സത്യം മാത്രമേ അന്തിമ വിജയം നേടൂ, ബാക്കിയെല്ലാം വെള്ളത്തിന് മുകളിലെ കുമിളകൾ മാത്രമാണ്; വടകര “മോഡൽ” തവനൂരിൽ തോറ്റിട്ട് മൂന്ന് വർഷം:കെ ടി ജലീൽ എംഎൽഎ

വടകര മോഡൽ തവനൂരിൽ പരീക്ഷിച്ച് പരാജയപ്പെട്ടിട്ട് ഇന്ന് 3 വർഷം പൂർത്തിയാവുന്നുവെന്ന് കെ ടി ജലീൽ എം എൽ എ. 2021 ൽ തവനൂരിലെ സ്ഥാനാർത്ഥിയായിരുന്ന തനിക്കതിരെ എതിർ പാർട്ടികൾ നടത്തിയ മോശം പ്രചാരണങ്ങളും ഇസ്ലാം വിരുദ്ധനാക്കി ചിത്രീകരിച്ചതൊന്നും തവനൂരിൽ ഏറ്റില്ല എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ ജലീൽ കുറിച്ചു.

ALSO READ: സഞ്ചാരികളെ ഇതിലെ…മൂന്നാർ പുഷ്പമേളയ്ക്ക് തുടക്കമായി

അന്ന് താനൊരു കാര്യം മനസ്സിലാക്കി എന്നും സത്യം മാത്രമേ അന്തിമ വിജയം നേടൂ. ബാക്കിയെല്ലാം വെള്ളത്തിന് മുകളിലെ കുമിളകൾ മാത്രമാണ് എന്നും ജലീൽ കുറിച്ചു. ലീഗ് കോട്ടയെന്ന് അവർ അവകാശപ്പെടുന്ന മലപ്പുറം ജില്ലയിൽ നിന്ന്, എം എൽ എ എന്ന നിലയിൽ തുടർച്ചയായി 18 വർഷം പൂർത്തിയാക്കിയ ഈ സുദിനത്തിൽ എല്ലാവർക്കും സ്നേഹത്തിൻ്റെ കൂപ്പുകൈ! എന്നും അദ്ദേഹം കുറിച്ചു. സിപിഐഎമ്മിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും കക്ഷിരാഷ്ട്രീയം മറന്ന് കൂടെനിന്ന പൊതുജനങ്ങൾക്കും ഒരായിരം നന്ദി എന്നും ജലീൽ പങ്കുവെച്ചു.

ALSO READ: ഫഹദ് മികച്ച നടനാണ്, കൂടെ അഭിനയിക്കാന്‍ താല്‍പര്യമുണ്ട്: രണ്‍ബീര്‍ കപൂര്‍

കെ ടി ജലീലിന്റെ പോസ്റ്റ്

വടകര “മോഡൽ” തവനൂരിൽ തോറ്റിട്ട് മൂന്ന് വർഷം!!
വടകര മോഡൽ തവനൂരിൽ പരീക്ഷിച്ച് പരാജയപ്പെട്ടിട്ട് ഇന്ന് 3 വർഷം പൂർത്തിയാവുന്നു. തവനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി നിർണ്ണയം മുതൽക്ക് ആ സാമ്യത തുടങ്ങുന്നു. അപ്രതീക്ഷിത സ്ഥാനാർത്ഥി പ്രഖ്യാപനം. രണ്ട് ദിവസം കഴിഞ്ഞ് മുൻനിശ്ചയ പ്രകാരം സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗത്ത് നിന്നും ആളെയിറക്കിയുള്ള മഹാറോഡ് ഷോ. മണ്ഡല അതിർത്തിയിൽ ഗംഭീര സ്വീകരണം. യുവാക്കളുടെ ആവേശവും കുത്തൊഴുക്കും കണ്ട് കണ്ടവരൊക്കെ മൂക്കത്ത് കൈവിരൽ വെച്ചു. ജലീലിൻ്റെ തോൽവി ഒട്ടുമിക്കപേരും നിസ്സംശയം പ്രവചിച്ചു. രാഷ്ട്രീയ എതിരാളികൾ ആനന്ദ നൃത്തം ചവിട്ടി. ലീഗ്-കോൺഗ്രസ് നേതാക്കളുടെ മുഖത്ത് നിറഞ്ഞ വിജയഭേരി. സോഷ്യൽ മീഡിയാ ടീമിനെ ഇറക്കി കൃത്രിമ സർവേകളുണ്ടാക്കി “ചാരിറ്റിവീരൻ്റെ” വിജയം ”ഫലം” വരുംമുമ്പേ ആഘോഷിച്ചു.
