
വാളയാർ കേസിൽ അടുത്ത ബന്ധുവിന്‍റെ നിർണായക വെളിപ്പെടുത്തലുകൾ കൈരളി ന്യൂസിന്. വാളയാറിലെ പീഡനത്തിനിരയായി ജീവനൊടുക്കിയ പെൺകുട്ടികളുടെ മാതാവിന്‍റെ അച്ഛന്‍റെ അനിയൻ സി കൃഷ്ണനാണ് കൈരളി ന്യൂസിനോട് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയത്.
വാളയാറിലെ 13 വയസുകാരി തൂങ്ങിമരിച്ച മുറിയിൽ മദ്യകുപ്പികളും ചീട്ട് കെട്ടുകളും ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. 13 വയസ്സുകാരിയുടെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട് പോലീസിന് മൊഴി കൊടുക്കാൻ 9 വയസുകാരി തയ്യാറായിരുന്നു. എന്നാൽ, കുട്ടിയെ മൊഴി കൊടുക്കാൻ മാതാവ് സമ്മതിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. കുറച്ചുദിവസം തന്റെ വീട്ടിൽ കുട്ടികളുടെ അമ്മയും കുടുംബവും താമസിച്ചിരുന്നു. മദ്യപിച്ചതിനാൽ വീട്ടിൽ നിന്നും പോകാൻ പറഞ്ഞു. 13 വയസുകാരിയുടെ നെഞ്ചിലും കാലിൻ്റെ തുടയിലും പൊള്ളിയ പാടുണ്ടായിരുന്നു. ബീഡി കൊണ്ട് പൊള്ളിച്ചതാകാമെന്നും സി കൃഷ്ണൻ പറഞ്ഞു.
വാളയാർ പീഡന കേസിൽ പെൺകുട്ടികളുടെ അമ്മയെയും രണ്ടാനച്ഛനെയും മൂന്നു കേസുകളിൽ കൂടി സിബിഐ ദിവസങ്ങൾക്ക് മുമ്പ് പ്രതി ചേർത്തിരുന്നു. പെൺകുട്ടികളുടെ മാതാപിതാക്കൾ ലൈംഗിക പീഡനത്തിനും ആത്മഹത്യയ്ക്കും പ്രേരണ നൽകിയതായി സിബിഐ അന്വേഷണത്തിൽ വ്യക്തമായിരുന്നു. കോടതി അംഗീകരിച്ച മൂന്നു പുതിയ കുറ്റപത്രങ്ങൾ ഉൾപ്പെടെ മാതാപിതാക്കൾ നിലവിൽ ഒമ്പത് കേസുകളിൽ പ്രതികളാണ്. പ്രായപൂർത്തിയാകാത്ത പ്രതി ഉൾപ്പെട്ട രണ്ട് കേസുകളിൽ ഇരകളായവരുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുന്നതിനുള്ള റിപ്പോർട്ടും സിബിഐ കോടതിയിൽ സമർപ്പിച്ചതിലുണ്ട്. ഈ കേസുകൾ നിലവിൽ പാലക്കാട് ജുവനൈൽ ജസ്റ്റിസ് ബോർഡ് പരിഗണനയിലാണ്. ഈ രണ്ട് കേസുകളിൽ തുടരന്വേഷണം അനുവദിക്കുന്ന കാര്യം മാർച്ച് 25 ന് സിബിഐ കോടതി വീണ്ടും പരിഗണിക്കും. പ്രതിസ്ഥാനത്തുള്ള മാതാപിതാക്കളെ സമൻസ് അയച്ചു വിളിച്ചു വരുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും കോടതി മാർച്ച് 25 ന് തീരുമാനമെടുക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here