ബിജെപിക്ക് തീരാ തലവേദന; കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും നേർക്കുനേർ

ബിജെപി നേതാക്കളായ കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും തമ്മിൽ നേർക്കുനേർ പോര്. തൃശൂരിൽ നടക്കാനിരിക്കുന്ന വനിതാ സംഗമത്തിന്‍റെ സ്വാഗതസംഘ രൂപീകരണ വേദിയിൽ വെച്ചായിരുന്നു ഇവർ തമ്മിലുള്ള ഭിന്നത ഏറെ നാളുകൾക്ക് ശേഷം പരസ്യമായി പുറത്തേക്ക് വന്നത്. പാർട്ടിയിൽ വരും നാളുകളിൽ ശക്തമാകുന്ന പോരിന്‍റെ തുടക്കമാണ് ഇതെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.

വലിയൊരിടവേളക്ക് ശേഷമായിരുന്നു സുരേന്ദ്രനും ശോഭയും ഒരു വേദിയിലെത്തിയത്. പണ്ട് ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന ഒന്നോ രണ്ടോ വനിതകളെ ബിജെപിയിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് തെരുവിൽ ഇറങ്ങാനും സമരം ചെയ്യാനും നിരവധി വനിതകൾ പാർട്ടിയിലുണ്ടെന്നുള്ള പാര്‍ട്ടി പ്രസിഡന്‍റിന്‍റെ പരാമര്‍ശമാണ് ശോഭയെ ചൊടിപ്പിച്ചത്. പിന്നാലെ പ്രസംഗിച്ച ശോഭ, ബിജെപിയിൽ സുരേന്ദ്രനോ ശോഭയോ എന്നത് വിഷയമേയല്ലെന്ന് വ്യക്തമാക്കി.

അടുത്തിടെ തൃശൂരിലെ അമിത് ഷായുടെ സമ്മേളന വേദിയിൽ പോലും വൈസ് പ്രസിഡന്‍റ് ശോഭാ സുരേന്ദ്രന് ഇരിപ്പിടം നൽകിയിരുന്നില്ല. സുരേന്ദ്രൻ പ്രസിഡന്‍റായതിന് പിന്നാലെ കോർ കമ്മിറ്റിയിൽ നിന്ന് ശോഭയെ മാറ്റിയിരുന്നു. അന്ന് മുതൽ തുടങ്ങിയതാണ് പോര്.

ഒരുപാട് ആളുകളുടെ ത്യാഗം കൊണ്ട് ഉണ്ടാക്കിയ പാർട്ടിയാണ് ബിജെപി. ഒരുപാട് സമരങ്ങളിൽ പങ്കെടുത്തയാളാണ് താൻ. ഒരൽപം വേദന സഹിച്ചിട്ടാണെങ്കിലും പാർട്ടി പ്രവർത്തകയായി മുന്നോട്ട് പോകുമെന്നും കസേരകിട്ടിയാലും ഇല്ലെങ്കിലും പ്രവർത്തിക്കുമെന്നും കൂടുതൽ വിഷമിപ്പിക്കരുതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. പാർട്ടിയുമായി പലകാരണങ്ങളാൽ
പലവട്ടം ഉടക്കി മാറി നിന്ന ശോഭ ഒടുവിൽ കേന്ദ്ര നേതൃത്വം ഇടപെട്ടതോടെ ഇടയ്ക്ക് വീണ്ടും സജീവമായിരുന്നു. ശോഭ സഹകരിക്കുന്നില്ലെന്ന് സുരേന്ദ്രൻ പറയുമ്പോൾ സുരേന്ദ്രനാണ് തനിക് അവസരങ്ങൾ നൽകാത്തത് എന്നാണ് ശോഭയുടെ പരാതി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News