താനൂര്‍ കടപ്പുറത്ത് മനുഷ്യരുടെ കണ്ണുനീര്‍ തിരമാലകളായ് ആര്‍ത്തലച്ചു, കെ ടി ജലീല്‍

താനൂരിലെ ഹൗസ് ബോട്ട് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് എം എല്‍ എ ഡോ. കെ ടി ജലീല്‍. താനൂര്‍ കടപ്പുറത്ത് മനുഷ്യരുടെ കണ്ണുനീര്‍ തിരമാലകളായ് ആര്‍ത്തലച്ചുവെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ഇരുട്ടിനെ വകവെക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ജനങ്ങള്‍ ഒന്നിച്ചിറങ്ങയെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവര്‍ക്കൊപ്പം പാറ പോലെ ഉറച്ചു നിന്ന സാഹചര്യത്തിലും പുര കത്തുമ്പോള്‍ വാഴവെട്ടുന്ന ചിലരുണ്ടായിരിന്നുവെന്ന് കെ ടി ജലീല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

ഡോ:കെ.ടി.ജലീല്‍

താനൂരില്‍ ഹൗസ് ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് നാട് കേട്ടത്. കരളലിയിപ്പിക്കുന്ന രംഗങ്ങളാണ് ആശുപത്രികളിലും മരണവീടുകളിലും ദൃശ്യമായത്. ഒരു കുടുംബത്തിലെ ഒന്‍പതു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത് കേരളം നടുങ്ങിയ മണിക്കൂറുകള്‍. നാട്ടുകാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദര്‍ഭത്തിനൊത്തുയര്‍ന്നു. ഇരുട്ടിനെ വകവെക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ജനങ്ങള്‍ ഒന്നിച്ചിറങ്ങി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവര്‍ക്കൊപ്പം പാറ പോലെ ഉറച്ചു നിന്നു.

എല്ലാ മൃതദേഹങ്ങളും നേരം വെളുക്കും മുമ്പ് കരക്കെത്തിച്ചു. തിരൂര്‍, തിരൂരങ്ങാടി, മഞ്ചേരി, പെരിന്തല്‍മണ്ണ ആശുപത്രികളിലേക്ക് ഒരോരുത്തരുടെയും താമസസ്ഥലങ്ങള്‍ നോക്കി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. തൃശൂര്‍, കോഴിക്കോട്, മെഡിക്കല്‍ കോളേജുകളില്‍ നിന്ന് സര്‍ജന്‍മാരുടെ പ്രത്യേക സംഘത്തെ നേരം പുലരും മുമ്പുതന്നെ മൃതദേഹങ്ങള്‍ എത്തിച്ച ആശുപത്രികളിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ നിയോഗിച്ചു. പരിക്കുകളോടെ രക്ഷപ്പെട്ടവരെ കോട്ടക്കലെ സ്വകാര്യ ആശുപത്രിയിലാക്കി. രാവിലെ പത്ത് മണിയോടെ മുഖ്യമന്ത്രി ദുരന്തമേഖലയില്‍ പറന്നെത്തി.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ താനൂര്‍ എം.എല്‍.എയും കായിക മന്ത്രിയുമായ വി അബ്ദുറഹിമാന്‍ താനൂരിലും തിരൂരങ്ങാടിയിലുമായി രാവും പകലും കര്‍മ്മനിരതനായി. വിവരമറിഞ്ഞ മന്ത്രി മുഹമ്മദ് റിയാസും അഹമദ് ദേവര്‍കോവിലും കുതിച്ചെത്തി. അബ്ദുസ്സമദ് സമദാനി എം.പിയും ജില്ലയിലെ എം.എല്‍.എമാരും തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്‍മാരും ജില്ലാ കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥ മേധാവികളും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ നിയന്ത്രിച്ചു. ആശ്വാസ വചനങ്ങളുമായി പാണക്കാട് സയ്യിദ് സാദിഖലി തങ്ങളും ജനക്കൂട്ടത്തില്‍ ലയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ തിരൂരങ്ങാടി സര്‍ക്കാര്‍ ആശുപത്രിയില്‍ രാവിലെ പത്ത് മണിയോടെ വന്നുചേര്‍ന്നു. എം.വി ഗോവിന്ദന്‍ മാസ്റ്ററും അദ്ദേഹത്തെ അനുഗമിച്ചു. മന്ത്രിമാരായ കെ രാജന്‍, രാധാകൃഷ്ണന്‍, കൃഷ്ണന്‍കുട്ടി, റിയാസ്, അബ്ദുറഹിമാന്‍, സജി ചെറിയാന്‍, ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, അഹമദ് ദേവര്‍കോവില്‍ എന്നിവരെല്ലാം മുഖ്യമന്ത്രിയെ കാത്തുനിന്നു. എം.എല്‍.എമാരായ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, നന്ദകുമാര്‍, ഹമീദ് മാസ്റ്റര്‍, എന്‍ ഷംസുദ്ദീന്‍, പി.കെ ബഷീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ക്കൊപ്പം ഞാനും ആശുപത്രിയില്‍ ഉണ്ടായിരുന്നു.