കുടുംബ സദസ്സുകളിൽ പർദ്ദയിട്ട സ്ത്രീകളുടെയും രോഗികളുടെയും കണ്ണീർമഴയുടെ വീഡിയോകൾ ബിഗ് സ്ക്രീനിൽ തിമർത്തു. കണ്ണുതുടച്ച് കുടുംബ സദസ്സുകളിൽ നിന്ന് ഉമ്മപെങ്ങൻമാർ ഇറങ്ങി വരുന്നത് ക്യാമറയിൽ പകർത്താൻ പ്രത്യേക ടീമിനെ സജ്ജമാക്കി. “പാവങ്ങളുടെ പടത്തലവനെ” വാനോളം പുകഴ്ത്തുന്ന നോട്ടീസുകളും പാട്ടുകളും മണ്ഡലത്തിലാകമാനം നിറഞ്ഞ് നിന്നു.
കുട്ടികളെക്കൊണ്ട് UDF സ്ഥാനാർത്ഥിയെ കാണണമെന്ന് പറയിപ്പിച്ച് മൊബൈലിൽ പകർത്തി പ്രകാശവേഗത്തിൽ പറത്താൻ വാർ റൂമുകൾ ഒരുക്കി. അവിടേക്ക് മിഠായി പാക്കറ്റുകളുമായി സ്ഥാനാർത്ഥി പറന്നെത്തുന്ന ദൃശ്യം ഒപ്പിയെടുത്ത് പ്രചാരണം കൊഴുപ്പിച്ചു. ചാരിറ്റി കച്ചവടത്തിലും കുഴൽപ്പണ ഇടപാടിലും പങ്കാളികളായ നൂറുകണക്കിന് ആളുകളെ തവനൂർ മണ്ഡലത്തിലെ മുക്കുമൂലകളിൽ വിന്യസിച്ച് “ഇവൻ്റ് മാനേജ്മെൻ്റ് “ടീമിൻ്റെ നേതൃത്വത്തിലുള്ള സമാന്തര പ്രവർത്തനം ഊർജ്ജിതമാക്കി.
10 ലക്ഷത്തിലധികം ഫേസ്ബുക്ക് അനുയായികളുള്ള “രോഗികളുടെ മിശീഹ” പോസ്റ്റ് ചെയ്യുന്ന ഓരോ കുറിപ്പിനും ഫോട്ടോക്കും ലക്ഷത്തിലധികം ലൈക്കുകൾ. സാമൂഹ്യമാധ്യമങ്ങളിൽ എവിടെ നോക്കിയാലും തവനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ മഹത്വ വിളംബരം നിറഞ്ഞാടി.
