‘മുസ്‌ലിങ്ങളെ രണ്ടാംതരം പൗരന്മാരാക്കാന്‍ ശ്രമിക്കുമ്പോൾ പ്രതിരോധം തീർത്തത് പിണറായി’; ഡോ. ബഹാവുദ്ദീനെ ഓര്‍മിപ്പിച്ച് കെടി ജലീല്‍

സിഎഎയിലൂടെ ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലിങ്ങളെ രണ്ടാംതരം പൗരൻമാരാക്കി മാറ്റാൻ മോദി സർക്കാർ ശ്രമിക്കുമ്പോൾ പ്രതിരോധം തീർത്ത പിണറായി വിജയനെ മുസ്‌ലിം വിരുദ്ധനെന്ന് മുദ്രകുത്താൻ ബഹാവുദ്ദീൻ നദവിക്ക് എങ്ങനെയാണ് കഴിഞ്ഞതെന്ന് കെ ടി ജലീൽ എംഎൽഎ. കേരളത്തിൽ ദേശീയ പൗരത്വ റജിസ്റ്റർ നടപ്പിലാക്കില്ലെന്നും രേഖകളില്ലാത്തവരെ താമസിപ്പിക്കാനുള്ള തടങ്കൽ പാളയങ്ങൾ നിർമ്മിക്കില്ലെന്നും പതിനായിരങ്ങളെ സാക്ഷിയാക്കി പ്രഖ്യാപിച്ചതാണോ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ചെയ്ത മഹാപരാധം? എന്നും ജലീൽ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

ALSO READ: ലോക്സഭാ തെരഞ്ഞെടുപ്പ്; ആറ്റിങ്ങൽ മണ്ഡലത്തിൽ വീണ്ടും വോട്ടർമാർക്ക് പണം നൽകാൻ ശ്രമം

ഇതുവരെ കേരളത്തിൽ നിലവിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാർ മുസ്‌ലിങ്ങളുടെ സംരക്ഷണത്തിനായി ചെയ്ത ചരിത്ര സംഭവങ്ങൾ എല്ലാം ജലീൽ തന്റെ പോസ്റ്റിൽ ചൂണ്ടിക്കാട്ടി. വഖഫ് ട്രിബ്യൂണലിൽ കേരളത്തിലെ നൂറുകണക്കിന് പള്ളികളുമായും മദ്രസ്സകളുമായം മത സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടുള്ള കേസുകൾ നടക്കുന്നുണ്ടെന്നും അതൊന്നും ഉണ്ടാക്കിയത് സഖാക്കളല്ല , സാക്ഷാൽ മുസ്ലിംലീഗുകാരാണ്എന്നും ജലീൽ വ്യക്തമാക്കി. മനുഷ്യരക്തം വീഴ്ത്തി പള്ളികളുടെ അകത്തളങ്ങൾ അശുദ്ധമാക്കിയത് കമ്മ്യൂണിസ്റ്റുകാരല്ല, മുസ്ലിംലീഗുകാരാണ് എന്നും ഒരു സംവാദത്തിന് തയ്യാറുണ്ടെങ്കിൽ തെളിവുകൾ സഹിതം നൽകാമെന്നും ജലീൽ പറഞ്ഞു.ലീഗിന്റെ കൊടിക്ക് പാക്കിസ്ഥാൻ പതാകയുമായി ബന്ധമില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറയുന്ന ഒരു വീഡിയോയും ജലീൽ പങ്കുവെച്ചു.

കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്

സമസ്തയെ ലീഗിൻ്റെ അടിമയാക്കരുത്!
ചെമ്മാട് ദാറുൽഹുദാ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറാണ് ഡോ: ബഹാവുദ്ദീൻ നദവി എന്നാണ് ഞാൻ കരുതിയിരുന്നത്. അദ്ദേഹത്തിൻ്റെ സമീപകാലത്തെ ചില എഫ്.ബി പോസ്റ്റുകൾ കണ്ടപ്പോഴാണ് മുസ്ലിംലീഗിൻ്റെ സൈബർ പോരാളികൾ നടത്തുന്ന “വാട്സ്അപ്പ് യൂണിവേഴ്സിറ്റി”യുടെ ചാൻസലർ കൂടിയാണ് അദ്ദേഹമെന്ന് മനസ്സിലായത്.
