യുവജനവിധിയിൽ കൈരളി ന്യൂസ് ഒന്നാമത്; കേരളം ഉറ്റുനോക്കിയ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മറ്റ് ചാനലുകളെ ബഹുദൂരം പിന്നിലാക്കി

Kairalinews_barc-rating

കേരള ജനത ഏറെ ഉറ്റുനോക്കിയ വോട്ടെടുപ്പായിരുന്നു നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലേത്. നിലമ്പൂർ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ എത്തിയ ദിവസങ്ങളിൽ രാഷ്ട്രീയവശങ്ങളെ ശരിയായി പ്രേക്ഷകരിലേക്ക് പ്രതിഫലിപ്പിച്ചത് കൈരളി ന്യൂസാണെന്ന് വ്യക്തമാക്കുന്ന പുതിയ വാർത്താ ചാനലുകളുടെ റേറ്റിങ് റിപ്പോർട്ട് പുറത്തുവന്നു. ജൂൺ മാസം 7 മുതൽ 13 വരെയുള്ള ആഴ്ചയിൽ മറ്റ് ചാനലുകളേക്കാൾ റേറ്റിങ് പോയിന്റ് വളർച്ചയിൽ ഏറെ മുന്നിലെത്തിയത് കൈരളി ന്യൂസ് ആയിരുന്നു. ഈ കാലയളവിൽ ഏറ്റവുമധികം റേറ്റിങ് പോയിന്‍റ് കൈവരിച്ചായിരുന്നു കൈരളിയുടെ മുന്നേറ്റം.

വാർത്താ ചാനലുകളുടെ റേറ്റിങ്ങിൽ ഏറെ പ്രാധാന്യത്തോടെ ഉറ്റുനോക്കുന്ന പ്രായപരിധി 22+ മെയിൽ-ഫീമെയിൽ വിഭാഗങ്ങളിലാണ് കൈരളി ന്യൂസ് മറ്റ് ചാനലുകളെ ബഹുദൂരം പിന്നിലാക്കിയത്. മുൻആഴ്ചയെ അപേക്ഷിച്ച് മലയാളത്തിലെ വാർത്താ ചാനലകളിൽ മുൻനിരയിൽ നിൽക്കുന്നവരേക്കാൾ വലിയ വ്യത്യാസത്തോടെ അധികം റേറ്റിങ് പോയിന്‍റ് കൈവരിച്ചാണ് കൈരളി ന്യൂസിന്‍റെ അനുപമമായ നേട്ടം. ബാർക്ക് റേറ്റിങ്ങിൽ കാലങ്ങളായി ഒന്നും രണ്ടും സ്ഥാനങ്ങൾ അവകാശപ്പെടുന്ന ചാനലുകളൊക്കെ ഈ വിഭാഗത്തിൽ കൈരളി ന്യൂസിനേക്കാൾ ഏറെ പിന്നിലായി.

കൈരളി മുന്നിലെത്തിയത് എവിടെ?

വീക്ക് 22നെ അപേക്ഷിച്ച് വീക്ക് 23-ൽ കേരള ഓൾ വിഭാഗത്തിൽ 2.65 റേറ്റിങ്ങ് പോയിന്‍റാണ് കൈരളി ന്യൂസിന്‍റെ വളർച്ച. ഏഷ്യാനെറ്റ് ന്യൂസിന് ഇത് .90 ആണ്. എന്നാൽ മുമ്പത്തെ ആഴ്ച ഒന്നാമതായിരുന്ന റിപ്പോർട്ടിന് -5.11 റേറ്റിങ്ങ് പോയിന്‍റ് ഇടിഞ്ഞു. ട്വന്‍റിഫോർ- 0.88, മനോരമ ന്യൂസ് 0.26, മാതൃഭൂമി ന്യൂസ് 1.23 എന്നിങ്ങനെ നേരിയ വളർച്ച മാത്രമാണ് കൈവരിച്ചത്. വാർത്ത ഏറെ ശ്രദ്ധിക്കുന്ന ഫീമെയിൽ 22+ വിഭാഗത്തിൽ കൈരളിയുടെ വളർച്ച 2.73ഉം മെയിൽ 22+ വിഭാഗത്തിൽ 3.49ഉം ആണ്. റേറ്റിങ്ങ് പോയിന്‍റിൽ ഇത്രത്തോളം വളർച്ച കൈവരിക്കാൻ മറ്റാർക്കും സാധിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

