
മുൻ എം.എൽ.എ മമ്മുണ്ണി ഹാജിയുടെ വിയോഗത്തിൽ അനുശോചിച്ച് എംഎൽഎ കെ ടി ജലീൽ. 2006 മുതൽ 2016 വരെ മമ്മുണ്ണി ഹാജിയോടൊപ്പം എം.എൽ.എയായി പ്രവർത്തിച്ച കാലം മനസ്സിൽ നിന്ന് പെട്ടന്നൊന്നും മായില്ല എന്നും ലീഗിലായിരുന്ന നാൾതൊട്ട് അദ്ദേഹത്തെ അടുത്തറിയാം എന്നും ജലീൽ കുറിച്ചു . വിനയവും ലാളിത്യവും നിഷ്കളങ്കതയും മുഖമുദ്രയാക്കിയ ഒരു സാധാരണ ഏറനാടൻ ലീഗുകാരൻ ആണെന്നും . ലീഗുസമ്മേളനങ്ങളിൽ സ്റ്റേജിൽ കയറാത്ത നേതാവായാണ് പാർട്ടി വൃത്തങ്ങളിൽ മമ്മുണ്ണി ഹാജി അറിയപ്പെട്ടത് എന്നും ജലീൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു .
also read: മുൻ എംഎൽഎ കെ മുഹമ്മദുണ്ണി ഹാജി അന്തരിച്ചു
കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്
മമ്മുണ്ണി ഹാജിക്ക് പ്രാർത്ഥനകൾ!
കൊണ്ടോട്ടിയെ രണ്ടു തവണ കേരള അസംബ്ലിയിൽ പ്രതിനിധീകരിച്ച മുൻ എം.എൽ.എ മമ്മുണ്ണി ഹാജിയുടെ വിയോഗ വാർത്ത അദ്ദേഹത്തെ പരിചയമുള്ളവരെയെല്ലാം ദു:ഖിപ്പിക്കും. കുറച്ചു കാലമായി അദ്ദേഹം രോഗ ശയ്യയിലായിരുന്നു. വീട്ടിൽ വിശ്രമിക്കവെ രണ്ടുമൂന്നു തവണ അദ്ദേഹത്തെ വീട്ടിൽ സന്ദർശിച്ചത് ഓർക്കുന്നു. 2006 മുതൽ 2016 വരെ മമ്മുണ്ണി ഹാജിയോടൊപ്പം എം.എൽ.എയായി പ്രവർത്തിച്ച കാലം മനസ്സിൽ നിന്ന് പെട്ടന്നൊന്നും മായില്ല. ലീഗിലായിരുന്ന നാൾതൊട്ട് അദ്ദേഹത്തെ അടുത്തറിയാം. വിനയവും ലാളിത്യവും നിഷ്കളങ്കതയും മുഖമുദ്രയാക്കിയ ഒരു സാധാരണ ഏറനാടൻ ലീഗുകാരൻ. ചമൽക്കാരങ്ങളൊന്നുമില്ലാത്ത വ്യക്തി. കാപട്യമേശാത്ത പൊതുപ്രവർത്തകൻ. ലീഗുസമ്മേളനങ്ങളിൽ സ്റ്റേജിൽ കയറാത്ത നേതാവായാണ് പാർട്ടി വൃത്തങ്ങളിൽ മമ്മുണ്ണി ഹാജി അറിയപ്പെട്ടത്. എന്നും എപ്പോഴും ജനങ്ങൾക്കിടയിലാണ് അദ്ദേഹം ഇരുന്നത്. എതിർ രാഷ്ട്രീയ പാർട്ടിക്കാർക്ക് പോലും സമ്മതനായ അപൂർവ്വം ലീഗുനേതാക്കളിൽ ഒരാളാണ് ഹാജി. രണ്ടുതവണ മൽസരിച്ചപ്പോഴും റെക്കോർഡ് ഭൂരിപക്ഷത്തിന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ കാരണവും മറ്റൊന്നല്ല.
