‘എന്നെ ക്ഷണിച്ചിട്ടില്ല, പ്രസംഗിക്കാനും പറഞ്ഞിട്ടില്ല, ഞാൻ വിളിക്കാതെ വന്നതാണ്’; പാർട്ടി വേദിയിൽ പരിഭവം പറഞ്ഞ് വേദി വിട്ട് കെ സുധാകരൻ

പാർട്ടി വേദിയിൽ പരിഭവം പറഞ്ഞ് കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരൻ. പരിപാടിക്ക്‌ ക്ഷണിക്കാത്തതിൽ നീരസം പറഞ്ഞ്, പ്രസംഗിക്കാതെ സുധാകരൻ വേദി വിട്ടു. കോഴിക്കോട് കെ സി വേണുഗോപാൽ ഉദ്ഘാടകനായി പങ്കെടുത്ത കെ സാദിരിക്കോയ അനുസ്‌മരണത്തിൻ്റെ ഭാഗമായ പരിപാടിയിലായിരുന്നു സുധാകരന്റെ പരിഭവം പറച്ചിൽ.

കോൺഗ്രസ്‌ നേതാവായിരുന്ന കെ സാദിരിക്കോയയുടെ അനുസ്‌മരണത്തിന്റെ ഭാഗമായി, കോഴിക്കോട് സംഘടിപ്പിച്ച കർമശ്രേഷ്ഠ പുരസ്‌കാര വിതരണ ചടങ്ങിനിടെയായിരുന്നു കെ സുധാകരന്റെ പരിഭവം പറച്ചിൽ. ‘‘ഈ പരിപാടിയിലേക്ക്‌ എന്നെ ക്ഷണിച്ചിട്ടില്ല, പ്രസംഗിക്കാനും പറഞ്ഞിട്ടില്ല. ഞാൻ വിളിക്കാതെ വന്നതാണ്‘‘ എന്നുമാത്രം പറഞ്ഞ്‌ സുധാകരൻ വേദി വിട്ടു.

ALSO READ: ‘ഹോസ്റ്റലിൽ കഞ്ചാവ് സൂക്ഷിച്ചത് വിൽപ്പനയ്ക്ക്; ആകാശ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നയാൾ’; റിമാൻഡ് റിപ്പോർട്ട് പുറത്ത്

കോഴിക്കോട് ഡിസിസി തയ്യാറാക്കിയ പ്രചാരണ ബോർഡുകളിലും നോട്ടീസിലും കെ സുധാകരന്റെ പേര് ഉണ്ടായിരുന്നില്ല. എന്നാൽ സുധാകരൻ വരുന്നുണ്ടെന്നറിഞ്ഞ്‌, പരിപാടി തുടങ്ങിയ ശേഷം തയ്യാറാക്കി വിതരണം ചെയ്‌ത അജൻഡയിൽ മുഖ്യപ്രഭാഷകനായി ഉൾപ്പെടുത്തി. അവാർഡ്‌ വിതരണത്തിനെത്തിയ കെ സി വേണുഗോപാൽ ഉദ്‌ഘാടന പ്രസംഗം കഴിഞ്ഞ്‌ മടങ്ങിയ ശേഷമാണ്‌ കെ സുധാകരൻ വേദിയിലെത്തിയത്‌. മുഖ്യ പ്രഭാഷണത്തിനായി ക്ഷണിച്ച സുധാകരൻ മൈക്കിനടുത്തെത്തി പരിഭവം പറഞ്ഞ് പുരസ്കാരം ലഭിച്ച ടി സിദ്ദിഖിനെ അഭിനന്ദിച്ച് വേദി വിടുകയായിരുന്നു.

സാദിരിക്കോയയുടെ മകനും കെപിസിസി ജനറൽ സെക്രട്ടറിയുമായ പി എം നിയാസായിരുന്നു പരിപാടിയുടെ മുഖ്യ സംഘാടകൻ. നേരത്തെ ഐ ഗ്രൂപ്പിലായിരുന്ന നിയാസ്‌ കെ സി വേണുഗോപാലിനൊപ്പമാണ്. എ ഗ്രൂപ്പ് വിട്ട സിദ്ദിഖും ഇവർക്കൊപ്പം ചേർന്നതായാണ് വിവിരം. ഗ്രൂപ്പ് ശക്തിപ്പെടുത്തുന്ന കെ സി വേണുഗോപാൽ വിഭാഗത്തോടുള്ള നീരസംകൂടിയാണ്‌ സുധാകരൻ പരസ്യമായി പ്രകടിപ്പിച്ചതെന്നാണ്‌ കോൺഗ്രസിനുള്ളിലെ സംസാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News