ജമാഅത്തെ ഇസ്ലാമിയുടെ പർദ്ദയിട്ട വനിതാ പ്രവർത്തകരുടെ പ്രത്യേക സ്‌കോഡുകൾ മുസ്ലിം വീടുകൾ കേന്ദ്രീകരിച്ച് മതപ്രസംഗം നടത്തി എന്നോടുള്ള പക തീർത്തു. “ചാരിറ്റിക്കാരൻ” ജയിച്ചാലുണ്ടാകുന്ന ഗുണഗണങ്ങളുടെ നീണ്ട പട്ടിക അവർ നിരത്തി. മാധ്യമവും മീഡിയാവണ്ണും എൻ്റെ പതനം ഉറപ്പെന്ന മട്ടിൽ വാർത്തകളുടെ പ്രളയം തന്നെ സൃഷ്ടിച്ചു. ജമാഅത്തെ ഇസ്ലാമി വിചാരിച്ചാൽ ഒരാളെ വാനോളം ഉയർത്താനും പാതാളത്തോളം ചവിട്ടിത്താഴ്ത്താനും സാധിക്കുമെന്ന അഹങ്കാരം മൗദൂദിക്കുട്ടികളുടെ മുഖത്ത് കളിയാടി. മുഖ്യധാരാ മാധ്യമങ്ങളും അതിന് ചുവട് പിടിച്ചു.
ഈഡിക്കും കസ്റ്റംസിനും എൻ.ഐ.എക്കും സ്വർണ്ണക്കടത്ത് കേസിൽ ഒന്നും ചെയ്യാൻ പറ്റാത്ത “ദേഷ്യം” ബി.ജെ.പി തീർത്തത്, ചാരിറ്റിക്കാരന് 2016-ൽ കിട്ടിയ 16,800 വോട്ടിൽ നിന്ന് 6,800 വോട്ടുകൾ മറിച്ച് നൽകിക്കൊണ്ടാണ്. ഹിന്ദു വീടുകളിൽ ഖുർആനും സ്വർണ്ണവും കടത്തിയവനെന്ന് എന്നെക്കുറിച്ച് കോൺഗ്രസ്സുകാരെക്കൊണ്ട് പ്രചരിപ്പിച്ചു. മുസ്ലിം വീടുകളിൽ സന്ദർഭത്തിൽ നിന്ന് അടർത്തി എടുത്ത എൻ്റെ ഒരു പത്രസമ്മേളനത്തിലെ വീഡിയോ ക്ലിപ്പിംഗ് കേൾപ്പിച്ച് കൊടുത്ത്, ലീഗ് എന്നെ ഇസ്ലാം വിരുദ്ധനാക്കി ചിത്രീകരിച്ചു. ലീഗ് സൈബർ ഗ്രൂപ്പുകളുടെ ആക്രമണത്തിന് കയ്യും കണക്കുമുണ്ടായിരുന്നില്ല. വടകരയിൽ ഷൈലജ ടീച്ചറെ പ്രവാചക നിന്ദ നടത്തിയ “കാഫിർ” എന്ന് പ്രചരിപ്പിച്ച പോലെ, “കോവിഡ്കള്ളി” എന്നധിക്ഷേപിച്ച് പാടിനടന്ന പോലെ. എസ്.ഡി.പി.ഐ പേരിന് തവനൂരിൽ സ്ഥാനാർത്ഥിയെ നിർത്തി പകുതിയിലധികം വോട്ടുകൾ യു.ഡി.എഫിന് മറിച്ച് കൊടുത്ത് അവരുടെ “കടമ”നിറവേറ്റി.
