ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിതനായയൊരാൾ തിരക്കഥയും സംവിധാനവും ചെയ്ത സിനിമ ഇന്ന് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. വിദേശ രാജ്യത്തെ ഏതെങ്കിലും പ്രതിഭാധനൻ്റെ ചിത്രമാണ് നിങ്ങളുടെ മനസ്സിലേക്ക് എത്തുന്നതെങ്കിൽ തെറ്റി. രാകേഷ് കൃഷ്ണന്‍ കുരമ്പാല എന്ന പന്തളംകാരൻ്റെ കഥയാണിത്, അല്ല ജീവിതം. എല്ലാ പ്രതിസന്ധികളെയും പോരാടി അദ്ദേഹം കഥയെഴുതി സംവിധാനം ചെയ്ത കളം@24 എന്ന സിനിമ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തിയാണ് ഫാന്റസി- ഡ്രാമ വിഭാഗത്തിലുള്ള ഒരു സസ്പെന്‍സ് ത്രില്ലര്‍ രാഗേഷ് കൃഷ്ണന്‍ ഒരുക്കിയത്.
ആദ്യദിനം തന്നെ മികച്ച പ്രതികരണങ്ങളുമായി സിനിമ മുന്നേറുകയാണ്. അഞ്ച് ആല്‍ബവും മൂന്ന് ഹൃസ്വചിത്രവും ഒരുക്കിയ ശേഷമാണ് രാഗേഷ് സിനിമയൊരുക്കാന്‍ ഇറങ്ങിയത്. ഈ ചിത്രങ്ങള്‍ക്ക് പുരസ്‌കാരവും നേടി. ലോക സിനിമയില്‍ തന്നെ സെറിബ്രല്‍ പാള്‍സിയെ മറികടന്ന് സിനിമയെടുത്ത മറ്റാരെങ്കിലും ഉണ്ടോയെന്നത് സംശയമാണ്. രാകേഷിന്റെ ഇന്റര്‍വ്യൂകളും വൈറലാണ്. ആ ചെറുപ്പക്കാരന്‍ പിന്നിട്ട സഹനവഴികള്‍ ചിരിച്ചുകൊണ്ട് പറയുമ്പോള്‍ ആരുടെയും കണ്ണ് നിറയും. ഭക്ഷണം കഴിക്കാന്‍ പോലും കാശില്ലാതെ വന്നപ്പോള്‍ ബസ് സ്റ്റാന്‍ഡില്‍ ഷര്‍ട്ട് ഊരി പിച്ച എടുത്ത കാര്യം വരെ രാകേഷ് പങ്കുവെച്ചിട്ടുണ്ട്. സിനിമയോടുള്ള രാകേഷിന്റെ തീവ്രമായ സ്‌നേഹം പടം റിലീസ് ചെയ്യുന്നതില്‍ വരെ എത്തി.
സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഈ സിനിമയുടെ പ്രമോഷന് പത്രസമ്മേളനത്തില്‍ രാകേഷിനൊപ്പം പങ്കെടുത്തിരുന്നു. നിര്‍ഭാഗ്യവശാല്‍ നമ്മുടെ മുന്‍നിര മാധ്യമങ്ങള്‍ ഒന്നും അതിന് വലിയ പരിഗണന നല്‍കിയില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇവിടെ വരെയേ രാകേഷിന് ഓടാന്‍ പറ്റുകയുള്ളൂ, ഇനിയങ്ങോട്ട് ആ ബാറ്റണ്‍ രാകേഷ് സിനിമാപ്രേമികള്‍ക്ക് കൈമാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ കൊച്ചു സിനിമ ആകെ കുറച്ചു തിയേറ്ററുകളില്‍ മാത്രമേയുള്ളൂ. നിങ്ങളില്‍ സാധിക്കുന്നവരെല്ലാം അടുത്തുള്ള തിയേറ്ററില്‍ പോയി രാകേഷിന്റെ സിനിമ കാണണം. കണ്ടാല്‍ സോഷ്യല്‍ മീഡിയയിലോ സുഹൃത്തുക്കളോടോ അഭിപ്രായം പങ്കുവെക്കണം. പിന്തുണയ്ക്കണം. രാകേഷ് അത് അര്‍ഹിക്കുന്നുണ്ട്. കൊച്ചനുജനും സിനിമയ്ക്കും ഹൃദയം നിറഞ്ഞ ആശംസകളെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പന്തളം കുരമ്പാല കാര്‍ത്തിക ഭവനില്‍ രാധാകൃഷ്ണ കുറുപ്പിന്റെയും രമ കുറുപ്പിന്റെയും മകനാണ് രാഗേഷ്. ചരിത്രത്തില്‍ ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമയുമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here