അഴിമതിയും കമ്യൂണിസ്റ്റ് വിരുദ്ധതയും മറനീക്കി പുറത്തുവരുന്ന ബക്കാർഡി ബന്ധം

k t kunjikannan

കെ.ടി.കുഞ്ഞിക്കണ്ണൻ

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ മദ്യനിർമ്മാണ കമ്പനിയായ ബക്കാർഡി കേരളത്തിലെ രാഷ്ട്രീയചർച്ചകളിൽ വിവാദപരമായ വിഷയമായി ഉയർന്നുവന്നിരിക്കുകയാണ്. ബക്കാർഡി കമ്പനിക്ക് വേണ്ടി യു.ഡി.എഫ് സർക്കാർ 600 കോടി രൂപയുടെ മദ്യനികുതി കുറച്ചുകൊടുത്തതോടുകൂടിയാണ് നിയമസഭയ്ക്ക് അകത്തും പുറത്തും ബക്കാർഡിയും വി.ഡി.സതീശൻ സർക്കാരും തമ്മിലുള്ള ബന്ധമെന്ത് എന്ന ചോദ്യമുയർന്നത്. ബജറ്റ് നിർദ്ദേശമെന്ന നിലയ്ക്കാണ് ഈ അമേരിക്കൻ മദ്യനിർമ്മാണ ഭീമന് നികുതി കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് ജനങ്ങളോട് പറഞ്ഞ മദ്യനയത്തെ സംബന്ധിച്ച കാഴ്ചപ്പാടുകളുടെ ലംഘനവുമാണ്. അതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നതിനുമുമ്പ് കുപ്രസിദ്ധമായ ബക്കാർഡിയൻ കമ്പനിയെക്കുറിച്ച ചില കാര്യങ്ങൾ സൂചിപ്പിക്കേണ്ടതുണ്ട്.

ബക്കാർഡിയുമായുള്ള വി.ഡി.സതീശന്റെ പുറത്ത് വിശദീകരിക്കാനാവാത്ത രഹസ്യബന്ധം എന്താണ് എന്ന ചോദ്യത്തിനുത്തരം അഴിമതി മാത്രമല്ല ഈ കുപ്രസിദ്ധ കമ്യൂണിസ്റ്റ് വിരുദ്ധ അന്താരാഷ്ട്ര മുതലാളിയുമായുള്ള ബാന്ധവത്തിന് രാഷ്ട്രീയമായ കാരണങ്ങളുമുണ്ടാകാം. 170 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 200-ലധികം ബ്രാന്റുകളുള്ള ബക്കാർഡി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന മദ്യ കാർട്ടലാണ്. 1862-ൽ ക്യൂബയിലാണ് സ്പാനീഷ് വ്യവസായിയായ ഫാഗുണ്ടോ ബക്കാർഡി മസോ ആരംഭിക്കുന്നത്. 1959-ലെ ക്യൂബൻ വിപ്ലവവും അതിനെ തുടർന്ന് അധികാരത്തിൽ വന്ന കാസ്‌ട്രോവിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ഭരണകൂടവും ദേശസാൽക്കരണ നടപടികൾ ആരംഭിച്ചപ്പോൾ മദ്യവ്യവസായകുത്തകയായ ബക്കാർഡി അതിനെതിരായി ശക്തമായ എതിർപ്പുയർത്തി.

1960-ൽ ക്യൂബൻ സർക്കാർ ബക്കാർഡിയയുടെ ക്യൂബയിലെ മുഴുവൻ സ്വത്തുക്കളും നഷ്ടപരിഹാരം കൂടാതെ കണ്ടുകെട്ടുകയും ദേശസാൽക്കരിക്കുകയും ചെയ്തു. അപ്പോഴേക്കും ബക്കാർഡി കമ്പനി അവരുടെ ട്രേഡ് മാർക്കുകളും പ്രധാന ഫോർമുലകളും യീസ്റ്റിന്റെ സാമ്പിളുകളും ബഹാമാസിലേക്ക് കടത്തിക്കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് ബക്കാർഡിക്ക് മദ്യ വ്യവസായം തുടരാൻ കഴിഞ്ഞത്. പ്യൂർട്ടോറിക്കയിലും മെക്‌സിക്കോവിലും അമേരിക്കയിലുമൊക്കെയായി പിന്നീട് ബക്കാർഡി കമ്പനി അവരുടെ മദ്യ ഉൽപാദനം തുടർന്നു. 1965-ഓടെ അവരുടെ ആസ്ഥാനം ബർമുഡയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ക്യൂബയടെ ദേശസാൽക്കരണത്തിന്റെ ഉഷ്ണബാധയേറ്റ് അവിടെ നിന്ന് ഓടിപ്പോയ ബക്കാർഡി കമ്പനി ക്യൂബയെ തകർക്കാനുള്ള അമേരിക്കയുടെ എല്ലാ പദ്ധതികൾക്കും പണമൊഴുക്കിക്കൊടുത്തു.