2006-ലെ കുറ്റിപ്പുറത്തെ തോൽവിക്ക് ഇക്കുറി പകരം വീട്ടിയേ അടങ്ങൂ എന്ന ആത്മവിശ്വാസത്തിൽ ആവനാഴിയിലെ അവസാന അസ്ത്രവും ലീഗ് പുറത്തെടുത്തു. മുൻതെരഞ്ഞെടുപ്പുകളിൽ എനിക്ക് കിട്ടിയ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ നെറികെട്ട മാർഗ്ഗങ്ങൾ പയറ്റി. എല്ലാ നേതാക്കളും തവനൂരിൽ ക്യാമ്പ് ചെയ്തു. പണത്തിൻ്റെ മലവെള്ളപ്പാച്ചിലാണ് എങ്ങും എവിടെയും കണ്ടത്. എന്നെ മതനിഷേധിയും ഇസ്ലാമിൻ്റെ ശത്രുവുമാക്കി മുസ്ലിം മനസ്സിൽ പ്രതിഷ്ഠിക്കാൻ ലീഗുകാർ പ്രത്യേക പദ്ധതി തന്നെ തയ്യാറാക്കി. ഞാൻ എഫ്.ബി യിൽ എഴുതാത്തത് എഴുതി എന്ന് വരുത്തുന്ന വ്യാജ സ്ക്രീൻഷോട്ടുകൾ വ്യാപകമായി മുസ്ലിം കുടുംബ ഗ്രൂപ്പുകളിൽ ഓരോ മണിക്കൂറിലും തള്ളിനിറച്ചു. ഹിന്ദുക്കൾക്കിടയിൽ എന്നെ തീവ്രവാദിയും മുസ്ലിം മതപക്ഷപാതിയുമാണെന്ന് പറഞ്ഞു പരത്തി.
എല്ലാ കള്ളപ്രചരണങ്ങളുണ്ടായപ്പോഴും പടച്ചവനോട് ഒന്നേ പറഞ്ഞുള്ളൂ: “നാഥാ, എൻ്റ ഭാഗത്ത് അസത്യവും അന്യായവും ഉണ്ടെങ്കിൽ എന്നെ നീ പരാചയപ്പെടുത്തേണമേ. അള്ളാഹുവെ, എൻ്റെ മനസ്സ് കാണുന്നവനാണ് നീ. എൻ്റെയടുക്കലാണ് സത്യമെങ്കിൽ മാത്രം എന്നെ നീ വിജയിപ്പിക്കേണമെ”. എനിക്ക് ജനങ്ങളെ വിശ്വാസമായിരുന്നു. അവരെന്നെ മനസ്സിലാക്കിയവരാണ്. എൻ്റെ വീടും പരിസരവും കണ്ടവരാണ്. ഭാര്യയേയും മക്കളെയും മനസ്സിലാക്കിയവരാണ്. എന്നെ സമീപിച്ച ഒരാളോടും മതമോ ജാതിയോ പാർട്ടിയോ ചോദിക്കാതെ കഴിയുന്നതെല്ലാം ചെയ്ത് കൊടുത്തത് അവർക്ക് ബോദ്ധ്യമാണ്. ആരോടും ഒരു വിവേചനവും ഈനിമിഷം വരെയും കാണിച്ചിട്ടില്ലെന്ന് അനുഭവസ്ഥർക്ക് അറിയാം. ഒരാവശ്യത്തിന് വന്ന ഒരാളുടെയും അഭിമാനം ക്ഷതപ്പെടുത്തിയിട്ടില്ല. ഒരു നയാപൈസ കൈക്കൂലി വാങ്ങിയിട്ടില്ല. പൊരുത്തമില്ലാത്ത ഒരു ചായ വയറ്റിലാക്കിയിട്ടില്ല. എന്നിട്ടും ഞാൻ തോൽക്കുകയാണെങ്കിൽ തോൽക്കട്ടെ എന്ന് തീരുമാനിച്ച് പോളിംഗിനും റിസൽട്ടിനുമിടയിലുള്ള ദിനരാത്രങ്ങൾ തള്ളിനീക്കി.
നിലപാടിൽ നിന്ന് ഒരു ലവലേശം വ്യതിചലിച്ചില്ല. ആരോടും ക്ഷമാപണവും നടത്തിയില്ല. ഒരാളുടെയും കാലുപിടിച്ച് കരഞ്ഞില്ല. സ്വതന്ത്രമായ അഭിപ്രായം പറയുന്നത് അപരാധമാണെങ്കിൽ വന്നിടത്ത് വെച്ച് കാണാം എന്നുറപ്പിച്ചു. എല്ലാം ദൈവത്തിൽ ഭരമേൽപ്പിച്ചു.
