കൈരളി ന്യൂസ് ഓൺലൈനിന്റെ ഐഎഫ്എഫ്കെ സ്പെഷ്യൽ കവറേജ് ലോഗോ പ്രകാശനം നടന്‍ സന്തോഷ് കീഴാറ്റൂർ നിര്‍വഹിച്ചു. ‘ഫെസ്റ്റിവൽ ഫ്രെയിംസ്’ എന്ന പേരിലാകും ലോകസിനിമയുടെ മായികക്കാഴ്ചകളിലേക്ക് മലയാളിയെ ആനയിക്കുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ അതിമനോഹര മുഹൂർത്തങ്ങൾ കൈരളി ന്യൂസ് ഓൺലൈൻ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുക. ചടങ്ങിൽ കൈരളി ന്യൂസ് ഓൺലൈൻ വിഭാഗത്തെ പ്രതിനിധീകരിച്ച് സുബിൻ കൃഷ്ണശോബ്, ഹരിത ഹരിദാസ് , അരുണിമ പ്രദീപ്, ശ്രീജേഷ് സി ആചാരി, വിഷ്ണു പ്രസാദ് എന്നിവർ പങ്കെടുത്തു.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29ാമത് ഐഎഫ്എഫ്കെ ഇന്ന് വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യും.
15 തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകൾ പ്രേക്ഷകരിലേക്കെത്തും. നടി ശബാന ആസ്മി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ, സംവിധായക ആൻ ഹൂയിയെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിക്കും. ‘ഐ ആം സ്റ്റിൽ ഹിയർ’ ആണ് ഉദ്ഘാടന ചിത്രം. 13000ല്‍പ്പരം ഡെലിഗേറ്റുകള്‍ മേളയില്‍ പങ്കെടുക്കും. 100ഓളം ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി എത്തുന്നുണ്ട്. ഇന്ത്യന്‍ സംവിധായിക പായല്‍ കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ഡിസംബര്‍ 20ന് നടക്കുന്ന സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.
തിയേറ്ററുകളില്‍ ആകെ സീറ്റിന്റെ 70 ശതമാനം റിസര്‍വേഷന്‍ ചെയ്തവര്‍ക്കും 30 ശതമാനം റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്കുമായാണ് പ്രവേശനം അനുവദിക്കുന്നത്. മുതിര്‍ന്ന പൗരര്‍ക്ക് ക്യൂ നില്‍ക്കാതെ പ്രവേശനം അനുവദിക്കുന്നതാണ്. ഡെലിഗേറ്റുകള്‍ക്കായി കെ.എസ്.ആര്‍.ടി.സിയുടെ രണ്ട് ഇ-ബസുകള്‍ പ്രദര്‍ശനവേദികളെ ബന്ധിപ്പിച്ചുകൊണ്ട് പ്രത്യേക സൗജന്യ സര്‍വീസ് നടത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here