ALSO READ: പാർട്ടി പിടിക്കാൻ സതീശൻ… കെപിസിസി അധ്യക്ഷസ്ഥാനം ലക്ഷ്യമിട്ട് സതീശൻ ഗ്രൂപ്പ്; സംസ്ഥാന വ്യാപകമായി നേതാക്കളെ ഏകോപിപ്പിക്കുന്നു

ഫ്‌ളോറിഡയും മിയാമിയുമൊക്കെ കേന്ദ്രീകരിച്ച് ക്യൂബൻ വിമതരെ പരിശീലനം ചെയ്യിച്ച് ക്യൂബൻ ഗവൺമെന്റിനെ അട്ടിമറിക്കാനും കാസ്‌ട്രോയെ വകവരുത്താനുമുള്ള സി.ഐ.എ പദ്ധതികളുടെ പ്രയോജകരായി പ്രവർത്തിച്ച അമേരിക്കൻ കമ്പനികളിൽ പ്രധാനമാണ് ബക്കാർഡി. ഫ്‌ളോറിഡയിലും മിയാമിയയിലുമൊക്കെ ബക്കാർഡി കമ്പനിക്ക് ഓഫീസുകളും കേന്ദ്രീകരിച്ച ബിസിനസ്സ് സംവിധാനങ്ങളുമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ വാസ്തുശിൽപ മാതൃകയായിട്ടാണ് ഈ മദ്യകമ്പനിയുടെ ഓഫീസ് കെട്ടിടങ്ങളെ പലരും പരിചയപ്പെടുത്തിയിട്ടുള്ളത്. 2006-ലാണ് ബക്കാർഡി കമ്പനിയുടെ അമേരിക്കയിലെ ആസ്ഥാനം ഫ്‌ളോറിഡയിലെ കോറൽ ഗേബിൾസിലേക്ക് മാറ്റി സ്ഥാപിച്ചത്. അമേരിക്കയുടെ ക്യൂബൻ വിരുദ്ധപരിപാടികൾക്ക് വൻതോതിൽ പണമൊഴുക്കികൊടുക്കുന്ന ബക്കാർഡിക്ക് ആഗോള കമ്യൂണിസ്റ്റ് വിരുദ്ധ അജണ്ടയുണ്ട്. കേരളത്തിലെ ഇടതുപക്ഷസർക്കാരിനെ തകർക്കാനും കേരളത്തെ തങ്ങളുടെ മദ്യവിപണനത്തിന്റെ പറുദീസയാക്കി മാറ്റാനുമാണ് കർണാടകയും ഗോവയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബക്കാർഡി കമ്പനി സതീശനെ സഹായിച്ചതും പണമൊഴുക്കിക്കൊടുത്തതും.

ബക്കാർഡി കമ്പനിക്ക് നികുതിയിളവ് നൽകിയ നടപടിക്കെതിരെ പ്രതിപക്ഷം മാത്രമല്ല കോൺഗ്രസിനകത്തുനിന്നും യു.ഡി.എഫിനകത്തെ കക്ഷികൾക്കകത്തുനിന്നും പരസ്യവും രഹസ്യവുമായ പ്രതിഷേധം ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. മദ്യനയം തീരുമാനിക്കുന്നതിനുമുമ്പുതന്നെ ബജറ്റിലൂടെ മുഖ്യമന്ത്രി ഒരു ബഹുരാഷ്ട്ര ലിക്കർ ഭീമനുവേണ്ടി നികുതി കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത് സഭയോടുള്ള അനാദരവും തങ്ങളെ വോട്ടുചെയ്ത് ജയിപ്പിച്ച ജനങ്ങളൊടുള്ള അനാദരവുമായേ കാണാൻ കഴിയൂ. നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചയുടെ പശ്ചാത്തലത്തിൽ ഫിനാൻസ് ബില്ലിൽ നികുതി കുറച്ചുകൊണ്ടുള്ള ഈ നിർദ്ദേശം ഉൾപ്പെടുത്തുമെന്നാണ് പറയുന്നത്. അങ്ങനെ വന്നാൽ ബക്കാർഡി കമ്പനിക്ക് കോടതിയിൽ പോയി അനുകൂല വിധി സമ്പാദിക്കാൻ കഴിയും.

