
കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (KGMCTA) പുതിയ സംസ്ഥാന ഭാരവാഹികൾ ചുമതലയേറ്റു. മേയ് 17-ന് തിരുവനന്തപുരത്ത് വെച്ച് ചേർന്ന സംയുക്ത കേന്ദ്ര നിർവാഹക സമിതി (Combined CEC) യോഗത്തിലാണ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നത്.സംഘടനയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി ഡോ. ഷാജഹാൻ പി.എസ്. ചുമതലയേറ്റു. നിലവിലുള്ള സംസ്ഥാന പ്രസിഡണ്ട് ആയ ഡോ. റോസ്നാര ബീഗത്തിൽ നിന്ന് ആണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. രണ്ട് ദശകങ്ങളായി കെ.ജി.എം.സി.ടി.എ യുടെ നേതൃ നിരയിൽ പ്രവർത്തിക്കുന്ന ഡോ ഷാജഹാൻ കൊല്ലം ഗവൺമെൻറ് മെഡിക്കൽ കോളേജിലെ പൾമണറി മെഡിസിൻ വിഭാഗം പ്രൊഫെസ്സറാണ്.
ജനറൽ സെക്രട്ടറിയായി ഡോ. സജിത് വിളമ്പിൽ ഇനി മുതൽ ചുമതല വഹിക്കും. പത്തു വർഷത്തോളം സംഘടനയുടെ സംസ്ഥാന ട്രഷറർ ആയി പ്രവർത്തിച്ച ഇദ്ദേഹം തൃശൂർ ഗവർമെന്റ് മെഡിക്കൽ കോളേജിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം പ്രൊഫെസ്സറാണ്. ഡോ. ഷെഫ്നയെ സംസ്ഥാന ട്രഷററായും, ഡോ. ഗോപകുമാർ ടി.യെ ബുള്ളറ്റിൻ എഡിറ്ററായും, ഡോ. എ അർജുനെ ഐ.ടി. സെക്രട്ടറിയായും യോഗം തിരഞ്ഞെടുത്തു. ഡോ. റോസ്‌നരാ ബീഗം, ഡോ. മോഹൻദാസ് എന്നിവർ സംസ്ഥാന വക്താക്കളായും പ്രവർത്തിക്കും. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതിനൊപ്പം സംഘടനയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി വിവിധ സമിതികളും യോഗത്തിൽ രൂപീകരിച്ചു.
ശമ്പളപരിഷ്കരണ സമിതിയുടെ കൺവീനർ ആയി ഡോ. അരവിന്ദ് C S നേയും മുഖ്യ ഉപദേഷ്ടാവായി ഡോ. ശ്രീകാന്ത് എസ് നേയും നിയമിച്ചു.കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ സംയുക്ത സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി (Combined CEC) യോഗം സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്കും നയരൂപീകരണത്തിനുമുള്ള സുപ്രധാന പ്രമേയങ്ങൾ അംഗീകരിച്ചു. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പള പരിഷ്കരണം, തൊഴിൽ സാഹചര്യങ്ങൾ, മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന ആവശ്യങ്ങൾ യോഗം മുന്നോട്ടുവെച്ചു.
യോഗത്തിൽ എടുത്ത പ്രധാന തീരുമാനങ്ങൾ
ശമ്പള പരിഷ്കരണ കുടിശ്ശികയും എൻട്രി കേഡർ ശമ്പള പരിഷ്കരണവും ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുന്നതിൽ KGMCTA വലിയ സമര പരിപാടികൾ നടത്തിയിരുന്നു. എൻട്രി കേഡറിലെ അപാകതകൾ സർക്കാർ ഏറെക്കുറെ പരിഹരിച്ചിരുന്നു. ശമ്പള കുടിശ്ശികക്കായുള്ള ശക്തമായ സമരത്തെ തുടർന്ന് അത് നൽകാമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകുകയും ചെയ്തിരുന്നു. കൂടാതെ കെ.ജി.എം.സി.ടി.എ യുടെ നിയമപോരാട്ടത്തെ തുടർന്ന് 4 വർഷവും 9 മാസവുമുള്ള കുടിശ്ശിക നല്കാൻ കോടതിയും സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ പ്രസ്തുത ഉത്തരവ് പുറത്തിറക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല. അധികാരത്തിൽ വരുന്ന ഈ സർക്കാർ എത്രയും വേഗം ഈ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് KGMCTA പ്രതീക്ഷിക്കുന്നു. പുതിയ സർക്കാരുമായി അതിന് വേണ്ടിയുള്ള ചർച്ചകൾ ഉടനെ തുടങ്ങുമെന്ന് സംഘടനാ അറിയിച്ചു.