വലിയ വിദ്യാഭ്യാസമൊന്നും മമ്മുണ്ണി ഹാജിക്ക് ഇല്ല. പക്ഷെ പ്രായോഗിക പരിജ്ഞാനവും തിരിച്ചറിവും വായനക്കപ്പുറമുള്ള വിവേകവും പാവപ്പെട്ടവരോടുള്ള അനുകമ്പയുമാണ് മമ്മുണ്ണി ഹാജിയെ ജനങ്ങൾക്കിടയിൽ ഹീറോയാക്കിയത്. സീതി ഹാജിക്ക് ശേഷം കുണ്ടോട്ടിയുടെ എം.എൽ.എ ആകേണ്ടയാളാണ് അദ്ദേഹം. ഏറെക്കാലം എം.എൽ.എ അല്ലെങ്കിലും നാട്ടുകാർക്ക് അപ്രഖ്യാപിത എം.എൽ.എയായിരുന്നു മമ്മുണ്ണി ഹാജി. കൊണ്ടോട്ടി എം.എൽ.എ ആരായിരുന്നപ്പോഴും താഴെതട്ടിൽ എം.എൽ.എ പണി മുഴുവൻ ചെയ്തത് മമ്മുണ്ണി ഹാജിയാണ്. ജീവിതത്തിൻ്റെ സായാഹ്നത്തിലാണ് അദ്ദേഹം യഥാർത്ഥ എം.എൽ.എ ആയത്.
മമ്മുണ്ണി ഹാജി എം.എൽ.എ ആയ ഒരു പതിറ്റാണ്ട് കൊണ്ടോട്ടിയുടെ സുവർണ്ണ കാലമായിരുന്നു. കൊണ്ടോട്ടി ഗവ: കോളേജിന് അഞ്ചേക്കർ സ്ഥലം സൗജന്യമായി ലഭിക്കാൻ മമ്മുണ്ണി ഹാജി വഹിച്ച പങ്ക് അനിഷേധ്യമെത്രെ. സ്വന്തമായി സ്ഥലം കിട്ടിയില്ലായിരുന്നെങ്കിൽ പീടികമുറികളുടെ മുകളിൽ പ്രവർത്തിക്കുന്ന കോളേജുകളിലൊന്നായി കൊണ്ടോട്ടി ഗവ: കോളേജ് മാറിയേനെ. മുൻ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി ഒരിക്കൽ മമ്മുണ്ണി ഹാജിയെ കുറിച്ച് പറഞ്ഞത് എത്ര പ്രസക്തമാണ്! സഖാവ് ബേബിയുടെ വാക്കുകൾ ഇങ്ങനെ: “ജലീലേ, നിങ്ങളുടെ ജില്ലയിൽ നിന്നുള്ള മമ്മുണ്ണി ഹാജിയെക്കൊണ്ട് ഇരിക്കപ്പൊറുതിയില്ല. മണ്ഡലത്തിലെ ഏതെങ്കിലും ഒരു കാര്യവുമായി എല്ലാ ആഴ്ചയിലും അദ്ദേഹം വരും. ചില ദിവസങ്ങളിൽ മൂന്നു തവണയെങ്കിലും എന്നെ വന്നു കാണും. രാവിലെ ഞാൻ എഴുന്നേൽക്കുന്നതിന് മുമ്പ് വീട്ടിലെത്തും. അതുകഴിഞ്ഞ് ഉച്ചയാകുമ്പോൾ ഓഫീസിലെത്തും. വൈകുന്നേരം ഓഫീസിലെ ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തുമ്പോൾ മമ്മുണ്ണി ഹാജി അവിടെ എന്നെ കാത്തിരിപ്പുണ്ടാകും. ടിയാൻ പറയുന്ന കാര്യത്തിൻ്റെ ഉത്തരവ് കിട്ടിയാലല്ലാതെ പിൻമാറില്ല. ഇങ്ങനെ ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല”. മുൻ ധനകാര്യമന്ത്രി ഡോ: തോമസ് ഐസക്കും സമാനമായ അഭിപ്രായം രേഖപ്പെടുത്തിയത് ഓർക്കുന്നു. അതുകൊണ്ടാണ് നിരവധി മന്ത്രിമാരെ കൊണ്ടോട്ടിയിൽ കൊണ്ടുവരാൻ മമ്മുണ്ണി ഹാജിക്ക് സാധിച്ചത്.