ഇത്രയധികം എതിർപ്പ് നിയമസഭയിലും യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന ഘടകകക്ഷികളിൽ നിന്നും വിവിധ മതസമുദായസംഘടനകളിൽ നിന്നും ഉയർന്നിട്ടും എന്തുകൊണ്ടാണ് മദ്യനികുതി കൂട്ടിയ തീരുമാനം പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറാവാത്തത്. ഒരു സംശയവുമില്ല തങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് വാങ്ങിച്ച കോടികളുടെ കണക്ക് പുറത്തുവരുമെന്ന ഭയമാണ്. മാത്രമല്ല ഖജനാവിന് 600 കോടി രൂപ നഷ്ടമുണ്ടാക്കുന്ന ഈ തീരുമാനം എന്തിനുവേണ്ടിയാണ് ഒരു അന്താരാഷ്ട്ര മദ്യകുത്തകകൾക്കുവേണ്ടി എടുത്തതെന്ന ചോദ്യം അന്തരീക്ഷത്തിൽ ഉയർന്നിരിക്കുകയാണ്.

പ്രതിപക്ഷവും ജനങ്ങളും ഒന്നാകെ ചോദിച്ചുകൊണ്ടിരിക്കുന്നത് എന്തിനുവേണ്ടിയാണ് ഇങ്ങനെയൊരു നികുതിയിളവ് ഈ അന്താരാഷ്ട്ര മദ്യകുത്തകകൾക്ക് നൽകിയത്? യു.ഡി.എഫിനകത്തുനിന്നും ജനങ്ങളിൽ നിന്നും എതിർപ്പ് ഉയർന്നിട്ടും എന്തുകൊണ്ടാണ് നികുതിയിളവ് പിൻവലിക്കാൻ തയ്യാറാകാത്തത്? ഫിനാൻസ് ബില്ലിൽ നിന്നും വീര്യം കുറഞ്ഞ മദ്യത്തിന് 600 കോടി രൂപ നികുതി കുറയ്ക്കുമെന്ന നിർദ്ദേശം ഒഴിവാക്കുമോ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകാൻ മുഖ്യമന്ത്രി സതീശനെ തടയുന്നത് ബക്കാർഡിയുമായുള്ള അവിശുദ്ധ ബന്ധമാണ്. രഹസ്യ ഡീലാണ്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വ്യക്തമായ മദ്യനയം രൂപീകരിക്കുകയും കാർഷികോൽപന്നങ്ങളിൽ നിന്നും പഴവർഗങ്ങളിൽ നിന്നും വീര്യംകുറഞ്ഞ പാനീയം ഉൽപാദിപ്പിക്കാൻ അനുമതി നൽകിയതിനെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ ചില മാധ്യമങ്ങളും മുഖ്യമന്ത്രിയുടെ അനുചരസംഘങ്ങളും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

ഒരു സ്വകാര്യകമ്പനിക്കും വീര്യംകുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനോ ഇവിടെ വിൽപന നടത്തുവാനോ എൽ.ഡി.എഫ് സർക്കാർ അനുമതി നൽകിയിട്ടില്ല. ബക്കാർഡി എന്ന അന്താരാഷ്ട്ര ലിക്കർ കുത്തകയ്ക്ക് 600 കോടി രൂപ നികുതിയിളവ് നൽകുന്ന തീരുമാനം അഴിമതിയല്ലാതെ മറ്റെന്താണ്. എൽ.ഡി.എഫ് സർക്കാർ വീര്യംകുറഞ്ഞ സ്പിരിറ്റ് ഉപയോഗിച്ചുള്ള മദ്യത്തിന് നികുതി തീരുമാനിക്കാതിരുന്നതുകൊണ്ടാണ് ബക്കാർഡിയുടെ അപേക്ഷ ജി.എസ്.ടി കമ്മീഷണർക്ക് നിരസിക്കാൻ കഴിഞ്ഞത്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കും ജനങ്ങളുടെ സംശയങ്ങൾക്കും സതീശന് ഉത്തരം നൽകാൻ കഴിയാത്തത് ബക്കാർഡിയയുമായുള്ള രഹസ്യ ഇടപാടുള്ളതുകൊണ്ടാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News