സർവീസ് സംബന്ധമായ വിഷയങ്ങൾ
മെഡിക്കൽ കോളേജ് സേവനത്തിലേക്കു പുതിയ അസിസ്റ്റന്റ് പ്രൊഫസർമാർ വരുന്നത് കുറഞ്ഞിട്ടുണ്ട്. ഈ യുവ ഡോക്ടർമാരുടെ ലഭ്യതക്കുറവ് മെഡിക്കൽ വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുവാനുള്ള മാർഗ്ഗനിർദേശങ്ങൾ കെ.ജി.എം.സി.ടി.എ സർക്കാരിലേക്ക് സമർപ്പിക്കുന്നതാണ്. സ്ഥലംമാറ്റ മാനദണ്ഡങ്ങളും മറ്റ് അനുബന്ധ സർവീസ് പ്രശ്നങ്ങളും അടിയന്തരമായി പരിഹരിക്കുവാനുള്ള നിർദ്ദേശങ്ങൾ സംഘടന സർക്കാരിനെ അറിയിക്കുകയും കൃത്യമായ നടപടികൾ എടുക്കുന്നുവെന്നു ഉറപ്പു വരുത്തുകയും ചെയ്യുന്നതാണ്.
മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനവും വ്യവസ്ഥിതി (system) ശക്തിപ്പെടുത്തലും
നിലവിലുള്ള പ്രോജക്റ്റുകളെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, പുതുതായി ആരംഭിച്ച ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയവക്ക് പുറമെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ സമഗ്രമായ പുരോഗതിക്കായി സംസ്ഥാനതല സർവേ നടത്തി പ്രായോഗികമായ ഒരു പ്രൊജക്റ്റ് സർക്കാരിന് നൽകുവാനും KGMCTA തീരുമാനിച്ചിട്ടുണ്ട്. ക്ലിനിക്കൽ സംവിധാനങ്ങൾ, രോഗികളുടെ എണ്ണം, ഉപകരണങ്ങളുടെ ലഭ്യതയും അവയുടെ പരിപാലനവും, അക്കാദമിക്-ഗവേഷണ സൗകര്യങ്ങൾ, ജീവനക്കാരുടെ കുറവ്, തുടർ വികസനം, state-of -art സർവീസ് തുടങ്ങിയ വിഷയങ്ങളാണ് കൃത്യമായി പഠിക്കാനും സർക്കാരിനോട് ചേർന്ന് നിന്ന് വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും തീരുമാനിച്ചത്. ലോകോത്തര നിലവാരത്തിലുള്ള ചികിത്സയും മെഡിക്കൽ വിദ്യാഭ്യാസവും നൽകുന്നതിനായി മെഡിക്കൽ കോളേജുകളെ സജ്ജമാക്കുന്നതിനു വേണ്ടി ആവിഷ്‌ക്കരിക്കേണ്ട മാറ്റങ്ങളെ കുറിച്ചും കെ.ജി.എം.സി.ടി.എ. മാർഗനിർദേശം നൽകും
സുരക്ഷിതമായ തൊഴിൽ സാഹചര്യവും മികച്ച രോഗീ പരിചരണവും
മെഡിക്കൽ കോളേജ് ജീവനക്കാർക്ക് ഭയരഹിതമായി ജോലി ചെയ്യാനുള്ള സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുവാനും, സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഉണ്ടാവുന്ന ചികിത്സാ പിഴവുകൾ ഇല്ലാതാക്കുവാനും വേണ്ട തരത്തിലുള്ള (Zero-Error) സംവിധാനങ്ങൾ നടപ്പിലാക്കുന്നത് കെ.ജി.എം.സി.ടി.എ യുടെ ഈ വർഷത്തെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നായിരിക്കും.
മെഡിക്കൽ കോളേജുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഡോക്ടർമാരുടെയും രോഗികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും രോഗീ പരിചരണം ശക്തമാക്കുന്നതിനും അധ്യാപനം മെച്ചപ്പെടുത്തുന്നതിനും ഗവേഷണം ഊർജിതമാക്കുന്നതിനും വേണ്ടി ശക്തമായ തുടർനടപടികളുമായി KGMCTA മുന്നോട്ട് പോകുന്നതാണെന്ന് സംഘടന അറിയിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

