
ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ രൂക്ഷമായ വിമർശനവുമായി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഡി.വൈ.എഫ്.ഐ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
ഡി.വൈ.എഫ്.ഐ. നടത്തുന്നതുപോലെ ഒരു പൊതിച്ചോർ വിതരണം നടത്താൻ പോലും കെ. മുരളീധരന്റെ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് കടകംപള്ളി സുരേന്ദ്രൻ ചോദിച്ചു. വയനാട് പുനരധിവാസത്തിനായി പിരിച്ച പണം ഉപയോഗിച്ച് അർഹരായവർക്ക് വീട് വെച്ചുനൽകാൻ കോൺഗ്രസിന് സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഡി.വൈ.എഫ്.ഐ. വലിയ പങ്കാളികളായെന്നും ഏകദേശം 20 കോടിയോളം രൂപ സമാഹരിച്ച് നൽകാൻ അവർക്ക് സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരം നല്ല കാര്യങ്ങൾ ചെയ്യുന്ന സംഘടനകൾക്കെതിരെ പ്രവർത്തിക്കാനാണ് കോൺഗ്രസും അവരുടെ സംഘടനകളും ശ്രമിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു.
ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ളവർ ആശുപത്രികളിൽ നടത്തുന്ന പൊതിച്ചോർ വിതരണത്തിന് എതിരെ ആരോഗ്യമന്ത്രി കെ മുരളീധരൻ രംഗത്ത് വന്നത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴി വെച്ചത്. പ്രതിഷേധം കനത്തതോടെ മലക്കം മറിഞ്ഞ അദ്ദേഹം ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ലെന്നും ഇപ്പോഴത്തെ വിവാദം ആലപ്പുഴ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടതാണെന്നും അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ലെന്നുമാണ് വിശദീകരണം നൽകിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