ഉദ്യോഗസ്ഥരുമൊത്തുള്ള ഹ്രസ്വ സംഭാഷണങ്ങള്‍ക്കു ശേഷം ഒന്‍പത് ജീവന്‍ നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ച പരപ്പനങ്ങാടി കടപ്പുറത്തെ മദ്രസ്സയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും തിരിച്ചു. പിഞ്ചുകുഞ്ഞിന്റേതുള്‍പ്പടെ ആറ് ചേതനയറ്റ ശരീരങ്ങള്‍ നിരനിരയായി കിടത്തിയ കാഴ്ച ഹൃദയഭേദകമായിരുന്നു. ഞങ്ങളവിടെയിരിക്കെ ടി സിദ്ദീഖ് എം.എല്‍.എയും ആര്യാടന്‍ ഷൗക്കത്തും മൃതദേഹങ്ങള്‍ കാണാന്‍ എത്തി. അന്ത്യോപചാര ശേഷം താനൂരിലെ മന്ത്രി റഹ്മാന്റെ എം.എല്‍.എ ഓഫീസിലേക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനനേതാക്കളും പോയത്. അവിടെ ‘അവയ്‌ലബ്ള്‍ ക്യാബിനറ്റ്’ കൂടി. മരണപ്പെട്ട ഓരോരുത്തര്‍ക്കും 10 ലക്ഷം നഷ്ടപരിഹാരം നല്‍കാനും ദുരന്തത്തിന്റെ കാര്യകാരണങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ പര്യാപ്തമാകുവിധം ജുഡീഷ്യല്‍ അന്വേണം നടത്താനും ആശുപത്രിയില്‍ കഴിയുന്നവരുടെ ചികില്‍സാ ചെലവുകള്‍ മുഴുവന്‍ സര്‍ക്കാര്‍ വഹിക്കാനും തീരുമാനമെടുത്തു.

പ്രസ്തുത വിവരം ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും മുഖ്യമന്ത്രി അറിയിച്ചു. എം.വി ഗോവിന്ദന്‍ മാസ്റ്ററും പാണക്കാട് സയ്യിദ് സാദിഖലി തങ്ങളും, ഇ.എന്‍ മോഹന്‍ദാസും, അബ്ബാസലി ശിഹാബ് തങ്ങളും പി.എം.എ സലാമും, കൃഷ്ണദാസന്‍ മാസ്റ്ററും മന്ത്രിമാരും എം.എല്‍.എമാരും ഹാജരായിരുന്നു. എല്ലാവരും തീരുമാനത്തെ ഒരേസ്വരത്തില്‍ സ്വാഗതം ചെയ്തു.