ക്ഷേമപെൻഷൻ കൈക്കൂലി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഗതിനിർണയിച്ച എല്ലാ വിഷയങ്ങളും കൈരളിയുടെ ബ്രേക്കിങ് ന്യൂസുകളും എക്സിക്ലൂസിവുകളുമായിരുന്നുവെന്നതാണ് റേറ്റിങ്ങിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സഹായകരമായത്. ഇതിൽ ഏറ്റവും പ്രധാനം ക്ഷേമപെൻഷനെക്കുറിച്ച് കോൺഗ്രസിന്‍റെ അഖിലേന്ത്യാ നേതാവ് കെ സി വേണുഗോപാൽ നടത്തിയ വിവാദ പരാമർശമായിരുന്നു. വോട്ടിങ് അവസാനിച്ച സമയം വരെ ഈ വിഷയം നിലമ്പൂരിലെ വോട്ടർമാർക്കിടയിൽ സജീവ ചർച്ചയാക്കി നിലനിർത്തിയത് കൈരളി ന്യൂസിന്‍റെ ഇടപെടലായിരുന്നു.

യുഡിഎഫ് കൺവെൻഷനിൽ ക്ഷേമ പെൻഷൻ കൈക്കൂലിയാണെന്ന കെ സി വേണുഗോപാലിന്റെ അധിക്ഷേപ പരാമർശം ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടിയത് കൈരളി ന്യൂസിന്‍റെ ജാഗ്രതയോടെയുള്ള ഇടപെടലാണ്. മറ്റ് മാധ്യമങ്ങൾ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ കെ സി വേണുഗോപാലിന്‍റെ വിമർശനം എന്ന തരത്തിൽ വാർത്ത നൽകിയപ്പോൾ, ഇതിലെ അധിക്ഷേപ പരാമർശം തുറന്നുകാട്ടുംവിധം കൈരളി ന്യൂസ് അത് മുഖ്യവാർത്തയാക്കിമാറ്റി.

ഇതോടെ ക്ഷേമപെൻഷനെക്കുറിച്ച് നാളിതുവരെ കോൺഗ്രസ് സ്വീകരിച്ചിരുന്ന സമീപനം, ആദ്യമായി ക്ഷേമപെൻഷൻ ഏർപ്പെടുത്തിയതും പിന്നീട് കൃത്യമായ ഇടവേളകളിൽ കൂട്ടിനൽകിയതുമായ ഇടതുപക്ഷ സർക്കാരുകളുടെ ഇടപെടലുമൊക്കെ ചർച്ചയാക്കി മാറ്റാൻ ഞങ്ങൾക്ക് കഴിഞ്ഞു. കൂടാതെ കോൺഗ്രസ് സർക്കാരുകൾ ക്ഷേമപെൻഷൻ പതിനെട്ടും ഇരുപത്തിയെട്ടും മാസങ്ങൾ കുടിശികയാക്കിയതുമൊക്കെ തുറന്നുകാട്ടപ്പെട്ടു. ഇതോടെ നിൽക്കക്കള്ളിയില്ലാതെയായതോടെ കെ സി വേണുഗോപാലും വി ഡി സതീശനും വിഷ്ണുനാഥും ഉൾപ്പടെ പലതവണ വിശദീകരിക്കാൻ ശ്രമിച്ചുപരാജയപ്പെട്ടു. ഇതേക്കുറിച്ചുള്ള കോൺഗ്രസ് നേതാക്കളുടെ പച്ചനുണ പ്രചാരണങ്ങളും കൈരളി ന്യൂസ് പൊളിച്ചടുക്കി. വെളുപ്പിക്കാൻവേണ്ടി കോൺഗ്രസ്സ് നേതാക്കളായ ഷാഫി പറമ്പിലും വിഷ്ണുനാഥും ചേർന്നൊരുക്കിയ വീഡിയോ ബൂമറാങ്ങ് പോലെ തിരിച്ചടിച്ചു. കൂട്ടികൂട്ടി എന്നല്ലാതെ, കൊടുത്തുകൊടുത്തു എന്ന് പറയുന്നില്ലല്ലോ എന്ന ഒരു വയോധികന്‍റെ ഒറ്റ ഡയലോഗിലാണ് കോൺഗ്രസ് നുണപ്രചാരണം ബലൂൺ പോലെ പൊട്ടിപ്പോയത്. ഏറ്റവും താഴെതട്ടിൽവരെ ഈ വിഷയം ചർച്ചയായി മാറിയത് കൈരളിയുടെ നിതാന്തമായ ഇടപെടൽ മൂലമാണെന്ന് വ്യക്തമാക്കുന്നത് ഇത്തരത്തിലുള്ള പ്രതികരണങ്ങൾ.