വഖഫ് ബോർഡിൻ്റെ പുതിയ ചെയർമാനായി പൊന്നാനി പെരുമ്പടപ്പ് സ്വദേശിയായ അഡ്വ: മുഹമ്മദ് സക്കീർ ചാർജെടുത്ത സന്ദർഭത്തിൽ ബഹാവുദ്ദീൻ സാഹിബ് തൻ്റെ എഫ്.ബി പേജിൽ ഒരു കുറിപ്പ് എഴുതിയിരുന്നു. അതിൽ അദ്ദേഹം പറഞ്ഞത് നിരീശ്വരവാദിയായ വ്യക്തിയാണ് സക്കീർ എന്നാണ്. നാട്ടിലുണ്ടെങ്കിൽ വെള്ളിയാഴ്ചകളിലെല്ലാം പുത്തൻപള്ളി ജാറം ഉൾകൊള്ളുന്ന മസ്ജിദിലാണ് മുഹമ്മദ് സക്കീർ ജുമുഅക്ക് പോകാറ്. നദവിയുടെ കുറിപ്പിട്ടതിന് ശേഷമുള്ള വെള്ളിയാഴ്ചയും അദ്ദേഹം പുത്തൻപള്ളിയിലാണ് ജുമുഅ കൂടിയത്. ജുമുഅക്ക് ശേഷം തൻ്റെ നാട്ടുകാരായ വിശ്വാസികളെ അദ്ദേഹം അഭിസംബോധന ചെയ്യുകയും ചെയ്തു. വിശ്വാസിയായ ഒരാളെ അവിശ്വാസിയാക്കിയ ഡോ: ബഹാവുദ്ദീൻ നദവി തൻ്റെ അബദ്ധം തിരുത്തുകയോ അഡ്വ: സക്കീറിനോട് ക്ഷമാപണം നടത്തുകയോ ചെയ്തതായി അറിവില്ല.
പാർലമെൻ്റിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതിൻ്റെ തൊട്ട് തലേദിവസം ഡോ: ബഹാവുദ്ദീൻ നദവിയുടെ ഒഫീഷ്യൽ എഫ്.ബി പേജിൽ സി.പി.എമ്മിനെയും ബി.ജെ.പിയേയും സമീകരിച്ച് ഒരു പോസ്റ്റ് വായിക്കാനിടയായി. അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകാർ എന്നാണ് ഡോ: നദവി അതിൽ സമർത്ഥിക്കാൻ ശ്രമിക്കുന്നത്. കോൺഗ്രസ്സും അർ.എസ്.എസ്സും മാധ്യമങ്ങളും മുഴുവൻ എതിർത്തിട്ടും മലപ്പുറം ജില്ല രൂപീകരിക്കാൻ 1967-ൽ സഖാവ് ഇ.എം.എസ് കാണിച്ച ഇച്ഛാശക്തി സമാനതകളില്ലാത്തതാണ്. ഇ.എം.എസ് എന്ന കമ്മ്യൂണിസ്റ്റ്കാരൻ നേതൃത്വം നൽകിയ മന്ത്രിസഭ തന്നെയാണ് മുത്തശ്ശിപ്പത്രങ്ങളുടെ എതിർപ്പുകൾക്ക് പുല്ലുവില കൽപ്പിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി യാഥാർത്ഥമാക്കിയതും.
ലീഗിൻ്റെ പച്ചക്കൊടിക്ക് പാക്കിസ്ഥാൻ പതാകയുമായി സാമ്യത ആരോപിച്ച് ഉത്തരേന്ത്യയിൽ സംഘികൾ പ്രചരണം നടത്തുമെന്നതിൻ്റെ പേരിൽ ഹരിതപതാകക്ക് രാഹുൽഗാന്ധി വരുന്നിടങ്ങളിൽ നിരോധനമേർപ്പെടുത്തിയത് ലീഗുകാരനായ ഡോക്ടർക്കും അറിയാമല്ലോ? അതേ അർധചന്ദ്ര നക്ഷത്രാങ്കിത ഹരിത പതാക കമ്മ്യൂണിസ്റ്റുകാരുടെ ചെങ്കൊടിയുമായി കൂട്ടിക്കെട്ടിയാണ് സ്വാതന്ത്യാനന്തര ഇന്ത്യയിൽ ആദ്യമായി മുസ്ലിംലീഗ് അധികാരത്തേരിലേറിയത്. സി.എച്ചും അഹമ്മദ് കുരിക്കളും മന്ത്രിമാരായത് ഒരു കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രിക്ക് കീഴിലാണ്. “റഷ്യയിലെ മുസ്ലിം പണ്ഡിതൻമാരെ കൊന്ന” ശേഷമായിരുന്നല്ലോ ലീഗ്-കമ്മ്യൂണിസ്റ്റ് സഖ്യം അരങ്ങേറിയത്! ലീഗ് നേതാവ് ജാഫർഖാൻ ഡെപ്യൂട്ടി സ്പീക്കറായതും രണ്ടാം ഇ.എം.എസ് മന്ത്രിസഭയുടെ കാലത്താണ്.
