കെ സ്മാര്‍ട്ട് ആപ്പ് നഗരഭരണത്തിൽ വരുത്തിയത് വിപ്ലവകരമായ മാറ്റങ്ങൾ; അറിയാം വിശദമായി

k-smart-kerala-lsgd

കെ സ്മാർട്ട് ആപ്പ് സേവനം കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ആദ്യഘട്ടത്തിൽ നഗരസഭകളിലാണ് കെ സ്മാർട്ട് സേവനം ഉണ്ടായിരുന്നത്. കുറഞ്ഞ കാലത്തിനുള്ളിൽ സേവനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കെ സ്മാർട്ടിന് സാധിച്ചു. അവയിൽ ചിലത് താഴെ കൊടുക്കുന്നു:

Read Also: ‘തദ്ദേശസ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ സര്‍ക്കാരിനെയാണ് വിലയിരുത്തുന്നത്, കാലത്തിന്റെ മാറ്റം അനുസരിച്ച് സിവില്‍ സര്‍വീസ് നവീകരിക്കും’: മുഖ്യമന്ത്രി

  1. 2024 ജനുവരി മുതല്‍ 2025 മാര്‍ച്ച് 31 വരെ കെ സ്മാര്‍ട്ടിലൂടെ ആകെ കൈകാര്യം ചെയ്ത ഫയലുകള്‍ 35.65 ലക്ഷമാണ്. ഇതില്‍ 26.98 ലക്ഷം (75.7%) ഫയലുകളും തീര്‍പ്പാക്കിക്കഴിഞ്ഞു. പൊതുജനങ്ങള്‍ക്ക് ഓരോ അപേക്ഷയും എവിടെ ആരുടെ പരിഗണനയിലാണെന്നും എത്ര സമയം ഓരോ സീറ്റിലും ഫയല്‍ താമസിക്കുന്നുവെന്നും കൃത്യമായി അറിയാനാവും. അപേക്ഷിക്കാന്‍ മാത്രമല്ല, സര്‍ട്ടിഫിക്കറ്റ് വാങ്ങാനും തദ്ദേശ സ്വയം ഭരണ സ്ഥാപന ഓഫീസില്‍ പോകേണ്ടതില്ല. വാട്ട്‌സാപ്പില്‍ ലഭിക്കും.
  2. കെ സ്മാര്‍ട്ട് വിന്യസിച്ചതോടെ പൊതുജനങ്ങള്‍ക്ക് സേവനത്തിനായി കാത്തിരിക്കേണ്ടിവരുന്നില്ല. അതിവേഗത്തിലാണ് എല്ലാ കാര്യങ്ങളും നിര്‍വഹിക്കുന്നത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സിസ്റ്റം തന്നെ പരിശോധന നടത്തുന്നുവെന്നതും പരിശോധനകളുടെ ഉദ്യോഗസ്ഥ തലത്തിലെ തട്ടുകള്‍ കുറച്ചതും ഇതിന് സഹായകരമായി.
  3. വീഡിയോ കെ വൈ സിയിലൂടെയുള്ള വിവാഹം രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത് കേരളമാണ്, കെ സ്മാര്‍ട്ടാണ്. നേരത്തെ വധൂവരന്‍മാര്‍ ഓഫീസില്‍ വന്ന് അപേക്ഷ സമര്‍പ്പിക്കണമായിരുന്നു. ഇത് മാറ്റി, വധുവിനും വരനും ലോകത്ത് എവിടെയിരുന്നും ഏത് സമയത്തും വീഡിയോയിലൂടെ വെരിഫൈ ചെയ്ത് വിവാഹം രജിസ്റ്റര്‍ ചെയ്യാനാവുന്ന സ്ഥിതി വന്നു. സംസ്ഥാനത്ത് 2024 ജനുവരി മുതല്‍ 2025 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്ത 63,001 വിവാഹങ്ങളില്‍ 21,344ഉം ഈ സൌകര്യം ഉപയോഗിച്ചാണ് ചെയ്തത്.
  4. 300 ചതുരശ്ര മീറ്റര്‍ വരെയുള്ള ബില്‍ഡിങ് പെര്‍മിറ്റുകള്‍ കെ സ്മാര്‍ട്ടില്‍ അപേക്ഷിച്ചാലുടന്‍ ലഭിക്കുന്നു. ശരാശരി പെര്‍മിറ്റ് ലഭിക്കാനെടുക്കുന്ന സമയം 9 സെക്കന്റാണ്. ഇങ്ങനെയുള്ള 28,393 പെര്‍മിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. മുന്‍പ് ആഴ്ചകളും മാസങ്ങളുമെടുത്തിരുന്ന പ്രക്രിയയാണ് ഇത്. ലൈസന്‍സ് പുതുക്കല്‍ സെല്‍ഫ് ഡിക്ലറേഷന്റെ അടിസ്ഥാനത്തില്‍ ഒരു മിനുട്ടിനകം ചെയ്യാനാവുന്നതിനുള്ള സൌകര്യം വൈകാതെ കെ സ്മാര്‍ട്ടില്‍ ലഭ്യമാവും. നിലവില്‍ 15 ദിവസങ്ങള്‍ വേണ്ടിവരുന്ന കാര്യമാണിത്.
