
കോട്ടയത്ത് കെ സുധാകരനെ പിന്തുണച്ച് വ്യാപക പോസ്റ്റർ പ്രചാരണം. ആൻ്റോ ആൻ്റണിയുടെ തട്ടകമായ പൂഞ്ഞാറിലാണ് വ്യാപകമായി ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്. കോൺഗ്രസിൽ നേതൃമാറ്റ വിവാദങ്ങൾ മുറുകുന്നതിനിടെയാണ് ചേരി തിരിഞ്ഞുള്ള പോര് വ്യക്തമാക്കുന്ന തരത്തിലുള്ള സംഭവം. കോൺഗ്രസിനെ നയിക്കാൻ സുധാകരൻ തുടരട്ടെ എന്ന തരത്തിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് . സേവ് കോൺഗ്രസ് രക്ഷാസമിതിയുടെ പേരിലാണ് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്. ആൻ്റോ ആൻ്റണിയുടെ ജന്മനാടായ മുന്നിലവിലും ഫ്ലക്സുകൾ സ്ഥാപിച്ചിട്ടുണ്ട്.
പദവിയില്‍ നിന്ന് മാറ്റില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് കെ സുധാകരന്‍. അതേസമയം മുതിര്‍ന്ന നേതാക്കള്‍ പക്വത കാട്ടണമെന്ന പ്രസ്താവനയുമായി രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തെത്തി. തന്നെ അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റും മാറ്റുമെന്നുള്ള മാധ്യമ വാര്‍ത്തകള്‍ കെ.സുധാകരന്‍ വിശ്വസിക്കുന്നില്ല. എഐസിസി നേതൃത്വം അങ്ങനെ ഒരു നിര്‍ദ്ദേശം തന്നെ അറയിച്ചില്ല. പിന്നെ എന്തിന് ആശങ്കപ്പെടണമെന്നതാണ് സുധാകരൻ്റെ നിലപാട്.
അതേസമയം മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും സുധാകരന് അനുകൂലമാണ്. സുധാകരന്‍ എ.കെ.ആന്റണിയുടെ വസതിയില്‍ എത്തി ചര്‍ച്ച നടത്തി. 15 മിനിറ്റ് നേരം ഇരുവരും തമ്മില്‍ സംസാരിച്ചു. ആന്റണിയുടെ മനസും സുധാകരന് അനുകൂലമെന്നാണ് വിവരം. എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ രമേശ് ചെന്നിത്തലയും ശശി തരൂരും സുധാരന്‍ പദവിയില്‍ തുടരട്ടെ എന്ന നിലപാടുകാരാണ്. കെ.മുരളീധരന്‍ സുധാകരനെ പരസ്യമായി പിന്തുണച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതെല്ലാം അവഗണിച്ച് സുധാകരനെ മാറ്റാനുള്ള തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

