍ കൈവശം, പിന്‍തുടര്‍ച്ച തുടങ്ങി വിചാരണ ആവശ്യമുള്ള പോക്കുവരവുകള്‍ക്ക് മുന്‍പ് ചെയ്തിരുന്നതു പോലെ നേരിട്ട് പോക്കുവരവ് നടപടികള്‍ ചെയ്യാവുന്നതാണ്. അപ്പാര്‍ട്ട്‌മെന്റുകളിലും ഫ്‌ളാറ്റുകളിലുമുള്ള വിഭജിക്കപ്പെടാത്ത അവകാശവും ഇത്തരത്തില്‍ സംയോജിത പോര്‍ട്ടല്‍ വഴി പോക്കുവരവ് നടത്താമെന്ന പ്രത്യേകതയും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News