2011-ൽ ഞാൻ തവനൂരിൽ ആദ്യമൽസരത്തിന് വരുമ്പോൾ 7 പഞ്ചായത്തിൽ 5 പഞ്ചായത്തും യു.ഡി.എഫാണ് ഭരിച്ചിരുന്നത്. വട്ടംകുളം മാത്രമാണ് ഒറ്റക്ക് എൽ.ഡി.എഫിൻ്റെ കയ്യിൽ. എടപ്പാളിൽ അംഗബലത്തിൽ തുല്യമായതിനാൽ പ്രസിഡണ്ട് എൽ.ഡി.എഫും, വൈസ് പ്രസിഡണ്ട് യു.ഡി.എഫും. തൊട്ട് മുമ്പ് നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ബഷീർ സാഹിബിന് 6000 വോട്ടിൻ്റെ ലീഡാണ് തവനൂർ മണ്ഡലത്തിൽ നിന്ന് കിട്ടിയത്. കോൺഗ്രസ്സിൻ്റെ ഏറ്റവും നല്ല സ്ഥാനാർത്ഥിയേയാണ് അന്ന് യു.ഡി.എഫ് കളത്തിലിറക്കിയത്. 2011-ൽ LDF-ന് മൊത്തം കിട്ടിയ വോട്ട് 66,000. 2016-ൽ ആകെ LDF-ന് ലഭിച്ചത് 68,000 വോട്ട്. 2021-ലെ തെരഞ്ഞെടുപ്പിൽ നേടിയത് 70,000 വോട്ട്. മൂന്ന് തെരഞ്ഞെടുപ്പുകളിലുമായി നോക്കിയാൽ ഏറ്റവുമധികം വോട്ട് കിട്ടിയത് “ചാരിറ്റിമാഫിയാ” സംഘത്തോട് ഏറ്റുമുട്ടിയപ്പോഴാണ്.
2021 മെയ് 2 സമാകതമായി. വോട്ടെണ്ണലിൻ്റെ ആദ്യം മുതൽ ഞാൻ പിന്നിട്ട് നിന്നു. ആദ്യമെണ്ണിയ മംഗലം പഞ്ചായത്തിൽ മുവ്വായിരത്തിലധികം വോട്ടുകൾക്ക് പിന്നിലായാൽ മാത്രമേ ഭയപ്പെടേണ്ടതുള്ളൂ എന്ന് ആദ്യം തന്നെ എനിക്കറിയാമായിരുന്നു. അവിടെ UDF 1900 വോട്ടേ ലീഡ് ചെയ്തുള്ളൂ. തൃപ്രങ്ങോട് പഞ്ചായത്തിൽ 600 വോട്ട് പിന്നിൽ പോയത് പ്രതീക്ഷിച്ചതല്ല. തവനൂർ പഞ്ചായത്തിൽ 600 വോട്ട് LDF ലീഡ് ചെയ്തു. ലീഗ് കോട്ടയായ കാലടിയിൽ അവർ 2000 വോട്ട് ലീഡ് ഉറപ്പിച്ചേടത്ത് എനിക്ക് 150 വോട്ട് അധികം കിട്ടിയത് യു.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. അതോടെ ജയിക്കുമെന്ന് എനിക്ക് ഉറപ്പായി. വട്ടംകുളം പഞ്ചായത്തിലും LDF അഞ്ഞൂറിലധികം വോട്ടുകളുടെ ലീഡ് പിടിച്ചു. അപ്പോഴും UDF നേരിയ വോട്ടിന് മുന്നിൽ. എൻ്റെ തോൽവി ഉറപ്പിച്ച ചില ചാനൽ അവതാരകരും സോഷ്യൽമീഡിയാ രാജാക്കൻമാരും എനിക്ക് ചരമഗീതം രചിച്ച് സംഗീതം നൽകി ഫയലിൽ “ഫ്രഷ് ഐറ്റമായി” കരുതിവെച്ചു. യു.ഡി.എഫ് കേന്ദ്രങ്ങളും കാര്യമറിയാത്ത ലീഗുകാരും പടക്കം പൊട്ടിക്കലും ആഹ്ളാദാരവങ്ങളും ആരംഭിച്ചു.