  5. ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ഒരു ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് 6.45 മിനുട്ട് കൊണ്ടാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നാണ് സംസ്ഥാനത്തെ ഏറ്റവും വേഗത്തിലുള്ള മരണസര്‍ട്ടിഫിക്കറ്റ് ലഭിച്ചത്, 8.54 മിനുട്ടുകൊണ്ട്. 23.56 മിനുട്ടുകൊണ്ട് വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റിയാണ് ഈ വിഭാഗത്തില്‍ മുന്നില്‍. ഇത് വേഗത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ്. സേവനങ്ങള്‍ നല്‍കാനുള്ള ശരാശരി സമയം ആഴ്ചകളില്‍ നിന്ന് മണിക്കൂറുകളായി കെ സ്മാര്‍ട്ടിലൂടെ കുറഞ്ഞു.
  6. ഫയല്‍ തീര്‍പ്പാക്കലിലെ കാലതാമസവും ചുവപ്പുനാടയും എല്ലാ കാലത്തും പ്രത്യേകിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പിനെക്കുറിച്ചുള്ള പരാതിയാണല്ലോ. കെ സ്മാര്‍ട്ടില്‍ 4.43 ലക്ഷം ഫയലുകള്‍ (16.45%) തീര്‍പ്പാക്കിയത് ഒരു മണിക്കൂറിനുള്ളിലാണ്. 9.7 ലക്ഷം അഥവാ 35.96% ഫയലുകള്‍ തീര്‍പ്പാക്കിയത് 24 മണിക്കൂറിനുള്ളിലും.
  7. നഗരസഭകളിലെ ജീവനക്കാര്‍ കെ സ്മാര്‍ട്ടിന് നല്‍കിയ പിന്തുണ അതുല്യമായിരുന്നു. 1.63 ലക്ഷം ഫയലുകള്‍ (6.06%) തീര്‍പ്പാക്കിയത് അവധി ദിനങ്ങളിലായിരുന്നു. 3.5 ലക്ഷം ഫയലുകള്‍ (12.99%) പ്രവൃത്തി സമയത്തിന് ശേഷമാണ് തീര്‍പ്പാക്കിയിരിക്കുന്നത്. ന്യൂനപക്ഷം ജീവനക്കാരുടെ ചില കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാട്ടുമ്പോഴും, അവധി ദിനത്തിലും അര്‍ധരാത്രിയിലുമിരുന്നും ഫയലുകള്‍ തീര്‍പ്പാക്കി ജനപക്ഷത്ത് നിലയുറപ്പിച്ച അനവധി ജീവനക്കാര്‍ നഗരസഭകളില്‍ പ്രവര്‍ത്തിക്കുന്നു എന്നതുകൂടി ഓര്‍ക്കണം.
  8. കെ സ്മാര്‍ട്ടില്‍ കെട്ടിടം ലിങ്ക് ചെയ്താല്‍ ബില്‍ഡിങ് സര്‍ട്ടിഫിക്കറ്റ് അപേക്ഷയൊന്നും നല്‍കാതെ തന്നെ ഡൌണ്‍ലോഡ് ചെയ്‌തെടുക്കാനാവും. മുന്‍പ് നല്‍കിയിരുന്ന ഏഴ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരമാണ് ഈ സര്‍ട്ടിഫിക്കറ്റ്. അപേക്ഷ പോലും നല്‍കാതെ ഏത് സമയത്തും ഡൌണ്‍ലോഡ് ചെയ്ത് എടുക്കാനാവും.
  9. ഒരു സ്ഥലം വാങ്ങുന്നതിന് മുന്‍പോ കെട്ടിടം നിര്‍മിക്കുന്നതിന് മുന്‍പോ ആ സ്ഥലത്ത് എന്തൊക്കെ നിയന്ത്രണങ്ങള്‍ ബാധകമാണ് എന്ന് പരിശോധിക്കാനാവുന്ന ‘know your land’ ഈ മേഖലയിലെ വിപ്ലവകരമായ ചുവടുവെപ്പാണ്. വീടിന്റെ പരിസരത്ത് എന്തൊക്കെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാനാവുന്ന കെ മാപ്പും കെ സ്മാര്‍ട്ടില്‍ വിന്യസിച്ചിട്ടുണ്ട്.
  10. കരാറുകാരും സപ്ലൈയര്‍മാരും ബില്ലുകള്‍ മാറിക്കിട്ടാന്‍ പഞ്ചായത്തോ നഗരസഭയോ കയറിയിറങ്ങുന്ന സ്ഥിതിക്കും അവസാനമാവുകയാണ്. കെഫ്റ്റ് (കെ സ്മാര്‍ട്ട് ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) എന്ന ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം വികസിപ്പിച്ചെടുത്തു. ബില്ലുകള്‍ ഓണ്‍ലൈനായി നല്‍കാം, ഒരു മണിക്കൂറിനുള്ളില്‍ കരാറുകാരുടെ അക്കൌണ്ടില്‍ പണമെത്തും. ബില്‍ തുക നല്‍കുമ്പോഴുള്ള അഴിമതിയുടെ സാധ്യത ഇതോടെ അവസാനിപ്പിക്കാനാവും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News