2010-ൽ നഷ്ടപ്പെട്ട് പോകുമായിരുന്ന അലീഗഡ് മുസ്ലിംയൂണിവേഴ്സിറ്റിയുടെ ഓഫ് ക്യാമ്പസ് പെരിന്തൽമണ്ണയിൽ 350 ഏക്കർ ഭൂമി വിലകൊടുത്ത് വാങ്ങി സ്ഥാപിച്ചത് 2006-ലെ കമ്മ്യൂണിസ്റ്റുകാരനായ വി.എസ് നേതൃത്വം നൽകിയ മന്ത്രിസഭയുടെ കാലത്താണ്. മലബാറിലെ മാപ്പിളമാർ ഉൾപ്പടെയുള്ള കുടിയാൻമാർക്ക് കുടിയൊഴിപ്പിക്കൽ നിരോധന നിയമം പാസ്സാക്കിയും ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നും കൃഷിചെയ്യുകയും കുടിലുകെട്ടി താമസിക്കുകയും ചെയ്തിരുന്ന മണ്ണിൻ്റെ ഉടമസ്ഥാവകാശം നൽകി അവരെ സ്വത്വബോധമുള്ളവരാക്കിയത് ഒന്നാം ഇ.എം.എസ് സർക്കാരാണ്. കേരള സർവീസ് & സബോർഡിനേറ്റ് റൂൾസ് (1968) നടപ്പിലാക്കി മുസ്ലിങ്ങളാതി പിന്നോക്ക വിഭാഗങ്ങൾക്ക് സംസ്ഥാന സർക്കാർ ജോലികളിൽ നിശ്ചിതശതമാനം സംവരണം ഉറപ്പ് വരുത്തിയതും കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് സർക്കാർ നാട് ഭരിക്കുമ്പോഴാണ്.
ഭൂമി പിളർന്നാലും ആകാശം ഇടിഞ്ഞുവീണാലും സി.പി.എം ഒരുകാര്യം നടത്താൻ തീരുമാനിച്ചാൽ അത് നടത്തിയിരിക്കും. ആ ധൈര്യത്തിൻ്റെ പുറത്താണ് അധസ്ഥിതരും ന്യൂനപക്ഷങ്ങളുമായ കോടിക്കണക്കിന് വരുന്ന മനുഷ്യർക്ക് ജീവിക്കാനുള്ള ധൈര്യം കിട്ടിയത്. “പാക്കിസ്ഥാൻ ചാരൻമാരെന്ന” സവർണ്ണ കോൺഗ്രസ്സുകാരുടെ വിളിപ്പേരിൽ നിന്ന് പാവം ലീഗുകാർക്ക് മുക്തി കിട്ടിയത്! സാധാരണക്കാരായ മദ്രസ്സാദ്ധ്യാപകർക്ക് ആദ്യമായി ക്ഷേമനിധി ഏർപ്പെടുത്തിയ കമ്മ്യൂണിസ്റ്റുകാരനായ പാലൊളി മുഹമ്മദ് കുട്ടിയെ താങ്കൾ മറന്നാലും പാവം മുഅല്ലിമുകൾ മറക്കില്ല.
പൗരത്വഭേദഗതി നിയമത്തിലൂടെ ഇന്ത്യയിൽ ജീവിക്കുന്ന ലക്ഷക്കണക്കിന് നിരാലംബരായ മുസ്ലിങ്ങളെ രണ്ടാംതരം പൗരൻമാരാക്കി മാറ്റാൻ മോദി സർക്കാർ ശ്രമിക്കുമ്പോൾ അതിനെതിരെ നെഞ്ച് വിരിച്ച് പ്രതിരോധം തീർത്ത പിണറായി വിജയനെ മുസ്ലിംവിരുദ്ധനെന്ന് മുദ്രകുത്താൻ ഡോ: ബഹാവുദ്ദീൻ, താങ്കൾക്കെങ്ങിനെയാണ് കഴിഞ്ഞത്? കേരളത്തിൽ എൻ.ആർ.സി (ദേശീയ പൗരത്വ റജിസ്റ്റർ) നടപ്പിലാക്കില്ലെന്നും രേഖകളില്ലാത്തവരെ താമസിപ്പിക്കാനുള്ള തടങ്കൽ പാളയങ്ങൾ സംസ്ഥാനത്ത് നിർമ്മിക്കില്ലെന്നും പതിനായിരങ്ങളെ സാക്ഷിയാക്കി പ്രഖ്യാപിച്ചതാണോ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ചെയ്ത മഹാപരാധം?