പിന്നെ എണ്ണിയത് എടപ്പാൾ പഞ്ചായത്താണ്. തവനൂർ മണ്ഡലത്തിൽ ഏറ്റവുമധികം ഹൈന്ദവ സഹോദരി സഹോദരൻമാർ താമസിക്കുന്ന പഞ്ചായത്ത്. എനിക്കെതിരെ ഹിന്ദുവിരുദ്ധ ചാപ്പ കുത്തി കുപ്രചരണം നടന്ന സ്ഥലം. 2500-ലധികം വോട്ടാണ് അവിടെ LDF ലീഡ് പിടിച്ചത്. അതുവരെയും പിന്നിലായ ഞാൻ 2268 വോട്ടിന് മുന്നിലെത്തി. പല ചാനലുകൾക്കും അത് അപ്രധാന വാർത്തയായിരുന്നു. ചില വാർത്താ വായനക്കാരുടെ മുഖം മങ്ങി. അവസാനമെണ്ണിയത് പുറത്തൂരാണ്. 320 വോട്ടുകൾക്ക് അവിടെയും മുന്നിൽ.
അങ്ങിനെ എല്ലാ വിരോധികളും ഒരുമിച്ചെതിർത്തിട്ടും തവനൂരിലെ ജനങ്ങൾ ഈ വിനീതനെ കൈവിട്ടില്ല. ആളിലും അർത്ഥത്തിലും സോഷ്യൽ മീഡിയാ പ്രചരണത്തിലും ബഹുദൂരം പിന്നിലായിരുന്നിട്ടും തവനൂർ മണ്ഡലത്തിലെ ജനങ്ങൾ നൽകിയ അതിരുകളില്ലാത്ത സ്നേഹം ഒരിക്കലും മറക്കില്ല. പാർട്ടിയും മുന്നണിയും കട്ടക്ക് കൂടെനിന്നു. സഖാക്കളും മുന്നണി പ്രവർത്തകരും സാധാരണ ജനങ്ങളും കഠിനാദ്ധ്വാനം ചെയ്തു. അന്ന് ഞാനൊരു കാര്യം മനസ്സിലാക്കി. സത്യം മാത്രമേ അന്തിമ വിജയം നേടൂ. ബാക്കിയെല്ലാം വെള്ളത്തിന് മുകളിലെ കുമിളകൾ മാത്രമാണ്.
കുറ്റിപ്പുറം തെരഞ്ഞെടുപ്പിനെക്കാൾ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു 2021-ലെ തവനൂരിലെ മൽസരം. അത്രക്കായിരുന്നു എതിർപ്പിൻ്റെ പർവ്വങ്ങളും കുപ്രചരണങ്ങളുടെ കുത്തൊഴുക്കും. പഴയ കുറ്റിപപ്പുറം മണ്ഡലത്തിലെയും നിലവിലെ തവനൂർ മണ്ഡലത്തിലെയും ജനങ്ങളോട് ഞാൻ മരിച്ചാലും കടപ്പെട്ടിരിക്കും. ലീഗ് കോട്ടയെന്ന് അവർ അവകാശപ്പെടുന്ന മലപ്പുറം ജില്ലയിൽ നിന്ന്, MLA എന്ന നിലയിൽ തുടർച്ചയായി 18 വർഷം പൂർത്തിയാക്കിയ ഈ സുദിനത്തിൽ എല്ലാവർക്കും സ്നേഹത്തിൻ്റെ കൂപ്പുകൈ! സി.പി.ഐ എമ്മിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും കക്ഷിരാഷ്ട്രീയം മറന്ന് കൂടെനിന്ന പൊതുജനങ്ങൾക്കും ഒരായിരം നന്ദി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News