ഹാജി ഒരു പ്രസംഗകനോ എഴുത്തുകാരനോ ഒന്നുമായിരുന്നില്ല. പക്ഷെ മലപ്പുറത്തെ ഏറ്റവുമധികം “ഫാൻസുള്ള” ലീഗ് നേതാവ് മമ്മുണ്ണി ഹാജിയാണ്. അദ്ദേഹത്തിനു വേണ്ടി ചങ്ക് പറിച്ചു നൽകാൻ സന്നദ്ധരായ ഒട്ടനവധി പ്രവർത്തകരെ മുസ്ലിംലീഗിൽ ഞാൻ കണ്ടിട്ടുണ്ട്. ലീഗിൻ്റെ സാധാരണ പ്രവർത്തകരെ തൻ്റെ ജീവനായാണ് ഹാജി കണ്ടത്. അവർക്കൊരു പ്രശ്നം വരുമ്പോൾ അദ്ദേഹം ചാടിയിറങ്ങി മുന്നിൽ നിൽക്കും. കാര്യപരിഹാരത്തിനായി ഏതറ്റം വരെയും പോകും. ഏത് നേതാക്കളെയും ചെന്നു കാണും. ആളുകളുടെ ആ ഉറപ്പാണ് മമ്മുണ്ണി ഹാജിയെ ജനകീയരിൽ ജനകീയനാക്കിയത്.
അടിയുറച്ച ലീഗുകാരൻ എന്നതുപോലെത്തന്നെ കടുത്ത സമസ്തക്കാരനുമായിരുന്നു മമ്മുണ്ണി ഹാജി. ലീഗും സമസ്തയും അദ്ദേഹത്തിൻ്റെ രണ്ടു കണ്ണുകളായിരുന്നു. കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന ലീഗ് സമ്മേളനങ്ങളിലും സുന്നീ സമ്മേളനങ്ങളിലും മുന്നിൽ കാണുന്ന മുഖങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ഹാജിയുടേതാകും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ രാഷ്ട്രീയ നേതാവായും ആത്മീയ ശുരുവായും വരിച്ച മമ്മുണ്ണി ഹാജി, എല്ലാ അർത്ഥത്തിലും ഒരു മാതൃകാ ലീഗുകാരനായാണ് ജീവിച്ചത്. ലീഗിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഒരുപാട് സ്ഥലങ്ങളിൽ വെച്ച് ഞങ്ങൾ കണ്ടുമുട്ടിയിട്ടുണ്ട്. അപ്പോഴൊക്കെ അദ്ദേഹം സംസാരം അവസാനിപ്പിക്കുക ഒരു വാചകം പറഞ്ഞു കൊണ്ടാണ്: “ഇജ്ജ് ആരെപ്പറ്റി പറഞ്ഞാലും ഇച്ച് പ്രശ്നല്ല്യ. ഹൈദരലി തങ്ങളെ ഒന്നും പറയരുത്. തങ്ങളൊരു പാവാണടാ”.
ജനിച്ചാൽ മരണം ഉറപ്പാണ്. പ്രകൃതി നിയമമാണത്. ദൈവത്തിൻ്റെ അലംഘനീയമായ വിധിയും. അരങ്ങൊഴിയുമ്പോൾ ജനസേവനത്തിൻ്റെ കഥകൾ തിരുശേഷിപ്പുകളായി ബാക്കിവെക്കാൻ അർഹതപ്പെട്ടവരാണ് ജീവിത വിജയികൾ. നാടിനും നാട്ടുകാർക്കും സമർപ്പിച്ച ജീവിതത്തിൻ്റെ നേരവകാശിയായി പതിറ്റാണ്ടുകൾ പരിലസിച്ചു നിന്ന മമ്മുണ്ണി ഹാജി, ദീർഘകാലം പഞ്ചായത്ത് പ്രസിഡണ്ടായി. ജില്ലാ പഞ്ചായത്ത് മെമ്പറായി. എം.എൽ.എയായി. പടിപടിയായി സേവന പാതയിലെ പടവുകൾ ചവിട്ടിക്കയറി ദേശത്തിൻ്റെ ഓർമ്മപ്പുസ്തകത്തിൽ മങ്ങാത്ത സ്മരണകളുടെ ദീപം കൊളുത്തിവെച്ചാണ് മമ്മുണ്ണി ഹാജി യാത്രയായത്. ദൈവം അദ്ദേഹത്തിന് പരലോക മോക്ഷം നൽകട്ടെ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