അനന്തുവിന്‍റെ മരണം തെരഞ്ഞെടുപ്പ് നേട്ടമാക്കാൻ ശ്രമം

വഴിക്കടവിൽ ഇലക്ട്രിക്ക് ഷോക്കേറ്റ് മരിച്ച അനന്തുവിനെയും കോൺഗ്രസ് തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിച്ചു. സ്റ്റേറ്റ് സ്പോൺസേഡ് മർഡർ എന്നാണ് കോൺഗ്രസ് ഈ സംഭവത്തെ വിശേഷിപ്പിച്ചത്. എന്നാൽ മരണത്തിന്റെ ചുരുൾ അഴിഞ്ഞത് വളരെ വേഗം കൈരളി ന്യൂസ് വാർത്തയാക്കിയതോടെ കോൺഗ്രസ് നേതാക്കളും യു.ഡി.എഫ് സ്ഥാനാർഥിയുമൊക്കെ മണിക്കൂറുകൾക്കകം നിശ്ശബ്ദരാക്കപ്പെട്ടു. പൊലീസ് പ്രതിയെ പിടിച്ചത് ഉൾപ്പടെ ഈ സംഭവത്തിന്‍റെ ഓരോ പിന്നാമ്പുറ വാർത്തകളും കൈരളി പുറത്തുകൊണ്ടുന്നതോടെയായിരുന്നു ഇത്. പ്രതിയുടെ കോൺഗ്രസ് ബന്ധവും യു.ഡി.എഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തുമായുള്ള ഇടപെടലുമൊക്കെ കൈരളി പുറത്തുകൊണ്ടുവന്നു. അനന്ദു ഷോക്കേറ്റ് മരിക്കുന്ന സമയം തൊട്ടടുത്ത പറമ്പിൽ കെണിവെച്ച് കാത്തിരുന്ന പ്രതി, കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന വിവരവും കൈരളിയാണ് പുറത്തുകൊണ്ടുവന്നത്. ഒളിവിൽ പോകാൻ പ്രതിക്ക് രാഷ്ട്രീയ നിർദേശം നൽകുന്നതായ പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ ഫോൺവിളികളും കൈരളി പുറത്തുവിട്ടു. ഇതോടെയാണ് ചാമക്കാല ഉൾപ്പടെ നടത്തിയ രാഷ്ട്രീയ നാടകങ്ങളിൽനിന്ന് കോൺഗ്രസിന് പൂർണമായി പിന്തിരിയേണ്ടി വന്നത്.