കാര്യങ്ങള്‍ പത്രക്കാരെ അറിയിച്ച മുഖ്യമന്ത്രി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ കോട്ടക്കല്‍ മിംസിലേക്ക് പുറപ്പെട്ടു. ഡോക്ടര്‍മാരുമായി അദ്ദേഹം ചര്‍ച്ച നടത്തി. പരിക്കേറ്റവരെ കണ്ടു. ബന്ധുക്കളെ സമാശ്വസിപ്പിച്ചു. മുഖ്യമന്ത്രി വന്ന് പോകുവരെ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തെ അനുഗമിച്ചതും പത്രസമ്മേളനത്തില്‍ ഇടത്തും വലത്തും നിലയുറപ്പിച്ചതും ജനങ്ങളില്‍ മതിപ്പുളവാക്കി.

വൈകാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ചികില്‍സയില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ ആശുപത്രിയില്‍ ഓടിയെത്തി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും എം.എല്‍.എമാരും മന്ത്രിക്കൊപ്പം രക്ഷപ്പെട്ടവരെ സന്ദര്‍ശിച്ചു. മന്ത്രി ഹോസ്പിറ്റല്‍ അധികൃതരുടെ അടിയന്തിര മീറ്റിംഗ് വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞു. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ആരോഗ്യമന്ത്രിയെ പുറത്ത് കാത്തുനിന്ന പത്രക്കാരോട് ചികില്‍സയിലുള്ളവരുടെ ആരോഗ്യ സ്ഥിതി മന്ത്രി പങ്കുവെച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡണ്ട് സുധാകരനും സ്ഥലത്തെത്തിയ കാര്യം ദൃശ്യമാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. 2018 ല്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ പറഞ്ഞ പോലെ ‘മനുഷ്യ നിര്‍മ്മിത ദുരന്തമാണ്’ താനൂരിലേതെന്ന് ഇരുവരും വെച്ചുകാച്ചി. ടൂറിസം മന്ത്രി രാജിവെക്കണമെന്നും തട്ടിവിട്ടു. ഹൗസ് ബോട്ടുകള്‍ക്ക് അനുമതി നല്‍കേണ്ട ഉത്തരവാദിത്വം പോര്‍ട്ട് വകുപ്പിനാണെന്ന പ്രാഥമിക അറിവു പോലും അവര്‍ക്കില്ലാതെ പോയതില്‍ ദുഃഖം തോന്നി.

മരിച്ചവരുടെ മയ്യിത്തുകള്‍ ഖബറടക്കും മുമ്പ് ‘മനുഷ്യനിര്‍മ്മിത ദുരന്ത’ത്തിനെതിരെ താനൂര്‍ മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി പ്രഖ്യപിച്ച സമരം താനൂര്‍ ‘തിരിച്ചുപിടിച്ച’ യുവസിങ്കം ഉല്‍ഘാടനം ചെയ്യുമെന്ന തലതിരിഞ്ഞ തീരുമാനം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ലീഗണികളില്‍ തന്നെ അമര്‍ഷത്തിന് കാരണമായി. സമരാഭാസത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. ജനങ്ങളുടെ പള്‍സ് അറിഞ്ഞ യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് മുനവ്വറലി തങ്ങള്‍ ‘മരണം വരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും കുടുംബങ്ങളെ സമാശ്വസിപ്പിക്കുകയും ചെയ്യേണ്ട സമയമാണിതെന്ന്’ പറഞ്ഞ് ‘പ്രക്ഷോഭം’ മാറ്റിവെച്ചതായി പ്രഖ്യാപിച്ചു. തന്റെ വന്ദ്യപിതാവ് യശശ്ശരീരനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഔന്നിത്യം മുനവ്വറലി തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത് പ്രശംസിക്കപ്പെട്ടു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ഭാഗമായി ദുരന്തത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് പറയാന്‍ അവസരമുണ്ട്. നാട്ടുകാരും ദൃക്‌സാക്ഷികളും പരാതിക്കാരും സംഘടനകളും അവരവരുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും കമ്മീഷന് മുന്നില്‍ പറയട്ടെ. അല്ലാതെ പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ നോക്കുകയല്ല ചെയ്യേണ്ടത്. താനൂരിലെ ഹൗസ് ബോട്ട് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News