മുസ്ലിം ഭരണം നിലനിന്ന രാജ്യങ്ങളിൽ കൊലചെയ്യപ്പെട്ടതിൻ്റെ പത്തിലൊന്ന് പണ്ഡിതർ ലോകത്തിലെ മററു രാജ്യങ്ങളിലെല്ലാം കൂടി വധിക്കപ്പെട്ടിട്ടുണ്ടോ? തൻ്റെ കുറിപ്പിൽ ചില പ്രാദേശിക സ്ഥലങ്ങളിലെ പള്ളി-മദ്രസ്സകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ എണ്ണിപ്പറയുന്നത് കണ്ടു. വഖഫ് ട്രിബ്യൂണലിൽ കേരളത്തിലെ നൂറുകണക്കിന് പള്ളികളുമായും മദ്രസ്സകളുമായം മത സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടുള്ള കേസുകൾ നടക്കുന്നുണ്ട്. അതൊന്നും ഉണ്ടാക്കിയത് സഖാക്കളല്ല. സാക്ഷാൽ മുസ്ലിംലീഗുകാരാണ്. മനുഷ്യരക്തം വീഴ്ത്തി പള്ളികളുടെ അകത്തളങ്ങൾ അശുദ്ധമാക്കിയത് കമ്മ്യൂണിസ്റ്റുകാരല്ല, താങ്കളുടെ പാർട്ടിക്കാരായ പച്ചക്കൊടിയുടെ വാഹകരാണ്. ഒരു സംവാദത്തിന് തയ്യാറുണ്ടെങ്കിൽ തെളിവുകൾ സഹിതം അങ്ങയുടെ മുന്നിൽ നിരത്താൻ ഞാൻ ഒരുക്കമാണ്. സ്ഥലവും തിയ്യതിയും സമയവും അങ്ങ് നിശ്ചയിച്ചോളൂ!
താങ്കൾക്ക് ലീഗ് രാഷ്ട്രീയത്തോട് ആഭിമുഖ്യമുണ്ടെങ്കിൽ അത് തുടർന്നോളൂ. യാതൊരു തെറ്റുമില്ല. സമസ്തയിലെ മറ്റുള്ളവർക്കും അവരുടെ രാഷ്ട്രീയ ആഭിമുഖ്യം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അങ്ങ് അനുവദിച്ചു കൊടുക്കണം. ഡോ: ബഹാവുദ്ദീൻ സാഹിബിനെപ്പോലെ ഒരു പണ്ഡിത ശ്രേഷ്ഠൻ “കൊണ്ടോട്ടി പച്ചപ്പട”യുടെ “അഡ്മിനാ”വരുത്. മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങളോ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സാഹിബോ ഇന്നോളം കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഉയർത്താത്ത ചരിത്രവിരുദ്ധമായ വാദമുഖങ്ങളാണ് താങ്കൾ ഉയർത്തിയത്. അതിനോട് ലീഗിൻ്റെ വകതിരിവുള്ള ഒരു നേതാവും യോജിക്കില്ല.
ലോകാവസാനം വരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ലീഗ് സഖ്യം ചെയ്യില്ലെന്ന് ആണയിട്ട് പറയാൻ നദവി സാഹിബേ അങ്ങേക്ക് പറ്റുമോ! സഖ്യകക്ഷി അല്ലാതിരുന്നിട്ടും ലീഗിൻ്റെ പച്ചക്കൊടിക്ക് പാക്കിസ്ഥാൻ പതാകയുമായി ബന്ധമില്ലെന്ന് വളച്ചുകെട്ടില്ലാത്ത പറഞ്ഞ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് കോടിയേരി ബാലകൃഷ്ണൻ്റെ വാക്കുകളാണ് താഴെ കൊടുത്തിരിക്കുന്നത്. അതൊന്ന് കേൾക്കുക. അത്തരക്കാരെ എന്തിന് തള്ളിപ്പറയണം? അവരെ എന്തിന് ശത്രുപക്ഷത്ത് നിർത്തണം? ഫാഷിസ്റ്റ് വേട്ടയിൽ ഒരുമിച്ച് നിൽക്കേണ്ടവരാണ് കമ്മ്യൂണിസ്റ്റുകാരും മുസ്ലിങ്ങളും ക്രൈസ്തവരും. ദയവുചെയ്ത് താങ്കൾ തലമറന്ന് എണ്ണ തേക്കരുത്. ലീഗും ദീനും (മതം) കൂട്ടിക്കുഴക്കരുത്. സമസ്തയെ ലീഗിൻ്റെ അടിമയാക്കരുത്. നാഥനെ ഭയപ്പെടുക.

ALSO READ:വോട്ടെടുപ്പ് നില തത്സമയം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here