ശശി തരൂരിനെ പ്രചരണത്തിൽനിന്ന് ഒഴിവാക്കി

ശശി തരൂരിനെ പ്രചാരണങ്ങളിൽനിന്ന് കെപിസിസി ഒഴിവാക്കിയ വാർത്തയും കൈരളിയാണ് പുറത്തുകൊണ്ടുവന്നത്. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള പ്രതിനിധി സംഘത്തിന്‍റെ പര്യടനം കഴിഞ്ഞെത്തിയ ശശി തരൂർ നിലമ്പൂരിലേക്ക് വരാനായി, കെപിസിസി നേതൃത്വത്തിന്‍റെ വിളികാത്ത് ദില്ലിയിൽ തങ്ങി. എന്നാൽ അറിയിപ്പൊന്നും ലഭിക്കാതെ വന്നതോടെ, തരൂർ അവിടെ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്നു. ഇതിനുശേഷം തെരഞ്ഞെടുപ്പ് ദിവസമാണ് തരൂർ കേരളത്തിൽ തിരിച്ചെത്തിയത്. അപ്പോഴാണ് കൈരളി നൽകിയ വാർത്ത ശരിവെച്ചുകൊണ്ട്, നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും ഒരു മിസ്ഡ് കോൾ പോലും ലഭിച്ചില്ലെന്നുമുള്ള പ്രതികരണം കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൂടിയായ തരൂരിൽനിന്ന് ഉണ്ടായത്.

വാഹനപരിശോധന നാടകം

ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും സൃഷ്ടിച്ച വാഹന പരിശോധന നാടകം പൊളിച്ചെഴുതിയതും കൈരളി ന്യൂസ് തന്നെയാണ്. ഒരു തെരഞ്ഞെടുപ്പ് സാധ്യതയാക്കി മാറ്റാനുള്ള ഷാഫി-മാങ്കൂട്ടം ടീമിന്‍റെ നാടകം മറ്റ് മാധ്യമങ്ങൾ, ‘കോൺഗ്രസ് നേതാക്കളുടെ വാഹന പരിശോധന’ എന്ന തരത്തിലാണ് നൽകിയത്. എന്നാൽ ഇതിന്‍റെ വസ്തുത ശരിയായ രീതിയിൽ വ്യക്തതയോടെ അവതരിപ്പിച്ചത് കൈരളി ന്യൂസ് ആയിരുന്നു. കൈരളി വാർത്ത നൽകിയ ഘട്ടത്തിൽ തന്നെ ഇത് തെരഞ്ഞെടുപ്പ് സമയങ്ങളിൽ നടത്താറുള്ള സാധാരണ പരിശോധനയാണെന്നും ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കി. കൂടാതെ പരിശോധന നടക്കുന്ന കനോലി പ്ലോട്ടിൽനിന്ന് നടപടിക്രമങ്ങളും ഉദ്യോഗസ്ഥരുടെ പെരുമാറ്റവും പരിശോധനയ്ക്ക് വിധേയരാകുന്ന സാധാരണക്കാരുടെ ഉൾപ്പടെയുള്ള പ്രതികരണങ്ങളും മന്ത്രിമാർ ഉൾപ്പടെ പരിശോധിക്കപ്പെടുന്നതുമൊക്കെ കൈരളി ന്യൂസ് പ്രേക്ഷകരിലേക്ക് എത്തിച്ചു. ഇതോടെയാണ് ഷാഫി-മാങ്കൂട്ടം ടീം വീണ്ടും പ്രതിരോധത്തിലായത്. ഇതോടെ ഈ വിഷയത്തിൽ പരാതി നൽകാനോ, കൂടുതൽ പ്രതികരിക്കാനോ ചെയ്യാതെ ഷാഫി പറമ്പിലിന് പിൻവാങ്ങേണ്ടിവന്നു.

ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചുവെന്ന പ്രതിപക്ഷനേതാവിന്‍റെ വാദത്തെ തകർത്തതും കൈരളിയുടെ ഇടപെടലായിരുന്നു. ജമാഅത്തെ ഇസ്ലാമി മുൻ അമീറിന്റെ വിവാദ പ്രസംഗം ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കൈരളി പ്രേക്ഷകരിലേക്ക് എത്തിച്ചു. ജമാഅത്തെ ഇസ്ലാമി ജനാധിപത്യവും മതേതരത്വവുമൊക്കെ പറയുന്നത് ഈ കാലത്ത് പിടിച്ചുനിൽക്കാൻവേണ്ടിയാണെന്നും മതരാഷ്ട്രവാദത്തിൽനിന്ന് ഒരിഞ്ച് പോലും പിന്നോട്ടുപോയിട്ടില്ലെന്നും മുൻഅമീർ വ്യക്തമാക്കുന്നത് ഈ പ്രസംഗത്തിൽ ഉണ്ടായിരുന്നു. ഇതോടെ പ്രതിപക്ഷനേതാവ് വെട്ടിലായി.

‘ജനങ്ങൾ ചർച്ച ചെയ്യുന്ന വിഷയങ്ങൾ ഏറ്റെടുത്തു’

തെരഞ്ഞെടുപ്പിൽ ജനങ്ങൾ ചർച്ച ചെയ്യുന്ന വിഷയങ്ങൾ ശരിയായ തരത്തിൽ, അതിൽ ഏതെങ്കിലും തരത്തിലുള്ള കലർപ്പുകളില്ലാതെ അവതരിപ്പിക്കാൻ കൈരളി ന്യൂസിന് സാധിച്ചുവെന്ന് ന്യൂസ് ഡയറക്ടർ ശരത് ചന്ദ്രൻ പറഞ്ഞു. ജനങ്ങൾ ചർച്ച ചെയ്യേണ്ട വിഷയങ്ങളെക്കുറിച്ച് ഞങ്ങൾക്ക് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. മറ്റ് മാധ്യമങ്ങൾ പല വിഷയങ്ങളും ചർച്ച ചെയ്യാതെയും മൂടിവെച്ചും മുന്നോട്ടുപോയപ്പോൾ, ഇവയെല്ലാം പ്രാധാന്യത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് കൈരളി ന്യൂസ് ചെയ്തതെന്നും ശരത് ചന്ദ്രൻ ചൂണ്ടിക്കാട്ടി.

ജനകീയസംവാദമായി കൈരളിയുടെ പടക്കളം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ശ്രദ്ധിച്ച ഏറ്റവും ജനകീയമായ ചാനൽ പരിപാടി കൈരളി ന്യൂസിന്‍റെ പടക്കളമായിരുന്നു. നിലമ്പൂർ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും നഗരസഭയിലുമായി രണ്ട് റൌണ്ടുകളിലായി ന്യൂസ് ഡയറക്ടർ ശരത് ചന്ദ്രന്‍റെ നേതൃത്വത്തിൽ പടക്കളം അവതരിപ്പിച്ചു. ഇത്തരത്തിലുള്ള ജനകീയസംവാദ പരിപാടികളുടെ കാര്യത്തിൽ മറ്റ് മാധ്യമങ്ങൾ ഏറെ പിന്നിലായിരുന്നു. ഇത്തരത്തിലുള്ള വാർത്താ ഇടപെടലുകളിലൂടെയാണ് മറ്റ് ചാനലുകളെ ബഹുദൂരം പിന്നിലാക്കാൻ കൈരളി ന്യൂസിന് സാധിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണം മൂർദ്ധന്യത്തിലെത്തിയ ഘട്ടത്തിൽ മലയാളി ചെറുപ്പക്കാർ ഏറ്റവുമധികം കാണുന്ന ചാനലായി കൈരളി ന്യൂസ് മാറിയത് വേറിട്ടതും വസ്തുനിഷ്ഠവുമായ വാർത്താസമീപനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News